വിവാദ ഐ.പി.എസ് ഓഫിസർ പ്രവീൺ സൂദ് സി.ബി.ഐ മേധാവിയായി ചുമതലയേറ്റു
text_fieldsന്യൂഡൽഹി: വിവാദങ്ങളിൽ ഇടംപിടിച്ച കർണാടക മുൻ ഡി.ജി.പി പ്രവീൺ സൂദ് സി.ബി.ഐ മേധാവിയായി ചുമതലയേറ്റു. നിലവിലെ മേധാവി സുബോധ് കുമാർ ജയ്സ്വാളിന്റെ കാലാവധി പൂർത്തിയായതിനെ തുടർന്നാണ് സൂദിന്റെ നിയമനം.
കർണാടക കേഡറിലെ 1986 ബാച്ച് ഐ.പി.എസ് ഓഫിസറായ പ്രവീൺ സൂദിനെ 2018ലാണ് കർണാടക ഡി.ജി.പിയായി നിയമിച്ചത്. 2024 മേയിൽ സർവീസിൽ നിന്ന് വിരമിക്കേണ്ടതായിരുന്നു. എന്നാൽ, ഈ വർഷം മേയ് മുതൽ രണ്ട് വർഷത്തേക്കുള്ള നിയമനം അഞ്ച് വർഷം വരെ കേന്ദ്ര സർക്കാറിന് നീട്ടിക്കൊടുക്കാനാകും.
പ്രധാനമന്ത്രി നരേന്ദ്ര മോദി, സുപ്രീംകോടതി ചീഫ് ജസ്റ്റിസ് ഡി.വൈ ചന്ദ്രചൂഢ്, പ്രതിപക്ഷ കക്ഷി നേതാവ് ആധിർ രഞ്ജൻ ചൗധരി എന്നിവരുടെ കൂടിക്കാഴ്ചയിലാണ് പുതിയ സി.ബി.ഐ മേധാവിയെ തെരഞ്ഞെടുത്തത്. കർണാടക നിയമസഭ തെരഞ്ഞെടുപ്പിൽ ബി.ജെ.പി നിലംപൊത്തിയതിന് പിന്നാലെയാണ് കോൺഗ്രസിന്റെ കണ്ണിലെ കരടായ ഉന്നത പൊലീസ് ഉദ്യോഗസ്ഥനെ കേന്ദ്ര അന്വേഷണ ഏജൻസിയുടെ തലപ്പത്തേക്ക് കേന്ദ്രം നിയമിക്കുന്നത്.
മധ്യപ്രദേശ് ഡി.ജി.പി സുധീർ സക്സേന, മുതിർന്ന ഐ.പി.എസ് ഓഫിസർമാരായ ദിങ്കർ ഗുപ്ത, താജ് ഹസൻ എന്നിവരുടെ പേരുകളാണ് മൂന്നംഗ സമിതിയുടെ പരിഗണനയിലുണ്ടായിരുന്നത്. ബി.ജെ.പിയുടെ സംരക്ഷകനെന്ന ആക്ഷേപം നേരിടുന്ന സൂദിനെ സി.ബി.ഐ ഡയറക്ടറായി നിയമിക്കുന്നതിൽ അധിർ രഞ്ജൻ ചൗധരി ശക്തമായ വിയോജിപ്പ് രേഖപ്പെടുത്തിയിരുന്നു.
കർണാടകയിൽ കോൺഗ്രസ് നേതാക്കൾക്കെതിരെ നിരന്തരം കേസുകൾ രജിസ്റ്റർ ചെയ്തിരുന്ന പ്രവീൺ സൂദ്, പക്ഷപാതപരമായ നിലപാട് സ്വീകരിക്കുകയാണെന്ന് പി.സി.സി അധ്യക്ഷൻ ഡി.കെ. ശിവകുമാർ പരസ്യപ്രസ്താവന നടത്തിയതോടെയാണ് വിവാദ കേന്ദ്രമായത്. സൂദിനെ അറസ്റ്റ് ചെയ്യണമെന്നും ശിവകുമാർ ആവശ്യപ്പെട്ടിരുന്നു.