ഫുഡ് ഇൻസ്പെക്ടറുടെ 96,000 രൂപയുടെ മൊബൈൽ ഫോൺ ജലസംഭരണിയിൽ വീണു; മൂന്ന് ദിവസമെടുത്ത് അടിച്ചൊഴിവാക്കിയത് 41000 ഘനമീറ്റർ വെള്ളം!
text_fieldsറായ്പൂർ: ജലസംഭരണിയിൽ വീണ ഫുഡ് ഇൻസ്പെക്ടറുടെ മൊബൈൽ ഫോൺ കണ്ടെത്താൻ അടിച്ചൊഴിവാക്കിയത് 41,000 ഘനമീറ്റർ വെള്ളം. ഛത്തിസ്ഗഢിലെ കാങ്കർ ജില്ലയിലാണ് സംഭവം. കോലിബേഡ േബ്ലാക്കിലെ ഹെൽത്ത് ഇൻസ്പെക്ടർ രാജേഷ് ബിശ്വാസിന്റെ 96,000 രൂപ വിലയുള്ള സാംസങ് ഗാലക്സി എസ്-23 മൊബൈൽ ഫോണാണ് 15 അടി വെള്ളമുള്ള ജലസംഭരണിയിൽ വീണത്. ഒഴിവ് ദിവസം ആസ്വദിക്കാൻ എത്തിയതായിരുന്നു അദ്ദേഹം. ഗ്രാമവാസികളും മുങ്ങൽ വിദഗ്ധരും ശ്രമിച്ചെങ്കിലും വീണ്ടെടുക്കാനായില്ല. ഇതോടെ ജലസേചന വകുപ്പിനെ സമീപിച്ചു. അതിപ്രധാനമായ പല രേഖകളും ഉള്ളതിനാൽ എന്ത് വിലകൊടുത്തും ഫോൺ വീണ്ടെടുക്കണമെന്നായിരുന്നു ബിശ്വാസിന്റെ ആവശ്യം.
തുടർന്ന്, അഞ്ചടി വെള്ളം ഒഴിവാക്കാൻ അധികൃതർ അനുമതി നൽകി. ആദ്യ ദിവസം 21 ലക്ഷം ലിറ്റർ വെള്ളമാണ് പമ്പ്സെറ്റ് ഉപയോഗിച്ച് ഒഴിവാക്കിയത്. മൂന്ന് ദിവസത്തെ പരിശ്രമത്തിനൊടുവിൽ ഫോൺ വീണ്ടെടുത്തെങ്കിലും പ്രവർത്തനരഹിതമായിരുന്നു. 8000 രൂപയോളമാണ് വെള്ളം അടിച്ചൊഴിവാക്കാൻ ചെലവിട്ടത്.
സംഭവം വിവാദമായതോടെ ജലസേചന ആവശ്യത്തിന് ഉപയോഗിക്കാൻ പറ്റാത്ത മലിനജലമാണ് ഒഴിവാക്കിയതെന്ന വിശദീകരണവുമായി ബിശ്വാസ് രംഗത്തെത്തി. ജലസേചന വകുപ്പിന്റെ അനുമതി തേടിയെന്നും കർഷകരെ ഒരു തരത്തിലും ബാധിക്കില്ലെന്നും അദ്ദേഹം പറഞ്ഞു. അതേസമയം, അഞ്ചടി വെള്ളം ഒഴിവാക്കാനാണ് വാക്കാൽ അനുമതി നൽകിയതെന്നും എന്നാൽ, പത്തടിയിലധികം അടിച്ചൊഴിവാക്കിയെന്നും ജലസേചന വകുപ്പ് ഡെപ്യൂട്ടി ഓഫിസർ രാംലാൽ ദിവാർ പ്രതികരിച്ചു. ഇത്രയും വെള്ളം നഷ്ടപ്പെട്ടതിന്റെ ആഘാതം പരിശോധിക്കാൻ അധികൃതർ ഉത്തരവിട്ടിട്ടുണ്ട്.
സംഭവം പുറത്തുവന്നതോടെ വിശ്വാസിനെ ജോലിയിൽനിന്ന് സസ്പെൻഡ് ചെയ്യാൻ ജില്ല കലക്ടർ പ്രിയങ്ക ശുക്ല ഉത്തരവിട്ടു. ജല വിഭവ വകുപ്പ് ഡിവിഷനൽ ഓഫിസർക്ക് കാരണം കാണിക്കൽ നോട്ടീസും നൽകിയിട്ടുണ്ട്.