ഭക്ഷ്യസുരക്ഷാ ലംഘനം: നെസ്‌ലെ, കെ.എഫ്.സി, ഫ്ലിപ്കാർട്ട് ബ്രാൻഡുകൾക്ക് ഭക്ഷ്യസുരക്ഷാ അതോറിറ്റിയുടെ കാരണം കാണിക്കൽ നോട്ടീസ്
text_fieldsന്യൂഡൽഹി: ഉപഭോക്താക്കളുടെ വ്യാപകമായ പരാതികളെത്തുടർന്ന് ഇന്ത്യയിലെ പ്രമുഖ ഭക്ഷ്യ-ഇ-കൊമേഴ്‌സ് ബ്രാൻഡുകളായ നെസ്‌ലെ ഇന്ത്യ, കെ.എഫ്.സി, ഫ്ലിപ്കാർട്ട് ഇന്ത്യ എന്നിവക്ക് ഫുഡ് സേഫ്റ്റി ആൻഡ് സ്റ്റാൻഡേർഡ് അതോറിറ്റി ഓഫ് ഇന്ത്യ (എഫ്.എസ്.എസ്.എ.ഐ) കാരണം കാണിക്കൽ നോട്ടീസ് അയച്ചു. ഉൽപ്പന്നങ്ങളിലെ പുഴുക്കളുടെ സാന്നിധ്യം, വൃത്തിഹീനമായ സാഹചര്യം എന്നിവയുമായി ബന്ധപ്പെട്ട് സോഷ്യൽ മീഡിയയിൽ ഉയർന്ന പരാതികൾ നേരിട്ട് പരിശോധിച്ച ശേഷമാണ് ഭക്ഷ്യസുരക്ഷാ റെഗുലേറ്ററിയുടെ ഈ അടിയന്തര നടപടി.
പാക്കേജ്ഡ് ഫുഡ് ബ്രാൻഡായ 'ഓപ്പൺ സീക്രട്ട്' എന്ന കമ്പനിയും ഈ നോട്ടീസ് പരിധിയിൽ വരുന്നുണ്ട്. ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തതനുസരിച്ച്, ഓരോ ബ്രാൻഡിനുമെതിരെയും വ്യത്യസ്തമായ ഗുരുതര വീഴ്ചകളാണ് ഉപഭോക്താക്കൾ ഉന്നയിച്ചിരിക്കുന്നത്. നെസ്‌ലെയുടെ ജനപ്രിയ ഉൽപ്പന്നമായ മാഗി നൂഡിൽസ് പാക്കറ്റിനുള്ളിൽ ലൈവ് പ്രാണികളെയും പുഴുക്കളെയും കണ്ടെത്തിയതായി ഉപഭോക്താവ് സോഷ്യൽ മീഡിയയിലൂടെ തെളിവ് സഹിതം പങ്കുവെച്ചിരുന്നു. ഇതേത്തുടർന്നാണ് നെസ്‌ലെ ഇന്ത്യക്ക് നോട്ടീസ് ലഭിച്ചത്.
ആന്ധ്രാപ്രദേശിലെ ഏലൂരുവിലുള്ള എം.വി.ആർ മാളിലെ കെ.എഫ്.സി ഔട്ട്‌ലെറ്റിൽ അങ്ങേയറ്റം വൃത്തിഹീനമായ സാഹചര്യത്തിലാണ് ഭക്ഷണം കൈകാര്യം ചെയ്യുന്നതെന്ന് കണ്ടെത്തിയതിനെ തുടർന്നാണ് ഭക്ഷ്യസുരക്ഷാ റെഗുലേറ്ററി നോട്ടീസ് നൽകിയത്. കൃത്യമായ ശുചിത്വമില്ലായ്മ, മാലിന്യ സംസ്കരണത്തിലെ വീഴ്ച, ജീവനക്കാരുടെ വ്യക്തിശുചിത്വ കുറവ് എന്നിവ റെഗുലേറ്റർ ചൂണ്ടിക്കാണിക്കുന്നു.
ഫ്ലിപ്കാർട്ടിന്റെ ക്വിക്ക്-കൊമേഴ്‌സ് പ്ലാറ്റ്‌ഫോം വഴി വിതരണം ചെയ്ത ഓപ്പൺ സീക്രട്ടിന്റെ ‘അൺ-ജങ്ക്ഡ് ഡേറ്റ്‌സ്’ എന്ന ഈന്തപ്പഴ പാക്കറ്റിൽ പ്രാണികളെ കണ്ടെത്തിയതാണ് നടപടിക്ക് കാരണം. ഈ നോട്ടീസുകൾ പ്രാഥമിക അന്വേഷണത്തിന്റെ ഭാഗമാണെന്നും നിലവിൽ കമ്പനികൾ കുറ്റക്കാരാണെന്ന് അന്തിമമായി സ്ഥിരീകരിച്ചിട്ടില്ലെന്നും റെഗുലേറ്ററി വ്യക്തമാക്കിയിട്ടുണ്ട്. എങ്കിലും കമ്പനികൾ അടിയന്തരമായി 'ആക്ഷൻ ടേക്കൺ റിപ്പോർട്ട്' സമർപ്പിക്കണം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

