ഊർജ-വ്യാപാര ചർച്ചകൾക്ക് വിദേശകാര്യ സെക്രട്ടറി യൂറോപ്പിലേക്ക്
text_fieldsവിക്രം മിസ്രി
ന്യൂഡൽഹി: ഊർജം, വ്യാപാരം, പ്രതിരോധം വിഷയങ്ങളിൽ ഉന്നതതല ചർച്ചകൾക്കായി വിദേശകാര്യ സെക്രട്ടറി വിക്രം മിസ്രിയുടെ നേതൃത്വത്തിലുള്ള ഇന്ത്യൻ പ്രതിനിധിസംഘം ഞായറാഴ്ച യൂറോപ്പിലേക്ക് തിരിക്കും. മൂന്ന് ദിവസ സന്ദർശനത്തിൽ ഫ്രാൻസ്, ജർമനി എന്നിവിടങ്ങളിലെ ഉന്നതരുമായി കൂടിക്കാഴ്ച നടത്തും. പശ്ചിമേഷ്യയിലെ സംഘർഷ സാഹചര്യവും ഊർജ സുരക്ഷയിലുണ്ടാക്കുന്ന പ്രത്യാഘാതവും ചർച്ചകളിൽ പ്രധാന വിഷയമാകും.
പ്രതിരോധം, ആണവോർജം, ബഹിരാകാശം, സൈബർ സുരക്ഷ, ഡിജിറ്റൽ, നിർമിതബുദ്ധി തുടങ്ങിയ വിഷയങ്ങളിലാണ് വിദേശകാര്യ മന്ത്രാലയ സെക്രട്ടറി ജനറൽ മാർട്ടിൻ ബ്രിയെൻസിന്റെ നേതൃത്വത്തിലുള്ള ഫ്രഞ്ച് ഉന്നതതല സംഘവുമായുള്ള ചർച്ച. ജർമൻ വിദേശകാര്യ ഓഫിസ് സ്റ്റേറ്റ് സെക്രട്ടറി ഗെസ ആൻഡ്രിയാസ് വോൺ ഗെയർ ജർമൻ സംഘത്തെ നയിക്കും.
വ്യാപാരം, നിക്ഷേപം, പ്രതിരോധം, സുരക്ഷ, സാങ്കേതികവിദ്യ, ഹരിത ഊർജം, വികസന സഹകരണം, വിദ്യാഭ്യാസം, ആഗോള-പ്രാദേശിക സാഹചര്യങ്ങൾ എന്നിവയാണ് അജണ്ടയിൽ ഉൾപ്പെടുത്തിയിട്ടുള്ളത്. ജനുവരിയിൽ ജർമൻ ചാൻസലർ ഫ്രെഡറിക് മെർസും ഫെബ്രുവരിയിൽ ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവൽ മാക്രോണും ഇന്ത്യ സന്ദർശിച്ചിരുന്നു. ഇതിന്റെ തുടർച്ചയാണ് ഇന്ത്യൻ ഉന്നതതല സംഘത്തിന്റെ സന്ദർശനം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

