Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightമതംമാറ്റം ആ​രോപിച്ച്...

മതംമാറ്റം ആ​രോപിച്ച് ബസ്തറിൽ ക്രിസ്ത്യൻ ചർച്ച് തകർത്തു​; എസ്.പിയുടെ തല തല്ലിപ്പൊട്ടിച്ചു

text_fields
bookmark_border
മതംമാറ്റം ആ​രോപിച്ച് ബസ്തറിൽ ക്രിസ്ത്യൻ ചർച്ച് തകർത്തു​; എസ്.പിയുടെ തല തല്ലിപ്പൊട്ടിച്ചു
cancel

ബസ്തർ: ആദിവാസിക​ളെ മതം മാറ്റുന്നു​വെന്നാരോപിച്ച് ഛത്തീസ്ഗഡിലെ ബസ്തർ ഡിവിഷനിൽ ഒരുസംഘം അഴിഞ്ഞാടി. ബൈക്കുകളിലും മറ്റുമെത്തിയ 100ലേറെ വരുന്ന അക്രമിക്കൂട്ടം ക്രിസ്ത്യൻ ചർച്ച് തകർക്കുകയും സംഭവസ്ഥല​ത്തെത്തിയ എസ്.പിയുടെ തലതല്ലിപ്പൊളിക്കുകയും ചെയ്തു.

ആദിവാസികളെ ക്രിസ്തുമതത്തിലേക്ക് നിർബന്ധിത മതപരിവർത്തനം നടത്തുന്നു​വെന്നാരോപിച്ച് ഇന്ന് രാവിലെയാണ് നാരായൺപൂരിലെ വിശ്വദീപ്തി ഹൈസ്‌കൂളിന് സമീപം സംഘം ആക്രമണം അഴിച്ചുവിട്ടത്. ജില്ല ആസ്ഥാനത്ത് നിന്ന് കേവലം ഒരു കിലോമീറ്റർ അകലെയുള്ള സ്കൂൾ വളപ്പിൽ നിർമിച്ച പള്ളിയിലെ കസേരകളും ഫർണിച്ചറും ആരാധനാവസ്തുക്കളും ഗ്രന്ഥങ്ങളും അക്രമികൾ നശിപ്പിച്ചു. അക്രമികളെ തടയുന്നതിനിയൊണ് നാരായൺപൂർ പൊലീസ് സൂപ്രണ്ട് സദാനന്ദ് കുമാറിന് മർദനമേറ്റത്. തലയ്ക്ക് സാരമായി പരിക്കേറ്റ ഇദ്ദേഹം ജില്ല ആശുപത്രിയിൽ ചികിത്സയിലാണ്.

ഇന്നലെയും ജില്ലയിൽ ക്രിസ്ത്യാനികൾക്ക് നേരെ അക്രമം ഉണ്ടായിരുന്നു. ഗോറ ഗ്രാമത്തിൽ ക്രിസ്തുമതത്തിലേക്ക് പരിവർത്തനം ചെയ്ത ഗോത്രവർഗക്കാരും മറ്റുഗോത്രക്കാരും തമ്മിലായിരുന്നു സംഘട്ടന​മെന്ന് പൊലീസ് പറഞ്ഞു. ഇവിടെയും ഒരു പൊലീസുകാരനുൾപ്പെടെ നിരവധി പേർക്ക് പരിക്കേറ്റു.

വിദേശ മതം പിന്തുടരുന്നുവെന്ന് ആരോപിച്ച് ഏകദേശം 400-500 പേർ ഗ്രാമത്തിൽ തടിച്ചുകൂടി തങ്ങളെ ആക്രമിച്ചതായി പരിക്കേറ്റ് ജില്ലാ ആശുപത്രിയിൽ കഴിയുന്ന ആദിവാസി ക്രിസ്ത്യൻ സ്ത്രീ പറഞ്ഞു. "ഗോറ ഗ്രാമത്തിൽ യോഗത്തിൽ പ​ങ്കെടുക്കുകയായിരുന്നു ഞങ്ങൾ. അവിടെ എത്തിയപ്പോൾ മറ്റ് ആദിവാസികൾ ഞങ്ങളെ മർദിക്കാൻ തുടങ്ങി. സ്ത്രീകളെയടക്കം മർദിക്കുകയും വനത്തിലേക്ക് ഓടിക്കുകയും ചെയ്തു" -അവർ പറഞ്ഞു.

നാരായൺപൂർ ജില്ലയിൽ ഗോത്രവർഗ ക്രിസ്ത്യാനികൾക്കെതിരെ കടുത്ത ആക്രമണമാണ് അരങ്ങേറുന്നത്. ഇക്കഴിഞ്ഞ ഡിസംബർ 18ന് ബോറവാണ്ട് ഗ്രാമത്തിലെ 14 കുടുംബങ്ങളെ മറ്റു ഗ്രാമവാസികൾ അവരുടെ വീടുകളിൽ നിന്ന് പുറത്താക്കിയിരുന്നു. ഇതിന് രണ്ടാഴ്ച പിന്നിടുമ്പോഴാണ് ഇന്നലെയും ഇന്നും അക്രമസംഭവങ്ങൾ റി​പ്പോർട്ട് ചെയ്തത്.

അതേസമയം, ഗോറയിൽ രണ്ടുസംഘങ്ങളും പര്സപരം ഏറ്റുമുട്ടുകയായിരുന്നുവെന്ന്

നാരായൺപൂർ അസിസ്റ്റന്റ് പൊലീസ് സൂപ്രണ്ട് ഹേംസാഗർ സിദാർ മാധ്യമങ്ങളോട് പറഞ്ഞു. ഇരുഭാഗത്തുനിന്നും നാല് പേർക്ക് പരിക്കേറ്റതായും അദ്ദേഹം കൂട്ടിച്ചേർത്തു.

2022ൽ ഛത്തീസ്‌ഗഢിൽ 115 ആക്രമണങ്ങളാണ് ക്രിസ്തുമത വിശ്വാസികൾക്ക് നേരെ നടന്നത്. 2018ൽ 25 ആക്രമണങ്ങളായിരുന്നു സംസഥാനത്ത് നടന്നത്. ഗോത്ര മേഖലകളിൽ ക്രിസ്ത്യാനികളെ ഹിന്ദുമതത്തിലേക്ക് ബലം പ്രയോഗിച്ച് മതപരിവർത്തനം ചെയ്യിച്ചുകൊണ്ടിരിക്കുകയാണെന്നും അല്ലാത്തവർക്ക് ഗ്രാമം വിടേണ്ടി വന്നിരിക്കുകയാണെന്നും യുനൈറ്റഡ് ക്രിസ്ത്യൻ ഫോറം കഴിഞ്ഞ ദിവസം വെളിപ്പെടുത്തിയിരുന്നു. 1000 ആദിവാസി ക്രിസ്ത്യാനികൾ വീടുവിട്ടോടി ദുരിതാശ്വാസ ക്യാമ്പുകളിലടക്കം കഴിയേണ്ടി വന്നിട്ടും അതിക്രമങ്ങളിൽ ഒന്നിൽ പോലും എഫ്.ഐ.ആർ രജിസ്റ്റർ ചെയ്യാനോ അറസ്റ്റ് രേഖപ്പെടുത്താനോ ഛത്തിസ്ഗഢ് ഭരണകൂടം തയാറാകുന്നില്ലെന്ന് അന്വേഷണ സംഘാംഗങ്ങൾ കുറ്റപ്പെടുത്തി. ഇതുമായി ബന്ധപ്പെട്ട് അന്വേഷണം നടത്തിയ വസ്തുതാന്വേഷണ സംഘവുമായി നടത്തിയ വാർത്തസമ്മേളനത്തിലാണ് ഇക്കാര്യം പറഞ്ഞത്.

ഡിസംബർ ഒമ്പതിനും 18നുമിടയിൽ നാരായൺപുരിലെ 18 ഗ്രാമങ്ങളിലും കൊണ്ടഗാവിലെ 15 ഗ്രാമങ്ങളിലും അരങ്ങേറിയ ആക്രമണപരമ്പരകളെ തുടർന്നാണ് ഏകദേശം 1000 ക്രിസ്ത്യൻ ആദിവാസികൾക്ക് വീടുവിട്ടോടേണ്ടിവന്നത്. മുളകളും ദണ്ഡുകളുമേന്തി നടത്തിയ ആക്രമണങ്ങളിൽ ഗുരുതര പരിക്കേറ്റ 24 പേരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

ജീവനും കൊണ്ടോടിയ ആദിവാസി ക്രിസ്ത്യാനികൾക്ക് കൊടും ശൈത്യത്തിൽ തുറസ്സായ സ്ഥലങ്ങളിൽ കഴിച്ചുകൂട്ടേണ്ടി വന്നു. മദംനാറിൽ നിന്ന് ജീവനും കൊണ്ടോടിയ മംഗ്ളു കോറം തന്റെ ഗ്രാമത്തിലെ 21 ക്രിസ്ത്യൻ കുടുംബങ്ങളെ ക്ഷേത്രത്തിലേക്ക് കൊണ്ടുപോയി ബലം പ്രയോഗിച്ച് പൂജ ചെയ്യിച്ച് മതം മാറ്റിയെന്ന് സംഘത്തിന് മൊഴി നൽകി. അവരുടെ വീടുകളിൽ സൂക്ഷിച്ചിരുന്ന ബൈബിളുകൾ പിടിച്ചെടുക്കുകയും ചെയ്തു. ഉദിദ്ഗാവിലെ 18ഉം ഫുൽഹദ്ഗാവിലെ മൂന്നും പുത്തൻഛണ്ഡഗാവിലെ മൂന്നും ക്രിസ്ത്യൻ കുടുംബങ്ങളെ ഇതുപോലെ ബലം പ്രയോഗിച്ച് മതം മാറ്റി. ഗർഭിണികളെയും കുഞ്ഞുങ്ങളെയുമൊന്നും അവർ വെറുതെ വിട്ടില്ല.

ഭിന്നിപ്പിനുള്ള ആർ.എസ്.എസ് അജണ്ടയാണ് ഛത്തിസ്ഗഢിൽ ഇപ്പോൾ ക്രിസ്ത്യൻ ആദിവാസികൾക്ക് മേൽ നടക്കുന്ന ആക്രമണങ്ങൾക്ക് പിറകിലെന്ന് ‘സർവ അനുസൂചി ജാതി സമാജ്’ നേതാവ് ദണ്ഡരാജ് ടണ്ഡൻ ആരോപിച്ചു. കൊണ്ടഗാവിലെ സർവ ആദിവാസി സമാജ് പ്രസിഡന്റ് ബംഗാറാം സോദിയും ആർ.എസ്.എസാണ് ഈ മതപരിവർത്തന കാമ്പയിന് പിറകിലെന്ന് കുറ്റപ്പെടുത്തി.


ക്രിസ്ത്യൻ ആദിവാസികളെ കൂട്ടത്തോടെ മതം മാറ്റുമെന്ന് ഒക്ടോബറിൽ മുൻകൂട്ടി പ്രഖ്യാപിച്ചിരുന്നെങ്കിലും ജില്ല ഭരണകൂടം അത് തടയാനുള്ള നടപടികളെടുത്തില്ലെന്നും അത് കൊണ്ടാണ് ഡിസംബർ ഒമ്പത് മുതൽ 18 വരെ ആക്രമണം നടന്നതെന്നും വസ്തുതാന്വേഷണ റിപ്പോർട്ട് ചൂണ്ടിക്കാട്ടി.

റാഞ്ചിയിലെ മുതിർന്ന മാധ്യമപ്രവർത്തകൻ അശോക് വർമ, കാത്തലിക് ബിഷപ്സ് കോൺഫറൻസ് ഇന്ത്യയുടെ പ്രതിനിധി നിക്കോളാസ് ബർള, ഛത്തിസ്ഗഢിലെ ഓൾ ഇന്ത്യ പീപ്ൾസ് ഫോറം കൺവീനർ ബ്രിജേന്ദ്ര തിവാരി, ‘സെൻറർ ഫോർ സ്റ്റഡി ഓഫ് സൊസൈറ്റി ആൻഡ് സെക്യുലറിസം’ ഡയറക്ടർ ഇർഫാൻ എൻജിനീയർ എന്നിവരാണ് വസ്തുതാന്വേഷണ സംഘത്തിലുണ്ടായിരുന്നത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:christianreligious ConversionchurchAttack Against Christians
News Summary - 'Forced Conversion' in Chhattisgarh: Church Vandalised, SP Attacked in Fresh Row
Next Story