ഗുജറാത്ത് മുൻമുഖ്യമന്ത്രി കേശുഭായ് പേട്ടൽ അന്തരിച്ചു
text_fieldsഅഹ്മദാബാദ്: ഗുജറാത്ത് മുൻ മുഖ്യമന്ത്രിയും ബി.ജെ.പിയുടെ മുതിർന്ന നേതാവുമായിരുന്ന കേശുഭായ് പട്ടേൽ (92) അന്തരിച്ചു. വ്യാഴാഴ്ച അഹ്മദാബാദിലെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യമെന്ന് മകൻ ഭാരത് പട്ടേൽ അറിയിച്ചു. കോവിഡ് രോഗമുക്തി നേടിയ ഇദ്ദേഹത്തിന് ശാരീരിക അസ്വസ്ഥത അനുഭവപ്പെട്ടതിനെ തുടർന്ന് അഹ്മദാബാദിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിക്കുകയായിരുന്നു. ആരോഗ്യനില മോശമാവുകയും ഹൃദയാഘാതം മൂലം മരണം സംഭവിക്കുകയുമായിരുെന്നന്ന് ആശുപത്രി വൃത്തങ്ങൾ വ്യക്തമാക്കി.
1928ൽ ജുനഗഡ് ജില്ലയിലെ വിസ്വഡർ നഗരത്തിലെ കർഷക കുടുംബത്തിലായിരുന്നു ജനനം. 1945ൽ രാഷ്ട്രീയ സ്വയം സേവക് സംഘ് (ആർ.എസ്.എസ്) പ്രവർത്തകനായാണ് രാഷ്ട്രീയ പ്രവേശനം. ആറുതവണ നിയമസഭാംഗമായിരുന്ന ഇദ്ദേഹം ഒരിക്കൽ ലോക്സഭയിലേക്കും തെരഞ്ഞെടുക്കപ്പെട്ടു. സംസ്ഥാനത്ത് ബി.ജെ.പിയെ പടുത്തുയർത്തുന്നതിൽ നിർണായക പങ്ക് വഹിച്ച കേശുഭായ് 1995ലും 1998- 2001 കാലഘട്ടത്തിലും ഗുജറാത്ത് മുഖ്യമന്ത്രിയായിരുന്നു. പാർട്ടിയിലെ പടലപ്പിണക്കം കാരണം രണ്ടു തവണയും മുഖ്യമന്ത്രിപദത്തിൽനിന്ന് രാജിവെക്കേണ്ടിയും വന്നു.
പട്ടേലിെൻറ പിൻഗാമിയായാണ് നരേന്ദ്ര മോദി ഗുജറാത്ത് മുഖ്യമന്ത്രി പദം ഏറ്റെടുക്കുന്നത്. 2012ൽ ബി.ജെ.പി വിട്ട് ഗുജറാത്ത് പരിവർതൻ പാർട്ടി രൂപവത്കരിച്ചു. എന്നാൽ, ആ വർഷം നടന്ന നിയമസഭ തെരഞ്ഞെടുപ്പിൽ പാർട്ടി ദയനീയ പ്രകടനമാണ് കാഴ്ച വെച്ചത്. തുടർന്ന് 2014ൽ പാർട്ടിയെ പട്ടേൽ ബി.ജെ.പിയിൽ ലയിപ്പിക്കുകയായിരുന്നു. ഏറെക്കാലം സൗരാഷ്ട്രയിലെ പ്രശസ്തമായ സോമനാഥ് ക്ഷേത്ര ട്രസ്റ്റ് ചെയർമാനായിരുന്നു. രാഷ്ട്രപതി രാംനാഥ് കോവിന്ദ്, പ്രധാനമന്ത്രി നരേന്ദ്ര മോദി, ഗുജറാത്ത് മുഖ്യമന്ത്രി വിജയ് രൂപാണി എന്നിവർ അനുശോചിച്ചു. സംസ്കാരം പൂർണ ഔദ്യോഗിക ബുഹമതികളോടെ നടക്കുമെന്ന് സംസ്ഥാന സർക്കാർ അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

