പിരിച്ചുവിട്ടതിൽ പക; സെക്കന്തരാബാദ് ആർമി ക്യാമ്പിൽ നിന്ന് ആയുധങ്ങൾ മോഷ്ടിച്ച കേസിൽ മുൻ ആർമി സൈനികൻ അറസ്റ്റിൽ
text_fieldsമോഷണം പോയ ആയുധം
ന്യൂഡൽഹി: സെക്കന്തരാബാദ് ബൊല്ലാറം കന്റോൺമെന്റിലെ മദ്രാസ് റെജിമെന്റിന്റെ ആയുധപ്പുരയിൽ നിന്ന് അത്യാധുനിക ആയുധങ്ങളും വെടിക്കോപ്പുകളും മോഷ്ടിച്ച കേസിൽ മുൻ ആർമി ഹവിൽദാർ തെലങ്കാന പൊലീസിന്റെ പിടിയിലായി. നാഗർകർണൂൽ സ്വദേശിയായ ഉപ്പുത്തൊള്ള മല്ലേഷ് (37) ആണ് അറസ്റ്റിലായത്.
കഴിഞ്ഞ മാസം അവസാനം നടന്ന ഈ വലിയ സുരക്ഷാ വീഴ്ചയോടെ കന്റോൺമെന്റ് പ്രദേശം കനത്ത ജാഗ്രതയിലായിരുന്നു. 2010ൽ ഇന്ത്യൻ സൈന്യത്തിൽ ചേർന്ന മല്ലേഷ് 16 വർഷത്തോളം സേവനം അനുഷ്ഠിച്ചിട്ടുണ്ട്. എന്നാൽ അച്ചടക്കമില്ലായ്മയെയും ആരോഗ്യപ്രശ്നങ്ങളെയും തുടർന്ന് ഈ വർഷം ജൂൺ 30ന് ഇയാളെ നിർബന്ധിത വിരമിക്കലിന് വിധേയനാക്കിയിരുന്നു.
ഇതിലുണ്ടായ കടുത്ത നിരാശയും അമർഷവുമാണ് മേലധികാരികൾക്കെതിരെ ഇത്തരത്തിലുള്ളൊരു കവർച്ച നടത്താൻ പ്രതിയെ പ്രേരിപ്പിച്ചതെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം. ആർമി ക്യാമ്പിന്റെ ഉള്ളറകളും ലേഔട്ടും കൃത്യമായി അറിയാമായിരുന്ന മല്ലേഷ്, കഴിഞ്ഞ ആഗസ്റ്റ് 30ന് രാത്രി 11 മണിയോടെയാണ് കന്റോൺമെന്റിലേക്ക് എത്തിയത്. സുരക്ഷാ ഉദ്യോഗസ്ഥർക്ക് പരിചിതനായ മുഖമായതിനാൽ ഇയാൾക്ക് പ്രവേശനം എളുപ്പമാവുകയായിരുന്നു.
ക്യാമ്പിലെ കോട്ടെ റൂമിൽ നിന്നും മാഗസിൻ റൂമിൽ നിന്നും ആയുധങ്ങൾ മോഷ്ടിച്ച ശേഷം മല്ലേഷ് തന്റെ ഇരുചക്രവാഹനത്തിൽ തൊട്ടടുത്തുള്ള ഒരു ക്ഷേത്രപരിസരത്തേക്ക് മാറ്റുകയായിരുന്നു. കണ്ടെടുത്ത ആയുധങ്ങൾനാല് AK-203 അസാൾട്ട് റൈഫിളുകൾ, ആറ് 9 എം.എം പിസ്റ്റളുകൾ, ഒരു ഇൻസാസ് (INSAS) റൈഫിൾ എന്നിവയുൾപ്പെടെയുള്ള ആയുധങ്ങളും, നഷ്ടപ്പെട്ട വെടിക്കോപ്പുകളും മാഗസിനുകളും പൊലീസ് വിജയകരമായി വീണ്ടെടുത്തു.
AK-203 റൈഫിളുകളുടെയും മറ്റ് തോക്കുകളുടെയും ആയിരത്തിലധികം വെടിയുണ്ടകളും ഒരു പാസീവ് നൈറ്റ് വിഷൻ ബൈനോക്കുലറും ഇയാളുടെ പക്കൽ നിന്ന് പിടിച്ചെടുത്തിട്ടുണ്ട്. സംഭവത്തിന് പിന്നിൽ ഭീകരവാദ ബന്ധങ്ങളോ ലഹരി മാഫിയകളോ ഉണ്ടോ എന്ന് അറിയാൻ വിവിധ കോണുകളിൽ പൊലീസ് അന്വേഷണം വ്യാപിപ്പിച്ചിരുന്നു.
എന്നാൽ പ്രതിയുടെ വ്യക്തിപരമായ പകയും പ്രതികാരചിന്തയുമാണ് ഇതിന് കാരണമെന്ന് പിന്നീട് വ്യക്തമായി. നൂറിലധികം പേരെ ചോദ്യം ചെയ്യുകയും സി.സി.ടി.വി ദൃശ്യങ്ങളും സാങ്കേതിക തെളിവുകളും പരിശോധിക്കുകയും ചെയ്ത ശേഷമാണ് പൊലീസ് പ്രതിയെ പിടികൂടിയത്. കേസ് രജിസ്റ്റർ ചെയ്യുകയും പ്രതിയെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്യുകയും ചെയ്തിട്ടുണ്ട്. ആയുധങ്ങളും വെടിക്കോപ്പുകളും സുരക്ഷിതമായി തിരിച്ചുകിട്ടിയത് വലിയൊരു സുരക്ഷാ പ്രതിസന്ധിയാണ് ഒഴിവാക്കിയതെന്ന് സൈനിക ഉദ്യോഗസ്ഥരും വിലയിരുത്തി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

