ജസ്റ്റിസ് രജീന്ദർ സച്ചാർ അന്തരിച്ചു
text_fieldsന്യൂഡൽഹി: പ്രമുഖ നിയമജ്ഞനും മനുഷ്യാവകാശ പ്രവർത്തകനുമായ ജസ്റ്റിസ് രജീന്ദർ സച്ചാർ അന്തരിച്ചു. ഡൽഹിയിലെ സ്വകാര്യ ആശുപത്രിയിൽ െവള്ളിയാഴ്ച ഉച്ചക്ക് 12 മണിയോടെയാണ് അന്ത്യം. 94 വയസ്സായിരുന്നു. വാർധക്യസഹജമായ രോഗങ്ങളെ തുടർന്ന് ഡൽഹിയിലെ ഫോർട്ടിസ് ആശുപത്രിയിൽ കഴിഞ്ഞയാഴ്ചയാണ് അദ്ദേഹത്തെ പ്രവേശിപ്പിച്ചത്. വെള്ളിയാഴ്ച വൈകീട്ട് ലോധിറോഡിലെ വൈദ്യുതി ശ്മശാനത്തിൽ സംസ്കാരം നടന്നു.
ഇന്ത്യ-പാക് വിഭജനത്തിനുശേഷം ഇന്ത്യയിലേക്ക് പറിച്ചുനട്ട കുടുംബമാണ് ജസ്റ്റിസ് രജീന്ദർ സച്ചാറിേൻറത്. 1923 ഡിസംബർ 22ന് പാകിസ്താനിലെ ലാഹോറിലായിരുന്നു ജനനം. പിതാവ് ഭീം സെൻ സച്ചാർ പഞ്ചാബ് മുഖ്യമന്ത്രിയായിരുന്നു. വിഭജനത്തെ തുടർന്ന് ഇന്ത്യയിലേക്ക് വന്ന സച്ചാർ പിന്നീട് 1952ൽ അഭിഭാഷകനായി സേവനം തുടങ്ങി. 1960ൽ സുപ്രീംകോടതിയിൽ പ്രാക്ടിസ് തുടങ്ങിയ സച്ചാറിനെ 10 വർഷത്തിനുശേഷം ഡൽഹി ഹൈകോടതി അഡീഷനൽ ജഡ്ജിയായി നിയമിച്ചതോടെയാണ് ന്യായാധിപ ജീവിതം തുടങ്ങുന്നത്.
സിക്കിം, ഡൽഹി ഹൈകോടതികളിൽ ചീഫ് ജസ്റ്റിസായി സേവനമനുഷ്ഠിച്ചു. ന്യായാധിപനായിരിക്കെ അടിയന്തരാവസ്ഥക്കെതിരെ ശക്തമായ നിലപാടെടുത്തതിന് ജസ്റ്റിസ് സച്ചാറിനെ സ്ഥലംമാറ്റിയിരുന്നു. ന്യായാധിപ സ്ഥാനത്തുനിന്ന് വിരമിച്ച ശേഷം മനുഷ്യാവകാശ പ്രസ്ഥാനങ്ങളുമായി ബന്ധപ്പെട്ട് പ്രവർത്തിച്ച ജസ്റ്റിസ് സച്ചാർ പീപ്ൾസ് യൂനിയൻ ഫോർ സിവിൽ ലിബർട്ടീസിെൻറ (പി.യു.സി.എൽ) അമരക്കാരനായിരുന്നു.
രാജ്യത്തെ മുസ്ലിംകളുടെ സാമൂഹിക, സാമ്പത്തിക, വിദ്യാഭ്യാസ സാഹചര്യങ്ങൾ പഠിക്കാൻ ഡോ. മൻമോഹൻ സിങ്ങിെൻറ നേതൃത്വത്തിലുള്ള യു.പി.എ സർക്കാർ നിയോഗിച്ച സമിതിയുടെ അധ്യക്ഷനായിരുന്നു. സമിതിയുടെ റിപ്പോർട്ട് സച്ചാർ കമ്മിറ്റി റിപ്പോർട്ടായി അറിയപ്പെട്ടു. 2006 നവംബറിലാണ് സമിതി റിപ്പോർട്ട് പാർലമെൻറിന് സമർപ്പിച്ചത്. പ്രമുഖ പത്രപ്രവർത്തകൻ കുൽദീപ് നയാറുടെ സഹോദരി പരേതയായ രാജ് സച്ചാറാണ് ഭാര്യ. മക്കൾ: സഞ്ജീവ് സച്ചാർ, മധു സച്ചാർ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
