ഗുവാഹത്തി: അസം മുൻ മുഖ്യമന്ത്രിയും മുതിർന്ന കോൺഗ്രസ് നേതാവുമായ തരുൺ ഗൊഗോയിക്ക് കോവിഡ് സ്ഥിരീകരിച്ചു. ഗൊഗോയി ട്വിറ്ററിലൂടെയാണ് ഇക്കാര്യം അറിയിച്ചത്.
കഴിഞ്ഞ ദിവസം നടത്തിയ കോവിഡ് പരിേശാധനയിൽ പോസിറ്റീവാണെന്ന് സ്ഥിരീകരിച്ചുവെന്നും താനുമായി കഴിഞ്ഞ ദിവസങ്ങളിൽ സമ്പർക്കത്തിലുള്ളവർ പരിശോധനക്ക് വിധേയമാകണെമന്നും അദ്ദേഹം ട്വീറ്റ് ചെയ്തു.
85കാരനായ ഗൊഗോയിക്ക് നേരിയ രോഗലക്ഷണങ്ങളുണ്ടെന്നും അദ്ദേഹം നിലവിൽ സ്വന്തം വസതിയിൽ ക്വാറൻറീനിൽ കഴിയുകയാണെന്നും അസം കോൺഗ്രസ് വക്താവ് അറിയിച്ചു.
അസമിൽ ഇതുവരെ 94,592 കോവിഡ് കേസുകളാണ് റിപ്പോർട്ട് ചെയ്തത്. കോവിഡ് ബാധിച്ച് 260 പേർ മരിക്കുകയും ചെയ്തു. ചൊവ്വാഴ്ച നടത്തിയ 34,307 പരിശോധനയിൽ 1,973 പേർ പോസിറ്റീവായിരുന്നു.
ബരാക് വാലി മേഖലയിലെ മൂന്ന് ജില്ലകളിൽ സെപ്റ്റംബർ നാല് അസം സർക്കാർ 10 ദിവസത്തെ ലോക്ക്ഡൗൺ ഏർപ്പെടുത്തിയിട്ടുണ്ട്.
സംസ്ഥാനത്തുടനീളം രാത്രി 9.30 മുതൽ പുലർച്ചെ 5 വരെ കർഫ്യൂ ഏർപ്പെടുത്തിയിട്ടുണ്ട്.