പൊളിക്കൽ നടപടികൾക്കെതിരെ പ്രതിഷേധം; ഡൽഹി പ്രതിപക്ഷ നേതാവ് അതിഷി അറസ്റ്റിൽ
text_fieldsന്യൂഡൽഹി: കയ്യേറ്റ വിരുദ്ധ നീക്കത്തിനെതിരെ നടന്ന പ്രതിഷേധത്തിൽ പങ്കെടുത്തതിന് ഡൽഹി മുൻ മുഖ്യമന്ത്രിയും പ്രതിപക്ഷ നേതാവുമായ അതിഷിയെ അറസ്റ്റ് ചെയ്ത് ഡൽഹി പൊലീസ്. കൽക്കാജി എക്സറ്റൻഷനിലെ ഭൂമിഹീൻ ക്യാമ്പിൽ ഡൽഹി വികസന അതോറിറ്റി (ഡി.ഡി.എ) നടത്തിയ പൊളിക്കൽ നടപടികൾക്കെതിരെ പ്രതിഷേധിക്കവേയാണ് അറസ്റ്റ്. സ്ഥലത്തെ എല്ലാ താമസക്കാരും അവരുടെ സ്ഥലം ഒഴിയണമെന്നാവശ്യപ്പെട്ട് നേരത്തെ ഡി.ഡി.എ ഔദ്യോഗിക നോട്ടീസ് നൽകിയിരുന്നു. ഇതിന് പിന്നാലെയാണ് അധികൃതർ പൊളിക്കൽ നടപടികളുമായി രംഗത്തെത്തിയത്.
കുടിയേറ്റ തൊഴിലാളികൾ കൂടുതലായി താമസിക്കുന്ന പ്രദേശത്ത് കൂടുതൽ പൊലീസിനെയും സി.ആർ.പി.എഫിനെയും വിന്യസിക്കുന്നതിനെക്കുറിച്ച് അതിഷി നേരത്തെ ആശങ്ക പ്രകടിപ്പിച്ചിരുന്നു. 'നാളെ ബി.ജെ.പി ഭൂരഹിത ക്യാമ്പിൽ ബുൾഡോസർ ഓടിക്കാൻ പോകുന്നു. ഇന്ന് ചേരി നിവാസികൾ പ്രതിഷേധിക്കാൻ പോകുകയാണ്. അതിനാൽ ബി.ജെ.പി സർക്കാർ ആയിരക്കണക്കിന് പൊലീസിനെയും സി.ആർ.പി.എഫിനെയും അയച്ചു.' അവർ എഴുതി. പൊളിക്കൽ നടപടികളൊന്നും ഉണ്ടാവില്ലെന്നു പറഞ്ഞ ഡൽഹി മുഖ്യമന്ത്രിയും ബി.ജെ.പി നേതാവുമായ രേഖ ഗുപ്തയെ ലക്ഷ്യം വെച്ചാണ് അവരുടെ പരാമർശങ്ങൾ. രേഖ ഗുപ്ത ജി ഒരു ചേരിയും പൊളിച്ചുമാറ്റില്ലെന്ന് താങ്കൾ പറഞ്ഞിരുന്നില്ലേ.. പിന്നെ എന്തിനാണ് ഇത്രയധികം പൊലീസിനെയും സി.ആർ.പി.എഫിനെയും വിന്യസിച്ചിരിക്കുന്നത് എന്ന് ചോദിച്ചുകൊണ്ട് അതിഷി ഈ വൈരുദ്ധ്യത്തെ ചോദ്യം ചെയ്തത്.
ഒരു വർഷത്തിൽ ഇത് മൂന്നാമത്തെ പൊളിച്ചുനീക്കലാണെന്നും അതിഷി എക്സിൽ കുറിച്ചു. ബി.ജെ.പി സർക്കാരിന്റെ ഏകപക്ഷീയമായ നടപടി കാരണം നിരവധി പേർക്കാണ് തൊഴിൽ നഷ്ടപ്പെടുന്നതെന്നും വ്യക്തമാക്കി. ആയിരക്കണക്കിന് കുടുംബങ്ങളെ പിന്തുണക്കാനാണ് താനിവിടെ എത്തിയതെന്നും അതിഷി പറഞ്ഞു. പ്രദേശവാസികൾ ഒരിക്കലും ക്ഷമിക്കില്ലെന്നും ഇനി ഒരിക്കലും ബി.ജെ.പി അധികാരത്തിൽ തിരിച്ച് വരില്ലെന്നും അതിഷി കൂട്ടിച്ചേർത്തു.
അതേസമയം കോടതി നിർദ്ദേശിച്ച പൊളിക്കൽ ഉത്തരവുകൾ അധികാരികൾക്ക് മറികടക്കാൻ കഴിയില്ലെന്ന് രേഖ ഗുപ്ത അറിയിച്ചു. കുടിയിറക്കപ്പെട്ട താമസക്കാർക്ക് ബദൽ താമസ സൗകര്യങ്ങൾ ഒരുക്കിയിട്ടുണ്ടെന്നും അവർ വാദിച്ചു. പൊളിക്കൽ നടക്കുന്ന സ്ഥലത്തേക്ക് പോകുന്നത് സുരക്ഷിതമല്ലെന്നും ഡി.ഡി.എ നോട്ടീസ് പ്രകാരം മൂന്നു ദിവസത്തിനുള്ളിൽ താമസക്കാരോട് സ്വമേധയാ ഒഴിഞ്ഞ് പോകണമെന്നും അല്ലാത്തപക്ഷം നിർബന്ധിത കുടിയൊഴിപ്പിക്കൽ നേരിടേണ്ടി വരുമെന്ന് നിർദേശിച്ചിരുന്നുവെന്നും ഉദ്യോഗസ്ഥർ പറഞ്ഞു. അനധികൃത കുടിയേറ്റമാണ് ഭൂമിഹീൻ ക്യാമ്പിൽ ഉണ്ടായതെന്നാണ് വിവരം. ഹൈകോടതിയുടെ നിർദേശപ്രകാരമാണ് അധികൃതർ പൊളിക്കൽ നടപടികളിലേക്ക് കടന്നതെന്നും റിപ്പോർട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

