വിദേശസഹായം: കേരളത്തിന് നിഷേധിച്ച അനുമതി മഹാരാഷ്ട്രക്ക് നൽകി കേന്ദ്രത്തിന്റെ ഇരട്ടത്താപ്പ്
text_fieldsമുംബൈ: മഹാരാഷ്ട്ര സർക്കാറിന്റെ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിക്ക് വിദേശസഹായം സ്വീകരിക്കാൻ കേന്ദ്രസർക്കാർ അനുമതി. ഫോറിൻ റെഗുലേഷൻ ആക്ട് പ്രകാരം രജിസ്ട്രേഷൻ അനുവദിച്ചാണ് വിദേശസഹായം സ്വീകരിക്കുന്നതിനുള്ള അനുമി നൽകിയത്. മുമ്പ് കേരളത്തിന് നിഷേധിച്ച അനുമതിയാണ് ഇപ്പോൾ മഹാരാഷ്ട്രക്ക് കേന്ദ്രസർക്കാർ നൽകുന്നത്.
ഇതാദ്യമായാണ് ഒരു സംസ്ഥാനത്തിന് എഫ്.സി.ആർ.എ പ്രകാരം അനുമതി ലഭിക്കുന്നത്. പ്രകൃതിദുരന്തങ്ങൾ, അപകടങ്ങൾ, വർഗീയ സംഘർഷങ്ങൾ എന്നിവയിൽ ഇരകളാകുന്നവർക്കാണ് സാധാരണയായി മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിൽ നിന്നും സഹായം അനുവദിക്കാറ്. ഈ നിധിയിൽ നിന്നും ചികിത്സാസഹായവും വിദ്യാഭ്യാസ സഹായവും അനുവദിക്കാറുണ്ട്.
ബോംബെ പബ്ലിക് ട്രസ്റ്റ് ആക്ട് പ്രകാരമാണ് മഹാരാഷ്ട്ര മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധി രൂപംകൊണ്ടിരിക്കുന്നത്. ഒരു വർഷത്തിൽ ഏകദേശം ഒന്നര ലക്ഷം ഇടപാടുകളാണ് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധി വഴി നടക്കുന്നത്. നേരത്തെ കേരളം വിദേശസഹായം സ്വീകരിക്കാൻ കേന്ദ്രത്തോട് അനുമതി തേടിയപ്പോൾ മോദി സർക്കാർ അത് നിഷേധിച്ചിരുന്നു.
2018ലെ പ്രളയകാലത്ത് യു.എ.ഇ ഉൾപ്പടെയുള്ള രാജ്യങ്ങളിൽ നിന്ന് സഹായം സ്വീകരിക്കാനാണ് കേരളം കേന്ദ്രത്തിൽ നിന്നും അനുമതി തേടിയത്. എന്നാൽ, കേരളത്തിനുള്ള അനുമതി കേന്ദ്രം നിഷേധിക്കുകയായിരുന്നു. എഫ്.സി.ആർ.എ ചട്ടം വഴിയാണ് ആഭ്യന്തര മന്ത്രാലയം വിദേശ സംഭാവനകളെ നിയന്ത്രിക്കുന്നത്.
ഇത്തരത്തിലെത്തുന്ന സംഭാവനകൾ രാജ്യത്തിന്റെ ആഭ്യന്തര സുരക്ഷയെ പ്രതികൂലമായി ബാധിക്കുന്നില്ലെന്ന് ഉറപ്പാക്കുകയാണ് ലക്ഷ്യം. വിദേശ സംഭാവന സ്വീകരിക്കുന്ന അസോസിയേഷനുകൾ എൻ.ജി.ഒ.കൾ, ഗ്രൂപ്പുകൾ എന്നിവർക്ക് എഫ്.സി.ആർ.എ നിയമപ്രകാരം രജിസ്ട്രേഷൻ നിർബന്ധമാക്കിയിട്ടുണ്ട്. രജിസ്റ്റർ ചെയ്ത ഇത്തരം സ്ഥാപനങ്ങൾക്ക് സാമൂഹിക, വിദ്യാഭ്യാസ, മത, സാമ്പത്തിക, സാംസ്കാരിക പരിപാടികൾക്കായി വിദേശ സംഭാവനകൾ സ്വീകരിക്കാം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

