Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

ഇസ്‍ലാമിക, ക്രിസ്ത്യൻവൽകരണത്തിന് 30,000 കോടി വരുന്നു; പ്രക്ഷോഭത്തിന് പിന്നിൽ വിദേശ ഫണ്ടെന്ന് ബിജെപി എംപി

text_fields
bookmark_border
ഇസ്‍ലാമിക, ക്രിസ്ത്യൻവൽകരണത്തിന് 30,000 കോടി വരുന്നു; പ്രക്ഷോഭത്തിന് പിന്നിൽ വിദേശ ഫണ്ടെന്ന് ബിജെപി എംപി
cancel

റായ്പൂർ: നിർദിഷ്ട വിദേശ സംഭാവന നിയന്ത്രണ നിയമം (എഫ്.സി.ആർ.എ) ഭേദഗതി ബില്ലിനെതിരെയുള്ള പ്രതിഷേധങ്ങൾക്ക് പിന്നിൽ വിദേശ ശക്തികളുടെ ഫണ്ടിങ്ങാണെന്ന് ബിജെ.പി എംപി സാക്ഷി മഹാരാജ്. ഇന്ത്യയുടെ വികസനവും 2047ഓടെ വികസിത രാഷ്ട്രമാകുകയെന്ന ലക്ഷ്യവും അട്ടിമറിക്കാനാണ് ഈ സമരങ്ങളെന്ന് ഛത്തീസ്ഗഢിലെ റായ്പൂരിൽ നടത്തിയ വാർത്താസമ്മേളനത്തിൽ അദ്ദേഹം ആരോപിച്ചു.

രാമക്ഷേത്ര നിർമാണം, കശ്മീരിലെ ആർട്ടിക്കിൾ 370 റദ്ദാക്കൽ തുടങ്ങിയ മുൻകാല ദേശീയ വിഷയങ്ങളുമായി അദ്ദേഹം ഇന്നത്തെ പ്രതിഷേധങ്ങളെ താരതമ്യം ചെയ്തു. അന്ന് വലിയ പ്രക്ഷോഭങ്ങളും അശാന്തിയും ഉണ്ടാകുമെന്ന് പ്രവചിക്കപ്പെട്ടിരുന്നെങ്കിലും അത്തരം സംഭവങ്ങളൊന്നും ഉണ്ടായിട്ടില്ലെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.

‘ഇന്ത്യയിൽ രണ്ട് പ്രധാന വിഷയങ്ങളുണ്ടായിരുന്നു. അയോധ്യയിൽ ഗംഭീരമായ രാമക്ഷേത്രം നിർമിക്കപ്പെട്ടു, പക്ഷേ അനിഷ്ടകരമായതൊന്നും സംഭവിച്ചില്ല. രണ്ടാമത്തേത് കശ്മീരിൽനിന്ന് ആർട്ടിക്കിൾ 370 എടുത്തു കളഞ്ഞതാണ്; രക്തച്ചൊരിച്ചിലുണ്ടാകുമെന്ന് ആളുകൾ പറഞ്ഞു, എന്നാൽ അതും ഒന്നുമുണ്ടായില്ല’ അദ്ദേഹം വ്യക്തമാക്കി.

നരേന്ദ്ര മോദി സർക്കാരിന്റെ എഫ്.സി.ആർ.എ ഭേദഗതി ബില്ല് കൊണ്ടുവരാനുള്ള നീക്കം പുറത്തുവന്നതോടെയാണ് പ്രതിഷേധം ശക്തമായതെന്ന് സാക്ഷി മഹാരാജ് പറഞ്ഞു. ‘മോദിജി പാർലമെന്റിൽ എഫ്.സി.ആർ.എ ഭേദഗതി ബില്ല് കൊണ്ടുവരാൻ പോകുന്നുവെന്ന് അറിഞ്ഞ ദിവസമാണ് എല്ലാ ദേശവിരുദ്ധ ശക്തികളും ഒന്നിച്ചത്’-അദ്ദേഹം ആരോപിച്ചു.

എഫ്.സി.ആർ.എ വഴി പ്രതിവർഷം 30,000 കോടി രൂപയിലധികം ഇന്ത്യയിലേക്ക് എത്തുന്നുണ്ടെന്നും മതംമാറ്റങ്ങൾ പ്രോത്സാഹിപ്പിക്കുന്നതിനും പ്രതിഷേധങ്ങൾക്ക് ഫണ്ട് നൽകുന്നതിനുമാണ് ഈ വിദേശ സംഭാവനകൾ ഉപയോഗിക്കുന്നതെന്നും അദ്ദേഹം അവകാശപ്പെട്ടു. ‘എഫ്.സി.ആർ.എ വഴി 30,000 കോടി രൂപയിലധികം ഇന്ത്യയിലേക്ക് വരുന്നുണ്ടെന്നറിഞ്ഞാൽ നിങ്ങൾ അത്ഭുതപ്പെടും. ഇന്ത്യയെ ഇസ്‍ലാമികവൽക്കരിക്കാനും ക്രിസ്ത്യൻവൽക്കരിക്കാനുമാണ് ഇത് വരുന്നത്’ അദ്ദേഹം പറഞ്ഞു.

ഇന്ത്യയുടെ വികസന ലക്ഷ്യങ്ങളെ എതിർക്കുന്ന വിദേശ ശക്തികളാണ് ഇത്തരം പ്രതിഷേധങ്ങൾക്ക് പിന്തുണ നൽകുന്നത്. മോദിയുടെ 2047ഓടെയുള്ള വികസിത ഇന്ത്യയെന്ന കാഴ്ചപ്പാടിനെ എതിർക്കുന്നവരാണവർ. ഇത് മോദിജിക്കോ അമിത് ഷാക്കോ യോഗിജിക്കോ എതിരെയുള്ള പ്രതിഷേധമല്ല. തെരഞ്ഞെടുപ്പ് കമ്മീഷനെതിരെയുമല്ല. രാജ്യത്തിന് എതിരെയുള്ള എതിർപ്പാണ്. രാജ്യത്തെ തകർക്കാൻ ആളുകൾ ആഗ്രഹിക്കുന്നു.

ബാങ്ക് അക്കൗണ്ടുകൾ, വാർഷിക റിട്ടേണുകൾ എന്നിവയുടെ മേലുള്ള നിയന്ത്രണങ്ങൾ ഉൾപ്പെടെയുള്ള കർശനമായ സാമ്പത്തിക പരിശോധനകൾക്ക് വിദേശ സംഭാവനകൾ വിധേയമാക്കണമെന്ന് അദ്ദേഹം ഊന്നിപ്പറഞ്ഞു. ഫണ്ടുകൾ പ്രഖ്യാപിത ആവശ്യങ്ങൾക്കായി മാത്രമാണ് ഉപയോഗിക്കുന്നതെന്ന് ഉറപ്പാക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. ഛത്തീസ്ഗഢ്, ഝാർഖണ്ഡ്, പശ്ചിമ ബംഗാൾ തുടങ്ങിയ സംസ്ഥാനങ്ങളിലെ മതംമാറ്റ പ്രശ്നങ്ങളുമായി വിഷയം ബന്ധിപ്പിച്ച അദ്ദേഹം, സാമ്പത്തികമായി ദുർബലരായ സമൂഹങ്ങൾ ഇത്തരം പ്രവർത്തനങ്ങൾക്ക് എളുപ്പത്തിൽ ഇരയാകുന്നുണ്ടെന്നും ചൂണ്ടിക്കാട്ടി.

സർക്കാരിനെയും വ്യവസ്ഥയെയും മാറ്റുന്നതിനെക്കുറിച്ച് മുതിർന്ന അഭിഭാഷകൻ പ്രശാന്ത് ഭൂഷൺ നടത്തിയ പരാമർശങ്ങളെയും സാക്ഷി മഹാരാജ് രൂക്ഷമായി വിമർശിച്ചു. പ്രശാന്ത് ഭൂഷണിന്റെ നിലപാടുകളെ ചോദ്യം ചെയ്ത അദ്ദേഹം വ്യക്തിപരമായ പരാമർശങ്ങളും നടത്തി.

മോദി ഉള്ളിടത്തോളം കാലം രാജ്യത്തിന് ഒരു അപകടവുമില്ല, അമിത് ഷാ ഉള്ളിടത്തോളം കാലം മോദിക്ക് ഒരു അപകടവുമില്ലെന്നും അദ്ദേഹം പറഞ്ഞു.

Show Full Article

Don't miss the exclusive news

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - Foreign Funding Behind FCRA Protests; Rs 30,000 Cr For Conversion, Says BJP MP
Next Story