ഡെലിവറി ബോയിയെ കാറിടിപ്പിച്ചുകൊന്ന് ബംഗളൂരുവിൽ മലയാളി യുവാവിന്റെ കൊടും ക്രൂരത; സി.സി.ടി.വി ദൃശ്യങ്ങൾ തെളിവായപ്പോൾ കുടുങ്ങി, ഭാര്യയും അറസ്റ്റിൽ
text_fieldsഅറസ്റ്റിലായ മനോജ് കുമാറും ഭാര്യ ആരതിയും. കൊല്ലപ്പെട്ട ദർശൻ
ബംഗളുരു: 24 വയസുള്ള ഡെലിവറി ബോയിയെ മനഃപൂർവം കാറിടിച്ച് വീഴ്ത്തി കൊലപ്പെടുത്തിയതിന് മലയാളിയായ കളരിപ്പയറ്റ് പരിശീലകനും ഭാര്യയും അറസ്റ്റിൽ. ഒക്ടോബർ 25നാണ് സംഭവം. കെമ്പട്ടള്ളി സ്വദേശിയായ ദർശൻ ആണ് ദാരുണമായി കൊല്ലപ്പെട്ടത്. സ്വാഭാവിക റോഡപകട മരണമെന്ന് ആദ്യം കരുതിയ സംഭവം സി.സി.ടി.വി ദൃശ്യങ്ങളടക്കം പരിശോധിച്ചാണ് കൊലപാതകമെന്ന് പൊലീസ് കണ്ടെത്തിയത്.
സംഭവത്തിൽ മലയാളിയായ മനോജ് കുമാറും (32) ജമ്മുകശ്മീർ സ്വദേശിയായ ഭാര്യ ആരതിശർമ (30)യുമാണ് അറസ്റ്റിലായത്. ഇവരെ 14 ദിവസത്തെ ജുഡീഷ്യൽ കസ്റ്റഡിയിൽ വിട്ടിരിക്കുകയാണ്. അഞ്ചു വർഷം മുമ്പാണ് മനോജും ആരതിയും വിവാഹിതരായത്. ദമ്പതികൾ, സ്കൂട്ടറിൽ സഞ്ചരിക്കുകയായിരുന്ന ഡെലിവറി ഏജൻറിനെ മനഃപൂർവം ഇടിച്ചുവീഴ്ത്തുന്നതിന്റെ സി.സി.ടി.വി ദൃശ്യങ്ങൾ പുറത്തുവന്നിരുന്നു. കാറിടിച്ച് തെറിച്ചു വീണ് ഗുരുതരമായി പരിക്കേറ്റാണ് ദർശൻ മരിച്ചത്.
ദക്ഷിണ ബംഗളൂരുവിലെ നടരാജ ലേഔട്ടിൽ നിന്നുള്ള സി.സി.ടി.വി ഫൂട്ടേജുകളിലാണ് ഞെട്ടിപ്പിക്കുന്ന ദൃശ്യങ്ങൾ പൊലീസിന് ലഭിച്ചത്. സംഭവദിവസം രാത്രി ദർശന്റെ സ്കൂട്ടർ, ദമ്പതികൾ സഞ്ചരിച്ച കാറിലിടിച്ചിരുന്നു. തുടർന്ന് കാറിന്റെ വലതു വശത്തെ റിയർ വ്യൂ മീറ്ററിന് ചെറിയ കേടുപാടുകൾ സംഭവിച്ചു. ഭക്ഷണം വിതരണം ചെയ്യാൻ പോവുകയായിരുന്ന ദർശൻ സംഭവത്തിൽ ദമ്പതികളോട് മാറ്റു പറഞ്ഞ് ബൈക്കോടിച്ച് പോയി. എന്നാൽ, കുപിതനായ മനോജ് കുമാർ വണ്ടി യൂടേൺ എടുത്ത് സ്കൂട്ടറിനെ പിന്തുടർന്ന് പിന്നിൽ നിന്ന് ഇടിച്ചു തെറിപ്പിക്കുകയായിരുന്നു.
ഇടിയുടെ ആഘാതത്തിൽ ദർശനും പിറകിലിരുന്ന വരുണും റോഡിലേക്ക് തെറിച്ചു വീണു. നാട്ടുകാർ ഇരുവരെയും ആശുപത്രിയിലെത്തിച്ചെങ്കിലും ദർശന്റെ ജീവൻ രക്ഷിക്കാനായില്ല. അപകടം നടന്നയുടൻ ദർശൻ മരിച്ചുവെന്നാണ് ഡോക്ടർമാർ അറിയിച്ചത്.
ദർശന്റെ സഹോദരിയാണ് മരണത്തിൽ സംശയമുണ്ടെന്ന് കാണിച്ച് ജെ.പി നഗർ ട്രാഫിക് പൊലീസിൽ പരാതി നൽകിയത്. സി.സി.ടി.വി ദൃശ്യങ്ങൾ പരിശോധിച്ചപ്പോഴാണ് ദർശന്റേത് അപകടമരണമല്ല, ക്രൂരമായ കൊലപാതകമാണെന്ന് തെളിഞ്ഞത്.
അപകടത്തിന് മിനിറ്റുകൾക്ക് മുമ്പ് ദമ്പതികൾ ബൈക്ക് യാത്രക്കാരനുമായി സംസാരിക്കുന്നത് സി.സി.ടി.വി ദൃശ്യങ്ങളിലുണ്ട്. ബൈക്കിലിടിച്ചപ്പോൾ ഇളകി വീണ കാറിന്റെ ഭാഗങ്ങൾ എടുക്കാനായി ദമ്പതികൾ തിരികെ എത്തിയതും സി.സി.ടി.വിയിൽ പതിഞ്ഞിരുന്നു.
ദർശനെ കാറിടിപ്പിക്കുന്ന വേളയിൽ ദമ്പതികൾ മുഖംമൂടി ധരിച്ചിരുന്നു. ദർശനെ കാറിടിപ്പിക്കുന്ന സമയത്ത് താൻ മാത്രമേ ഉണ്ടായിരുന്നുള്ളൂവെന്നാണ് മനോജ് കുമാർ പൊലീസിനോട് പറഞ്ഞത്. കാറിന്റെ ഭാഗങ്ങൾ എടുക്കാനായാണ് ആരതി സ്ഥലത്തേക്ക് വന്നതെന്നും മൊഴിയിലുണ്ട്. ഇക്കാര്യം പൊലീസ് പരിശോധിച്ചു വരികയാണ്. സഹോദരിയും അമ്മയുമടങ്ങുന്ന നിർധന കുടുംബത്തിന്റെ അത്താണിയായിരുന്നു ദർശൻ. പ്രതികൾക്കെതിരെ കർശന നടപടി സ്വീകരിക്കണമെന്നാണ് കുടുംബത്തിന്റെ ആവശ്യം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

