ഗൗതം നവലാഖയുടെ വീട്ടുതടങ്കൽ റദ്ദാക്കണമെന്ന എൻ.ഐ.എ ആവശ്യം തള്ളി സുപ്രീംകോടതി; 24 മണിക്കൂറിനകം മാറ്റണം
text_fieldsന്യൂഡൽഹി: ഭീമ കൊറേഗാവ് കേസ് പ്രതിയായ സാമൂഹിക പ്രവർത്തകൻ ഗൗതം നവ്‍ലഖയെ ചികിത്സക്കായി വീട്ടുതടങ്കലിലേക്ക് മാറ്റാനുള്ള ഉത്തരവിനെതിരെ ദേശീയ അന്വേഷണ ഏജൻസി (എൻ.ഐ.എ) സമർപ്പിച്ച ഹരജി സുപ്രീംകോടതി തള്ളി. വീട്ടുതടങ്കലിൽ ശക്തമായ സുരക്ഷ ഒരുക്കണമെന്നും ജസ്റ്റിസ് കെ.എം. ജോസഫ്, ഋഷികേഷ് റോയ് എന്നിവരടങ്ങിയ ബെഞ്ച് നിർദേശിച്ചു. നവി മുംബൈയിലെ തലോജ ജയിലിൽനിന്ന് 24 മണിക്കൂറിനകം നവ്‍ലഖയെ വീട്ടിൽ എത്തിക്കണമെന്നും കോടതി ഉത്തരവിട്ടു.
നവ്‍ലഖക്ക് വീട്ടുതടങ്കലിൽ ചികിത്സ സൗകര്യമൊരുക്കണമെന്ന് നവംബർ പത്തിന് സുപ്രീംകോടതി ഉത്തരവിട്ടിരുന്നു. ഇതിനെതിരെ എൻ.ഐ.എ സമർപ്പിച്ച ഹരജിയാണ് തള്ളിയത്. കോടതി ഉത്തരവിന് ഒരാഴ്ചക്ക് ശേഷവും 70കാരനായ നവ്‍ലഖയെ ജയിലിൽനിന്ന് മാറ്റിയിട്ടില്ല. താമസിക്കാൻ അദ്ദേഹം തിരഞ്ഞെടുത്ത സ്ഥലത്ത് സുരക്ഷ ഭീഷണിയുണ്ടെന്ന് എൻ.ഐ.എ ചൂണ്ടിക്കാട്ടി.
വീട്ടിലേക്ക് മാറ്റുന്നത് നീട്ടിക്കൊണ്ടുപോകാനുള്ള ശ്രമത്തെ സുപ്രീംകോടതി രൂക്ഷമായി വിമർശിച്ചു. ''നീട്ടിക്കൊണ്ടുപോകാനുള്ള നിങ്ങളുടെ ശ്രമം ഞങ്ങൾ കാണുന്നില്ലെന്നാണോ കരുതിയത്. സുരക്ഷയൊരുക്കാൻ കഴിയില്ലെന്നാണോ പറയുന്നത്. നിങ്ങൾക്ക് കഴിയില്ലെങ്കിൽ ഞങ്ങൾക്ക് കഴിയും'' -കോടതി വ്യക്തമാക്കി. നവ്‍ലഖ 2020 ഏപ്രിൽ മുതൽ ജയിലിലാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

