ചാമുണ്ഡി ഹിൽസിൽ സ്വകാര്യ വാഹനങ്ങൾക്ക് ‘ഗ്രീൻ സെസ്’; അനുമതി തേടി കർണാടക വനംവകുപ്പ്
text_fieldsമൈസൂരു: വിനോദസഞ്ചാര-തീർഥാടന കേന്ദ്രമായ മൈസൂരു ചാമുണ്ഡി ഹിൽസിന്റെ പരിസ്ഥിതിയും ജൈവവൈവിധ്യവും സംരക്ഷിക്കാൻ സ്വകാര്യ വാഹനങ്ങളിൽനിന്ന് ‘ഗ്രീൻ സെസ്’ ഈടാക്കാൻ നീക്കം. ബന്ദിപ്പൂർ കടുവാസങ്കേതത്തിന് സമാനമായ രീതിയിൽ ഫീസ് ഈടാക്കാനുള്ള അനുമതിക്കായി മൈസൂരു ഡി.സി.എഫ് കെ. പരമേശ, വനംവകുപ്പ് മേധാവിക്കും മൈസൂരു ഡി.സി ജി. ലക്ഷ്മികാന്ത് റെഡ്ഡിക്കും കത്തയച്ചു.
കുന്നിന്റെ പവിത്രതയും പ്രകൃതിസമ്പത്തും സംരക്ഷിക്കുക, കൂടുതൽ ജീവനക്കാരെ നിയോഗിക്കുക, സി.സി.ടി.വി കാമറകൾ സ്ഥാപിച്ച് നിരീക്ഷണം ശക്തമാക്കുക തുടങ്ങിയവയാണ് ഫീസ് ഈടാക്കുന്നതിലൂടെ ലക്ഷ്യമിടുന്നത്.
ചാമുണ്ഡി ഹിൽസിൽ പ്രതിദിനം ശരാശരി 15,000 വും അവധിദിവസങ്ങളിൽ 30,000 മുതൽ 50,000 വരെയും സന്ദർശകർ എത്തുന്നതായാണ് കണക്ക്. എന്നാൽ, പ്രദേശത്തെ മാലിന്യം നീക്കം ചെയ്യാനും നിയമലംഘനങ്ങൾ തടയാനും ഒരു ഫോറസ്റ്റ് ഓഫിസറും മൂന്ന് ഗാർഡുകളും മാത്രമാണുള്ളത്.
പ്ലാസ്റ്റിക് നിരോധിത മേഖലയാണെങ്കിലും, ക്ഷേത്രപരിസരത്തും റോഡുകളിലും വനത്തിനുള്ളിലും മാലിന്യം തള്ളൽ പതിവാണ്. 2025 ഏപ്രിൽ മുതൽ 2026 മാർച്ച് വരെ മാലിന്യം വലിച്ചെറിഞ്ഞതുമായി ബന്ധപ്പെട്ട 390 കേസുകൾ രജിസ്റ്റർ ചെയ്തു. നിയമലംഘനങ്ങൾക്ക് 3.26 ലക്ഷം രൂപ പിഴയും ചുമത്തി.
2023 സെപ്റ്റംബർ മുതൽ ചാമുണ്ഡി ഹിൽസിൽ പ്ലാസ്റ്റിക് ഉപയോഗം, റോഡിലും വനത്തിലും ഭക്ഷണം ഉപേക്ഷിക്കൽ, വനമേഖലയിലേക്ക് അതിക്രമിച്ച് കടക്കൽ, റോഡരികിൽ അലക്ഷ്യമായി വാഹനങ്ങൾ പാർക്ക് ചെയ്യൽ എന്നിവക്ക് കർശന നിരോധനം ഏർപ്പെടുത്തിയിട്ടുണ്ട്.
മൈസൂർ നഗരത്തിന്റെ എല്ലാ കോണുകളിൽ നിന്നും ഏകദേശം 8 മുതൽ 10 കിലോമീറ്റർ വരെ ദൂരത്തിൽനിന്ന് ചാമുണ്ഡി ഹിൽസ് കാണാൻ കഴിയും. സമുദ്രനിരപ്പിൽനിന്ന് ഏകദേശം 3,489 അടി ഉയരത്തിലുള്ള ചാമുണ്ഡി ഹിൽസിനു മുകളിലാണ് ചാമുണ്ഡേശ്വരി ക്ഷേത്രം സ്ഥിതി ചെയ്യുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

