വിദേശത്ത് 268 സിബിഎസ്ഇ സ്കൂളുകൾ, ഇന്ത്യയിൽ 21 വിദേശ സർവകലാശാലകൾ; കണക്കുകൾ പുറത്തുവിട്ട് വിദ്യാഭ്യാസ മന്ത്രാലയം
text_fieldsന്യൂഡൽഹി: വിദേശരാജ്യങ്ങളിൽ ഇന്ത്യൻ വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ സാന്നിധ്യം വിപുലമാകുന്നു. 26 വിദേശരാജ്യങ്ങളിലായി 268 സി.ബി.എസ്.ഇ സ്കൂളുകൾ പ്രവർത്തിക്കുമ്പോൾ 21 വിദേശ ഉന്നതവിദ്യാഭ്യാസ സ്ഥാപനങ്ങൾ ഇന്ത്യയിൽ പ്രവർത്തിക്കുന്നുണ്ട്. വിദേശ സർവകലാശാലകൾക്ക് രാജ്യത്ത് ക്യാമ്പസുകൾ ആരംഭിക്കാൻ 17 താൽപര്യപത്രങ്ങൾ നൽകിയതായും കേന്ദ്ര വിദ്യാഭ്യാസ മന്ത്രാലയം അറിയിച്ചു.
വിദ്യാഭ്യാസ മന്ത്രാലയത്തിന്റെ 2026ലെ പാർലമെന്ററി കൺസൾട്ടേറ്റീവ് കമ്മിറ്റിയുടെ ആദ്യ യോഗത്തിലാണ് ഈ വിവരങ്ങൾ അവതരിപ്പിച്ചത്. കേന്ദ്ര വിദ്യാഭ്യാസ മന്ത്രി പ്രൾഹാദ് ജോഷിയുടെ അധ്യക്ഷതയിൽ ബുധനാഴ്ച ചേർന്ന യോഗത്തിൽ ഇന്ത്യൻ വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ വിദേശത്തെ പ്രവർത്തനങ്ങളും വിദേശ സർവകലാശാലകളുടെ ഇന്ത്യയിലെ സാന്നിധ്യവും ചർച്ച ചെയ്തു.
ഇന്ത്യയിലെ വിജ്ഞാനപാരമ്പര്യത്തിന് ആഗോളതലത്തിൽ ദീർഘകാലത്തെ സ്വാധീനമുണ്ടെന്നും അത് കൂടുതൽ രാജ്യങ്ങളിലേക്ക് വ്യാപിപ്പിക്കുകയാണ് ലക്ഷ്യമെന്നും മന്ത്രി പറഞ്ഞു. ഇന്ത്യൻ ഉന്നതവിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് വിദേശത്ത് ക്യാമ്പസുകൾ ആരംഭിക്കുന്നതിനും വിദേശ സർവകലാശാലകൾക്ക് ഇന്ത്യയിൽ പ്രവർത്തനം തുടങ്ങുന്നതിനും ആവശ്യമായ സൗകര്യങ്ങൾ ഒരുക്കുന്നുണ്ട്. വിദേശരാജ്യങ്ങളിൽ സി.ബി.എസ്.ഇ സ്കൂളുകൾക്കുള്ള ആവശ്യകത ഇന്ത്യൻ വിദ്യാഭ്യാസത്തിന്റെ വിശ്വാസ്യതയും സാധ്യതയും വ്യക്തമാക്കുന്നതാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
യു.ജി.സി ചട്ടങ്ങൾ പ്രകാരം വിദേശ സർവകലാശാലകൾക്ക് ഇന്ത്യയിൽ ക്യാമ്പസുകൾ ആരംഭിക്കാൻ 17 താൽപര്യപത്രങ്ങളാണ് നൽകിയിട്ടുള്ളത്. ബ്രിട്ടൻ, അമേരിക്ക, ആസ്ട്രേലിയ, ഇറ്റലി തുടങ്ങിയ രാജ്യങ്ങളിൽനിന്നുള്ള സർവകലാശാലകളും ഇതിൽ ഉൾപ്പെടുന്നു.
ഇന്ത്യൻ വിദ്യാഭ്യാസ മേഖലക്ക് കൂടുതൽ അന്താരാഷ്ട്ര ബന്ധങ്ങൾ ഉറപ്പാക്കാൻ നാല് മേഖലകൾക്കാണ് ഉന്നതവിദ്യാഭ്യാസ വകുപ്പ് മുൻഗണന നൽകുന്നത്. അക്കാദമിക്-ഗവേഷണ സഹകരണം വർധിപ്പിക്കുക, വിദേശ വിദ്യാർഥികളെ ഇന്ത്യയിലേക്ക് ആകർഷിക്കുക, വിദേശ സർവകലാശാലകൾക്ക് രാജ്യത്ത് ക്യാമ്പസുകൾ ആരംഭിക്കാൻ അവസരമൊരുക്കുക, ഇന്ത്യൻ ഉന്നതവിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് വിദേശത്ത് ക്യാമ്പസുകൾ തുടങ്ങാൻ സൗകര്യമൊരുക്കുക എന്നിവയാണിവ.
ഭാരത് ഇന്നൊവേറ്റ്സ്, അക്കാദമിക് ആൻഡ് റിസർച് കൊളാബറേഷൻ പ്രമോഷൻ പദ്ധതി (സ്പാർക്), ഗ്ലോബൽ ഇനിഷ്യേറ്റീവ് ഓഫ് അക്കാദമിക് നെറ്റ്‌വർക്ക്സ് (ജിയാൻ), ഡയറക്ട് അഡ്മിഷൻ ഓഫ് സ്റ്റുഡന്റ്സ് എബ്രോഡ് (ദാസ), പരിഷ്കരിച്ച സ്റ്റഡി ഇൻ ഇന്ത്യ പോർട്ടൽ തുടങ്ങിയ പദ്ധതികളെക്കുറിച്ചും യോഗത്തിൽ വിശദീകരിച്ചു.
ദേശീയ വിദ്യാഭ്യാസ നയം 2020, വികസിത് ഭാരത് 2047 ലക്ഷ്യം എന്നിവയുടെ അടിസ്ഥാനത്തിലാണ് വിദ്യാഭ്യാസ മേഖലയിൽ മാറ്റങ്ങൾ നടപ്പാക്കുന്നതെന്ന് സ്കൂൾ വിദ്യാഭ്യാസ-സാക്ഷരതാ വകുപ്പ് അറിയിച്ചു. ആഗോള നിലവാരത്തിനനുസരിച്ച് പാഠ്യപദ്ധതി പരിഷ്കരിക്കുക, ബഹുഭാഷാ വിദ്യാഭ്യാസം പ്രോത്സാഹിപ്പിക്കുക, വിദ്യാർഥികളുടെയും അധ്യാപകരുടെയും കൈമാറ്റ പരിപാടികൾ സംഘടിപ്പിക്കുക എന്നിവക്കും പ്രാധാന്യം നൽകുന്നുണ്ട്.
വിദേശരാജ്യങ്ങളിലെ സി.ബി.എസ്.ഇ സ്കൂളുകളിൽ ഏകീകൃത മൂല്യനിർണയ സംവിധാനം നടപ്പാക്കിയിട്ടുണ്ട്. ദേശീയ മൂല്യനിർണയ കേന്ദ്രമായ പാരഖിന്റെ പ്രവർത്തനങ്ങളും ഇതിന്റെ ഭാഗമായി ശക്തിപ്പെടുത്തിയിട്ടുണ്ട്. വിദേശത്തെ സി.ബി.എസ്.ഇ സ്കൂളുകളുടെ പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുന്നതിനായി ദുബൈയിൽ മേഖലാ ഓഫിസും ആരംഭിച്ചിട്ടുണ്ട്.
ഇന്ത്യൻ വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ വിദേശ ശൃംഖല വിപുലീകരിക്കുന്നതിനും തൊഴിൽനൈപുണ്യ വിദ്യാഭ്യാസം പ്രോത്സാഹിപ്പിക്കുന്നതിനും പാർലമെന്ററി സമിതി അംഗങ്ങൾ നിർദേശങ്ങൾ മുന്നോട്ടുവെച്ചിട്ടുണ്ട്.

