നൗഗാം സ്ഫോടനം അട്ടിമറിയില്ല, അപകടം തന്നെയെന്ന് ഫോറൻസിക് റിപ്പോർട്ട്
text_fieldsസ്ഫോടന ശേഷം ശ്രീനഗറിലെ നൗഗാം പൊലീസ് സ്റ്റേഷൻ ഭാഗത്തേക്കുള്ള വഴി അടച്ച സുരക്ഷ ഉദ്യോഗസ്ഥരോട് പ്രവേശന അനുമതി തേടുന്ന തദ്ദേശീയ വനിത
ശ്രീനഗർ: ജമ്മു-കശ്മീരിലെ നൗഗാമിൽ വെള്ളിയാഴ്ച പൊലീസ് സ്റ്റേഷൻ വളപ്പിൽ ഒമ്പതുപേർ മരിക്കാനിടയായ സ്ഫോടനത്തിൽ അട്ടിമറിയില്ലെന്നും അപകടം തന്നെയെന്നും ഫോറൻസിക് വിഭാഗത്തിന്റെ പ്രാഥമികാന്വേഷണ റിപ്പോർട്ട്. വൻതോതിൽ സ്ഫോടകവസ്തുക്കൾ സൂക്ഷിച്ചയിടത്ത് ശക്തിയുള്ള ലൈറ്റിട്ടത് അപകടത്തിനിടയാക്കിയിട്ടുണ്ടാകാമെന്ന സാധ്യതയാണ് അധികൃതർ പങ്കുവെക്കുന്നത്. കേന്ദ്ര ഫോറൻസിക് ലാബിൽനിന്നുള്ള വിദഗ്ധർ സ്ഥലം സന്ദർശിച്ചു. ഡൽഹി സ്ഫോടനത്തിനു ശേഷം നടത്തിയ റെയ്ഡിൽ ഹരിയാനയിലെ ഫരീദാബാദിൽനിന്ന് കണ്ടെടുത്ത സ്ഫോടകവസ്തുക്കളാണ് കൂടുതൽ പരിശോധനക്കായി നൗഗാമിൽ എത്തിച്ചത്. ഇവിടെനിന്ന് സാമ്പ്ൾ ശേഖരിക്കുന്നതിനിടെയാണ് ഉഗ്ര സ്ഫോടനമുണ്ടായത്.
പാക്ക് ചെയ്തിരുന്ന അവസാനത്തെ ഏതാനും പെട്ടികളിൽ അസെറ്റോഫിനോൻ, ഹൈഡ്രജൻ പെറോക്സൈഡ്, സൾഫ്യൂരിക് ആസിഡ് എന്നിവയുടെ മിശ്രിതം ഉണ്ടായിരുന്നിരിക്കാനാണ് സാധ്യതയെന്നും സൂക്ഷ്മപരിശോധനക്കായി ശക്തിയുള്ള വെളിച്ചം അടുത്ത് കൊണ്ടുവന്നപ്പോൾ പുറത്തെ ചൂടിന്റെ കൂടി സ്വാധീനത്താൽ പൊട്ടിത്തെറിച്ചതാകാമെന്നുമാണ് അധികൃതരുടെ നിഗമനം.
സൾഫ്യൂരിക് ആസിഡിൽനിന്ന് തീ പടർന്നതാകാനാണ് മറ്റൊരു സാധ്യത. അതിജാഗ്രതയോടെയാണ് സ്ഫോടകവസ്തുക്കൾ കൈകാര്യം ചെയ്തിരുന്നതെന്നും തീവ്രവാദി ആക്രമണത്തിനും അട്ടിമറിക്കും ഒരു പഴുതുമില്ലെന്നും ജമ്മു-കശ്മീർ പൊലീസ് ഡയറക്ടർ ജനറൽ നളിൻ പ്രഭാത് പറഞ്ഞു.
വെള്ളിയാഴ്ച രാത്രി 11.20നുണ്ടായ സ്ഫോടനത്തിൽ ഒമ്പതുപേർ കൊല്ലപ്പെടുകയും 32 പേർക്ക് പരിക്കേൽക്കുകയും ചെയ്തിരുന്നു. അടുത്തുനിന്ന ഒമ്പതു പേരും മരിച്ചതിനാൽ ദൃക്സാക്ഷികളുടെ മൊഴിയെടുക്കാൻ വഴിയില്ല. ഗുരുതര പരിക്കേറ്റവരുടെ ആരോഗ്യനില മെച്ചപ്പെട്ടതിനു ശേഷം മൊഴിയെടുക്കും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

