കോൺഗ്രസിന് രാഹുൽ പാർലമെന്റിനും കോടതിക്കും മുകളിലുള്ളയാൾ; വിമർശനവുമായി കേന്ദ്രമന്ത്രി
text_fieldsന്യൂഡൽഹി: രാഹുൽ ഗാന്ധിക്കെതിരെ വീണ്ടും വിമർശനവുമായി കേന്ദ്ര മന്ത്രി അനുരാഗ് താക്കൂർ. കോൺഗ്രസിനെ സംബന്ധിച്ചടുത്തോളം ഒരാൾ രാജ്യത്തിനും പാർലമെന്റിനും കോടതികൾക്കും മുകളിലാണെന്ന് താക്കൂർ വിമർശിച്ചു. കോൺഗ്രസിന്റെ ഈ സമീപനം മൂലം പല പ്രതിപക്ഷ പാർട്ടികളും കോൺഗ്രസുമായുള്ള സഖ്യം ഉപേക്ഷിക്കുകയാണെന്നും താക്കൂർ കൂട്ടിച്ചേർത്തു.
സംസ്ഥാന മുഖ്യമന്ത്രിമാരോടൊപ്പമെത്തിയാണ് രാഹുൽ ഗാന്ധി ഗുജറാത്ത് കോടതിയിൽ അപ്പീൽ ഫയൽ ചെയ്തത്. അപ്പീൽ ഫയൽ ചെയ്യാൻ രാഹുൽ നേരിട്ടെത്തേണ്ട കാര്യമില്ല. കോടതിയെ സമ്മർദത്തിലാക്കാനാണ് ഇത്തരത്തിൽ രാഹുൽ ഗാന്ധി നേരിട്ടെത്തിയതെന്നും അനുരാഗ് താക്കൂർ കുറ്റപ്പെടുത്തി.
പിന്നോക്ക ജാതിക്കാരെ അപമാനിച്ച രാഹുൽ ഗാന്ധി മാപ്പ് പറയണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. ഹിമാചൽപ്രദേശിൽ നടന്ന പരിപാടിയിൽ പങ്കെടുത്ത് സംസാരിക്കുമ്പോഴാണ് അനുരാഗ് താക്കൂറിന്റെ പരാമർശം. നിയമസഭ തെരഞ്ഞെടുപ്പിൽ സംസ്ഥാനത്ത് ബി.ജെ.പിക്ക് തിരിച്ചടിയേറ്റുവെങ്കിലും ലോക്സഭയിൽ സംസ്ഥാനത്ത് വലിയ വിജയം പാർട്ടിക്കുണ്ടാകുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.