പ്രവാചക നിന്ദ: പുറത്താക്കപ്പെട്ട ബി.ജെ.പി നേതാക്കൾ മൊഴി രേഖപ്പെടുത്താൻ ഹാജരാകണമെന്ന് മഹാരാഷ്ട്ര പൊലീസ്
text_fieldsനൂപുർ ശർമ
താനെ: പ്രവാചക നിന്ദ നടത്തി വിവാദത്തിലായ ബി.ജെ.പി നേതാവ് നൂപുർ ശർമയോട് തിങ്കളാഴ്ച മഹാരാഷ്ട്രയിലെ ഭിവണ്ടി പൊലീസ് സ്റ്റേഷനിൽ ഹാജരാകണമെന്ന് നിർദേശം. മൊഴി രേഖപ്പെടുത്തുന്നതിനായാണ്. ജൂൺ 15ന് നവീൻ കുമാർ ജിൻഡാലിനോടും ഹാജരാകാൻ ആവശ്യപ്പെട്ടതായി പൊലീസ് ഇൻസ്പെക്ടർ ചേതൻ കാകഡെ പറഞ്ഞു.
മെയ് 30ന് മഹാരാഷ്ട്രയിലെ റാസ അക്കാദമിയുടെ പ്രതിനിധി നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് ഇരുവർക്കുമെതിരെ കേസെടുത്തത്. നേരത്തെ താനെയിലെ മുംബ്ര പൊലീസും ജൂൺ 22ന് മൊഴി രേഖപ്പെടുത്തുന്നതിന് ഹാജരാകണമെന്ന് നൂപുറിനോട് ആവശ്യപ്പെട്ടിരുന്നു.
പ്രവാചകനെ അപകീർത്തിപ്പെടുത്തുന്ന തരത്തിൽ ഒരു ടെലിവിഷൻ ചാനലിന് നൽകിയ അഭിമുഖം അന്താരാഷ്ട്ര തലത്തിൽ വലിയ പ്രതിഷേധങ്ങൾക്ക് ഇടയാക്കിയിരുന്നു. സംഭവം വിവാദമായതോടെ നുപൂർ ശർമയെ പാർട്ടിയിൽ നിന്ന് സസ്പെൻഡ് ചെയ്തിരുന്നു.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

