ഭാര്യയെ പഠനം നിർത്താൻ നിർബന്ധിക്കുന്നത് ക്രൂരത; വിവാഹമോചനത്തിന് കാരണമായി പരിഗണിക്കുമെന്ന് ഹൈകോടതി
text_fieldsഇൻഡോർ: ഭാര്യയെ പഠനം നിർത്താൻ നിർബന്ധിക്കുന്നത് മാനസിക ക്രൂരതയാണെന്നും ഇത് വിവാഹമോചനത്തിന് കാരണമായി പരിഗണിക്കാമെന്നും മധ്യപ്രദേശ് ഹൈകോടതി.
പന്ത്രണ്ടാം ക്ലാസിനുശേഷം തുടർ പഠനത്തിന് ഭർത്താവും ഭർതൃവീട്ടുകാരും തടഞ്ഞുവെന്ന് ആരോപിച്ച് യുവതി നൽകിയ വിവാഹമോചനം അനുവദിച്ചുകൊണ്ടായിരുന്നു കോടതിയുടെ നിരീക്ഷണം. ജസ്റ്റിസ് വിവേക് റുസിയയും ജസ്റ്റിസ് ഗജേന്ദ്ര സിങും അടങ്ങുന്ന ഇൻഡോർ ഡിവിഷൻ ബെഞ്ചാണ് വിധി പ്രഖ്യാപിച്ചത്.
ഭാര്യയെ പഠനം നിർത്താൻ നിർബന്ധിക്കുകയോ പഠനം തുടരാൻ കഴിയാത്ത അവസ്ഥയിലാക്കുന്ന ഒരു അന്തരീക്ഷം സൃഷ്ടിക്കുകയോ ചെയ്യുന്നത് ദാമ്പത്യ ജീവിതത്തിന്റെ തുടക്കത്തിൽ തന്നെ അവളുടെ സ്വപ്നങ്ങൾ നശിപ്പിക്കുന്നതിന് തുല്യമാണ്. വിദ്യാഭ്യാസമോ സ്വയം മെച്ചപ്പെടുത്താൻ താൽപ്പര്യമോ ഇല്ലാത്ത ഒരു വ്യക്തിയോടൊപ്പം ജീവിക്കാൻ പെൺകുട്ടികളെ നിർബന്ധിക്കുന്നത് മാനസിക ക്രൂരതയാണെന്നും കോടതി പറഞ്ഞു.
1955 ലെ ഹിന്ദു വിവാഹ നിയമത്തിലെ സെക്ഷൻ 13(1)(ia) പ്രകാരം ഇത് വിവാഹമോചനത്തിന് അനുമതി നൽകാനുള്ള കാരണമാണെന്നും കോടതി വിധിച്ചു.
2015 ൽ വിവാഹിതയായ യുവതി 12-ാം ക്ലാസ് വരെ പഠിച്ചിരുന്നു. പഠനം തുടരാൻ യുവതി ആഗ്രഹം പ്രകടിപ്പിച്ചെങ്കിലും ഭർത്താവും ഭർതൃവീട്ടുകാരും അനുവദിക്കാതിരുന്നതിനെ തുടർന്ന് യുവതി കുടുംബ കോടതിയിൽ വിവാഹമോചനം തേടി. എന്നാൽ ഭർത്താവിന് അനുകൂലമായാണ് വിധി വന്നത്. പഠനം തുടരാൻ അനുവദിക്കാത്തത് വിവാഹമോചനത്തിനായുള്ള തക്കതായ കാരണമല്ലെന്നായിരുന്നു കുടുംബ കോടതിയുടെ കണ്ടെത്തൽ. ഇതോടെ യുവതി ഹൈകോടതിയെ സമീപിക്കുകയായിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

