മഞ്ഞുരുകുമോ?; ഇന്ത്യയുടെയും ചൈനയുടെയും വിദേശകാര്യ മന്ത്രിമാർ കൂടിക്കാഴ്ച നടത്തി
text_fieldsന്യൂഡൽഹി: കിഴക്കൻ ലഡാക്കിലെ നിയന്ത്രണ രേഖയിൽ നിലനിൽക്കുന്ന എല്ലാ പ്രശ്നങ്ങളും വേഗത്തിൽ പരിഹരിക്കേണ്ടതുണ്ടെന്ന് വിദേശകാര്യ മന്ത്രി എസ്. ജയ്ശങ്കർ ചൈനീസ് വിദേശകാര്യ മന്ത്രി വാങ് യിയെ അറിയിച്ചു. ബാലിയിൽ നടന്ന ജി20 രാഷ്ട്രങ്ങളിലെ വിദേശകാര്യ മന്ത്രിമാരുടെ യോഗത്തിനിടെയാണ് ഇരുവരും ഒരുമണിക്കൂർ നീണ്ട കൂടിക്കാഴ്ച നടത്തിയത്.
പരസ്പര ബഹുമാനത്തോടെ, ഇരുവരുടെയും താൽപര്യങ്ങൾ പരിഗണിച്ചാകണം ഉഭയകക്ഷിബന്ധമെന്ന് ജയ്ശങ്കർ വ്യക്തമാക്കി. പ്രശ്നപരിഹാരത്തിന് അടുത്ത സൈനികതല ചർച്ചയിൽ ഇരുവരും പ്രതീക്ഷയർപ്പിച്ചു. ചൈനയിലേക്കുള്ള ഇന്ത്യൻ വിദ്യാർഥികളുടെ മടക്കവും ഇരുരാജ്യങ്ങൾക്കുമിടയിലെ നേരിട്ടുള്ള വിമാന സർവീസ് പുനരാരംഭിക്കുന്നതും ജയ്ശങ്കർ ഉന്നയിച്ചു. വിദ്യാർഥികളുടെ വിഷയത്തിൽ എത്രയുംപെട്ടെന്ന് പരിഹാരമുണ്ടാകണം.
ഇരുമന്ത്രിമാരും തമ്മിൽ അതിർത്തി വിഷയത്തിൽ നേരത്തെ നടന്ന ചർച്ചകളിൽ ഉരുത്തിരിഞ്ഞ തീരുമാനങ്ങൾ നടപ്പാക്കണമെന്ന് ഇന്ത്യ ആവശ്യപ്പെട്ടെന്ന് വിദേശകാര്യ മന്ത്രാലയം പ്രസ്താവനയിൽ അറിയിച്ചു. കോവിഡ് നിയന്ത്രണങ്ങൾമൂലം രണ്ടുവർഷമായി ചൈനയിലേക്ക് മടങ്ങാനാകാതെ ആയിരക്കണക്കിന് ഇന്ത്യൻ വിദ്യാർഥികളാണ് ബുദ്ധിമുട്ടുന്നത്. വിഷയം ഇന്ത്യ പലതവണ ചൈനയുടെ ശ്രദ്ധയിൽപെടുത്തിയിട്ടുണ്ട്.
ഇരുരാജ്യങ്ങൾക്കുമിടക്ക് നേരിട്ടുള്ള വിമാന സർവിസുകൾ തുടങ്ങുന്നത് സംബന്ധിച്ച് ചർച്ചകൾ നടന്നെങ്കിലും ഫലമുണ്ടായിട്ടില്ലെന്നും വാങ് യിയുമായുള്ള കൂടിക്കാഴ്ചയിൽ വ്യക്തമാക്കിയതായി വിദേശകാര്യ മന്ത്രാലയം അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

