Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

ക്രിസ്റ്റഫർ നോളനും ടോം ഹോളണ്ടും ചായ കുടിച്ച മുംബൈയിലെ ഒളിമ്പിയ കോഫി ഹൗസിന്‍റെ ലൈസൻസ് റദ്ദാക്കി; കണ്ടെത്തിയത് ഗുരുതര വീഴ്ചകളെന്ന് ഭക്ഷ്യ സുരക്ഷാ അതോറിറ്റി

text_fields
bookmark_border
https://www.madhyamam.com/tags/license-suspended
cancel

മുംബൈ: ഹോളിവുഡ് ചിത്രം ദി ഒഡീസിയുടെ പ്രീമിയറിനായി ഇന്ത്യയിൽ ലോകപ്രശസ്ത സംവിധായകനായ ക്രിസ്റ്റഫർ നോളനും സൂപ്പർ താരം ടോം ഹോളണ്ടും മാറ്റ് ഡാമണും വന്നതോർമ്മയില്ലേ? മുംബൈയിലെ 108 വർഷം പഴക്കമുള്ള ഒളിമ്പിയ ചായക്കട മൂവരും സന്ദർശിച്ച ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ വൈറലായിരുന്നു. ഇപ്പോളിതാ ഭക്ഷ്യ സുരക്ഷാ അതോറിറ്റി മതിയായ ശുചിത്വം പാലിക്കാത്തതിന്‍റെ പേരിൽ ഒളിമ്പിയ ചായക്കടയുടെ ലൈസൻസ് സസ്പെന്‍റ് ചെയ്തിരിക്കുകയാണ്.

ഉത്സവകാലത്തോട് അനുബന്ധിച്ച് മഹാരാഷ്ട്രയിൽ ഫുഡ് ആൻഡ് ഡ്രഗ് അഡ്മിനിസ്ട്രേഷൻ നടത്തിയ ഭക്ഷ്യസുരക്ഷാ പരിശോധനയിൽ 14 ഭക്ഷണശാലകളുടെ ലൈസൻസ് സസ്പെൻഡ് ചെയ്തിരുന്നു. കൊളാബയിലെ 108 വർഷം പഴക്കമുള്ള പ്രശസ്തമായ ഒളിമ്പ്യ കോഫി ഹൗസ്, നായർ ആശുപത്രിയിലെ കാന്‍റീൻ എന്നിവയും ഇതിൽ ഉൾപ്പെടുന്നു.

സേഫ് ഫുഡ് സേഫ് മഹാരാഷ്ട്ര കാമ്പയിനിലൂടെ ലഭിച്ച ഉപഭോക്തൃ പരാതിയുടെ അടിസ്ഥാനത്തിലാണ് ഒളിമ്പ്യ കോഫി ഹൗസിൽ എഫ്.ഡി.എ പരിശോധന നടത്തിയത്. സെപ്റ്റംബർ 16-ന് നടന്ന പരിശോധനയിൽ ഞെട്ടിക്കുന്ന വിവരങ്ങളാണ് കണ്ടെത്തിയത്. ഭക്ഷണം സൂക്ഷിക്കുന്ന സ്ഥലത്ത് തന്നെ മൂത്രപ്പുര പ്രവർത്തിക്കുന്നതായും, ഫ്രിഡ്ജിനുള്ളിൽ ഇറച്ചിയുടെ രക്തം തളംകെട്ടി നിൽക്കുന്നതായും ഉദ്യോഗസ്ഥർ കണ്ടെത്തി. കൂടാതെ തറയിലിരുന്നാണ് ഭക്ഷണം കൈകാര്യം ചെയ്തിരുന്നത്.

പാറ്റകളുടെയും ഈച്ചകളുടെയും വലിയ ശല്യവും ഇവിടെ ഉണ്ടായിരുന്നു. വൃത്തിഹീനമായ പാചകം, പാത്രങ്ങൾ കഴുകുന്ന സ്ഥലത്തെ മോശം അവസ്ഥ, മലിനജലത്തിന്റെ ഉപയോഗം, വെജ് - നോൺ വെജ് ഭക്ഷണങ്ങൾ വെവ്വേറെ സൂക്ഷിക്കാതിരിക്കുക, എന്നിങ്ങനെയുള്ള ഗുരുതര വീഴ്ചകളാണ് പരിശോധനയിൽ തെളിഞ്ഞത്. ഭക്ഷണം കൈകാര്യം ചെയ്യുന്ന ജീവനക്കാർ അനുയോജ്യമായ സുരക്ഷാ വസ്ത്രങ്ങൾ ധരിച്ചിരുന്നില്ലെന്നും എഫ്.ഡി.എ വ്യക്തമാക്കി.

ഒളിമ്പ്യയിലെ 35 ജീവനക്കാരിൽ 34 പേർക്കും നിർബന്ധിതമായ ഭക്ഷ്യസുരക്ഷാ പരിശീലനം ലഭിച്ചിരുന്നില്ല. ജലപരിശോധനാ റിപ്പോർട്ടുകളോ ശുചീകരണ രേഖകളോ ഇവിടെ ലഭ്യമായിരുന്നില്ല. ഇതേത്തുടർന്ന്, 2006-ലെ ഫുഡ് സേഫ്റ്റി ആൻഡ് സ്റ്റാൻഡേർഡ് ആക്ടിന്റെ സെക്ഷൻ 32(3) പ്രകാരം ഒളിമ്പ്യയുടെ ലൈസൻസ് സസ്പെൻഡ് ചെയ്തു. പോരായ്മകൾ പരിഹരിച്ച് വീണ്ടും പരിശോധന നടത്തിയ ശേഷം മാത്രമേ തുടർനടപടികൾ സ്വീകരിക്കുകയുള്ളൂവെന്നും അതുവരെ ഭക്ഷണം വാങ്ങുന്നതും പാകം ചെയ്യുന്നതും വിൽക്കുന്നതും വിതരണം ചെയ്യുന്നതും പൂർണ്ണമായി നിർത്തിവെക്കാനും എഫ്.ഡി.എ കർശന നിർദ്ദേശം നൽകിയിട്ടുണ്ട്.

സംസ്ഥാനത്തൊട്ടാകെ 27 ഭക്ഷണശാലകളിലാണ് എഫ്.ഡി.എ പരിശോധന നടത്തിയത്. ഇതിൽ 13 സ്ഥാപനങ്ങൾക്ക് പോരായ്മകൾ പരിഹരിക്കാൻ നോട്ടീസ് നൽകി. പരിശോധനയുടെ ഭാഗമായി സംസ്ഥാനത്തുടനീളം 7.38 ലക്ഷം രൂപ വിലമതിക്കുന്ന 2,813 കിലോഗ്രാം പാലും പാലുൽപ്പന്നങ്ങളും പിടിച്ചെടുത്തു. ഇതിന് പുറമെ 4.66 ലക്ഷം രൂപ വിലവരുന്ന 2,580.7 കിലോഗ്രാം മറ്റ് ഭക്ഷ്യവസ്തുക്കളും എഫ്.ഡി.എ പിടിച്ചെടുത്തിട്ടുണ്ട്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - food and safety department suspended licence of 108-year-old Olympia Coffee House
Next Story