ഭക്ഷ്യവസ്തുക്കളുടെ പാക്കറ്റിൽ സ്വർണക്കടത്ത്; മുംബൈ വിമാനത്താവളത്തിൽ 9.40 കിലോ സ്വർണം പിടികൂടി
text_fieldsമുംബൈ: ഭക്ഷ്യവസ്തുക്കളുടെ പാക്കറ്റുകളിൽ അതിവിദഗ്ധമായി സ്വർണം ഒളിപ്പിച്ച് കടത്താൻ ശ്രമിച്ച മൂന്നുപേരെ മുംബൈ അന്താരാഷ്ട്ര വിമാനത്താവളത്തിൽ ഡയറക്ടറേറ്റ് ഓഫ് റവന്യൂ ഇന്റലിജൻസ് പിടികൂടി. ദുബൈയിൽനിന്ന് എത്തിയ മൂന്ന് യാത്രക്കാരിൽനിന്നാണ് ഏകദേശം 14.81 കോടി രൂപ വിലമതിക്കുന്ന സ്വർണം പിടിച്ചെടുത്തത്. സാധാരണ കസ്റ്റംസ് പരിശോധനകളിൽ എളുപ്പത്തിൽ കണ്ടെത്താൻ കഴിയാത്ത രീതിയിലാണ് സ്വർണം പാക്കറ്റുകളിൽ ഒളിപ്പിച്ചിരുന്നത്.
രഹസ്യവിവരം ലഭിച്ചതിനെ തുടർന്ന് സെപ്റ്റംബർ 23ന് പുലർച്ചെ എയർ ഇന്റലിജൻസ് യൂനിറ്റിന്റെ സഹായത്തോടെ ഡി.ആർ.ഐ സംഘം യാത്രക്കാരെ വിമാനത്താവളത്തിൽ തടഞ്ഞുനിർത്തി വിശദമായ പരിശോധന നടത്തി. പരിശോധനയിൽ ഇവരുടെ ലഗേജുകളിൽ സംശയാസ്പദമായ രീതിയിൽ സൂക്ഷിച്ചിരുന്ന ആകെ 33.50 കിലോഗ്രാം ഭാരമുള്ള വിവിധ ഭക്ഷ്യവസ്തുക്കളുടെ പാക്കറ്റുകൾ കണ്ടെത്തി.
തുടർന്ന് പാക്കറ്റുകളിലുണ്ടായിരുന്ന വസ്തുക്കൾ ലാബിലെത്തിച്ച് പ്രത്യേക പ്രക്രിയയിലൂടെ വേർതിരിച്ച് പരിശോധിച്ചതോടെയാണ് അതിനുള്ളിൽ ഒളിപ്പിച്ചിരുന്ന 9.40 കിലോഗ്രാം സ്വർണം കണ്ടെത്തിയത്. സ്വർണം പൂർണമായും തരി രൂപത്തിലുള്ള പൊടിയാക്കി മാറ്റിയ ശേഷം പാൽപ്പൊടി, ഓട്സ്, പലതരം മൈദ മാവുകൾ, ന്യൂട്ടല്ല, തേങ്ങാപ്പാൽ പൊടി എന്നിവയോടൊപ്പം കൃത്യമായി കലർത്തിയാണ് പാക്കറ്റുകളിലാക്കി സൂക്ഷിച്ചിരുന്നത്.
സംഭവത്തിൽ ഉൾപ്പെട്ട മൂന്ന് ഇന്ത്യക്കാരായ പ്രതികളെയും ഡി.ആർ.ഐ ഉദ്യോഗസ്ഥർ അറസ്റ്റ് ചെയ്തു. വിശദമായ ചോദ്യം ചെയ്യലിൽ ഇവർ ദുബൈയിൽനിന്ന് മുംബൈയിലേക്ക് സ്വർണം എത്തിക്കുന്നതിനായി ഒരേ കള്ളക്കടത്ത് സംഘത്തിന്റെ കാരിയർമാരായി പ്രവർത്തിച്ചിരുന്നതായി സമ്മതിച്ചിട്ടുണ്ട്. കേസിൽ സ്വർണക്കടത്ത് സംഘത്തിന്റെ കൂടുതൽ കണ്ണികളെ കണ്ടെത്തുന്നതിനായി അന്വേഷണം തുടരുകയാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

