ഹംപിയിൽ നിന്നും കർണാടകയിൽ നിന്നും വിദേശ ടൂറിസ്റ്റുകൾ അകലുന്നു; മൈസൂറിലും ഉടുപ്പിയിലും യാത്രികർ കുറഞ്ഞു
text_fieldsബംഗളൂരു: കർണാടകയിലെ ഏറ്റവും ജനപ്രിയ ടുറിസ്റ്റ് കേന്ദ്രമായ ഹംപിയിൽ നിന്ന് വിദേശ ടൂറിസ്റ്റുകൾ അകലുന്നു. ഹംപിയിൽ നിന്നു മാത്രമല്ല, മൈസൂർ ഉൾപ്പെടെ കർണാടകയിലെ പ്രധാനപ്പെട്ട വിനോദ സഞ്ചാര കേന്ദ്രങ്ങളിൽ നിന്നെല്ലാം യാത്രികർ അകന്നു നിൽക്കുന്നതോടെ കർണാടകയിൽ ഇതൊരു രാഷ്ട്രീയ വിഷയമായും മാറി.
സംസ്ഥാന ഗവൺമെന്റിനെതിരെ പ്രതിപക്ഷം ഇതൊരു ആയുധമാക്കുന്നു. സംഭവം പാർലമെന്റിൽ ഉയർത്തി കർണാടയിൽ നിന്നുള്ള എം.പി ലഹാർ സിങ് സിരോയ. ഹംപിയിൽ പാരമ്പര്യം സംരക്ഷിക്കേണ്ടതുണ്ടെന്നും ടൂറിസം പ്രോത്സാഹിപ്പിക്കപ്പെടേണ്ടതുണ്ടെന്നും അദ്ദേഹം പാർലമെന്റിൽ പറഞ്ഞു.
പല കാരണങ്ങളാൽ സംസ്ഥാനത്തെ ടൂറിസ്റ്റുകളുടെ എണ്ണത്തിൽ ഗണ്യമായ കുറവു വന്നിട്ടുണ്ടെന്ന് ടൂറിസം വകുപ്പ് സമ്മതിക്കുന്നു. 2025 ഒക്ടോബർ വരെ ഹംപി സന്ദർശിച്ചത് 3,818 വിദേശ ടൂറിസ്റ്റുകളാണ്. അതേസമയം ഇതേ കാലയളവിൽ കഴിഞ്ഞ വർഷം ഇതിന്റെ അഞ്ചിരട്ടി ടൂറിസ്റ്റുകൾ ഇവിടം സന്ദർശിച്ചിരുന്നു. 20,000 പേരാണ് കഴിഞ്ഞ വർഷം സന്ദർശിച്ചത്.
മാർച്ചിൽ ഒരു വിദേശ ടൂറിസ്റ്റ് ഇവിടെ ലൈംഗിക അതിക്രമത്തിന് ഇരയാവുകയും കൊല്ലപ്പെടുകയും ചെയ്തിരുന്നു. ഈ സംഭവത്തോടെയാണ് ടൂറിസ്റ്റുകൾ ഹംപിയെ കൈയ്യൊഴിഞ്ഞത്. മൈസൂരുവിൽ കഴിഞ്ഞ വർഷം എത്തിയത് 1.4 ലക്ഷം വിദേശ ടൂറിസ്റ്റുകളാണെങ്കിൽ ഇക്കൊല്ലം അത് 77,242 മാത്രമാണ്. അതേസമയം 2023ൽ ഇവിടെ സന്ദർശിച്ചത് 2.2 ലക്ഷം പേരാണ്. ഉടുപ്പിയിൽ എത്തിയത് ഇക്കൊല്ലം 22,972 പേരാണെങ്കിൽ കഴിഞ്ഞ വർഷം ഇത് 89,849 പേരായിരുന്നു.
കോവിഡിന് ശേഷം സംസ്ഥാനത്തേക്കുള്ള വിദേശികളുടെ സന്ദർശനം ഓരോ വർഷവും പടിപടിയായി ഉയരുകയായിരുന്നു. മൊത്തത്തിൽ സംസ്ഥാനം ഇക്കൊല്ലം സന്ദർശിച്ചത് 3 ലക്ഷം വിദേശികളാണ്.
മിക്ക ഇടങ്ങളിലും കാര്യമായ ഇടിവാണ് രേഖപ്പെടുത്തിയത്. പല തരത്തിലുള്ള അക്രമ സംഭവങ്ങളാണ് ഇതിന് പ്രധാന കാരണമെന്ന് വിനോദ സഞ്ചാര വകുപ്പിലെ ഉദ്യോഗസ്ഥർ പറയുന്നു. അക്രമ സംഭവങ്ങൾ പോലെതന്നെ നാട്ടുകാർക്ക് വിദേശികളോടുള്ള സമീപനത്തിലും കാര്യമായ പ്രശ്നമുണ്ടെന്ന് ഇവർ പറയുന്നു. റോഡുകൾ നന്നാക്കേണ്ടതുണ്ട്, പൊലീസ് കർശന നടപടികൾ സ്വീകരിക്കേണ്ടതുണ്ടെന്നും ഉദ്യോഗസ്ഥർ പറയുന്നു.
എന്നാൽ വിദേശ ടൂറിസ്റ്റുകളുമായുള്ള ബന്ധം ഊഷ്മളമാക്കുന്നതിനായി കർണാടക സർക്കാർ ടൂറിസം വകുപ്പ് കർണാടക സെന്റർ ഫോർ കൾച്ചറൽ ഡിപ്ലൊമസി എന്ന സംരംഭത്തിന് തുടക്കം കുറിച്ചു. 2029 ഓടെ രാജ്യത്തെ ഏറ്റവും പ്രധാനപ്പെട്ട അഞ്ച് ടൂറിസം സംസ്ഥാനങ്ങളിലൊന്നാക്കി സംസ്ഥാനത്തെ മാറ്റുകയാണ് ലക്ഷ്യം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

