യുക്രൈൻ റഷ്യ തർക്കത്തിൽ മധ്യസ്ഥനായി ജസ്റ്റിസ് ഡി.വൈ ചന്ദ്രചൂഡ്
text_fieldsഡി.വൈ ചന്ദ്രചൂഡ്
ന്യൂഡൽഹി: യുക്രെയ്നിലെ പ്രമുഖ പൊതുമേഖലാ ബാങ്കായ 'ഓസ്ചാഡ്ബാങ്കു'മായി നിലനിൽക്കുന്ന അന്താരാഷ്ട്ര നിക്ഷേപ തർക്കത്തിൽ മുൻ ഇന്ത്യൻ ചീഫ് ജസ്റ്റിസ് ഡി.വൈ. ചന്ദ്രചൂഡിനെ തങ്ങളുടെ ആർബിട്രേറ്ററായി റഷ്യ നിയമിച്ചു. 1998-ൽ റഷ്യയും യുക്രെയ്നും തമ്മിൽ ഒപ്പുവെച്ച ഉഭയകക്ഷി നിക്ഷേപ കരാറിന്റെ അടിസ്ഥാനത്തിലാണ് ഈ തർക്കപരിഹാര നടപടികൾ ആരംഭിച്ചിരിക്കുന്നത്.
2022-ലെ സൈനിക അധിനിവേശത്തിന് ശേഷം ഡോണെട്സ്ക്, ലുഹാന്സ്ക്, ഖേർസൺ, സാപോറീഷ്യ എന്നീ മേഖലകളിൽ പ്രവർത്തിച്ചിരുന്ന ബാങ്കിന്റെ സ്വത്തുക്കളും പ്രവർത്തനങ്ങളും റഷ്യ പിടിച്ചെടുത്തതിലൂടെ നഷ്ടപ്പെട്ടു എന്ന് ചൂണ്ടിക്കാട്ടിയാണ് ഓസ്ചാഡ്ബാങ്ക് നിയമനടപടി സ്വീകരിച്ചത്. നൂറുകണക്കിന് ദശലക്ഷം ഡോളറിന്റെ നഷ്ടപരിഹാരമാണ് ബാങ്ക് ആവശ്യപ്പെടുന്നത്. 2025 ജൂലൈയിൽ നൽകിയ തർക്കപരിഹാര നോട്ടീസിന് റഷ്യ മറുപടി നൽകാതിരുന്നതിനെ തുടർന്നാണ് ബാങ്ക് ആർബിട്രേഷനെ സമീപിച്ചത്.
കേസ് പരിഗണിക്കുന്ന മൂന്നംഗ ട്രിബ്യൂണലിന്റെ അധ്യക്ഷയായി കോസ്റ്റാറിക്കൻ ആർബിട്രേറ്ററും മുൻ വാണിജ്യ മന്ത്രിയുമായ ദ്യാലാ ജിമെനെസിനെ ഇരുവിഭാഗവും സംയുക്തമായി തിരഞ്ഞെടുത്തു. ഓസ്ചാഡ്ബാങ്കിന്റെ ആർബിട്രേറ്ററായി ഗ്രീക്ക് നിയമവിദഗ്ദ്ധനും നാഷണൽ യൂണിവേഴ്സിറ്റി ഓഫ് സിംഗപ്പൂരിലെ പ്രൊഫസറുമായ സ്റ്റാവ്രോസ് ബ്രെകൗലാക്കിസും പ്രവർത്തിക്കും.
മുമ്പ് വിന്റർഷാൽ ഡിയാ , യുക്രൈനർഗോ എന്നീ കമ്പനികൾ റഷ്യക്കെതിരെ നൽകിയ ഹർജികളിലും ആർബിട്രേറ്ററാകാൻ റഷ്യ ജസ്റ്റിസ് ചന്ദ്രചൂഡിനെ സമീപിച്ചിരുന്നെങ്കിലും അന്ന് അദ്ദേഹം അത് നിരസിക്കുകയായിരുന്നു. പെർമനന്റ് കോർട്ട് ഓഫ് ആർബിട്രേഷൻ അദ്ദേഹത്തെ നിയമന അധികാരിയായി നിശ്ചയിച്ച അതേ സമയത്തായിരുന്നു റഷ്യയുടെ ആ സമീപനം എന്നതിനാൽ, പരസ്യ വെളിപ്പെടുത്തൽ നടത്തിയ ശേഷം അദ്ദേഹം ആ പദവിയിൽ നിന്ന് ഒഴിയുകയായിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

