തർക്കത്തെ തുടർന്ന് ഓടുന്ന ട്രെയിനിൽ നിന്ന് സഹയാത്രികൻ യുവാവിനെ തള്ളിയിട്ടു
text_fieldsകൊൽക്കത്ത: തർക്കത്തെ തുടർന്ന് ഓടുന്ന ട്രെയിനിൽ നിന്ന് യുവാവിനെ തള്ളിയിട്ട് സഹയാത്രികൻ. പശ്ചിമ ബംഗാളിലാണ് ശനിയാഴ്ച രാത്രി ഹൗറ-മാൾഡ ടൗൺ ഇന്റർസിറ്റി എക്‌സ്പ്രസിൽ ബിർഭും ജില്ലയിലെ താരാപിത്ത് റോഡിനും രാംപൂർഹട്ടിനും ഇടയിലാണ് സംഭവം. ഇതിന്റെ വീഡിയോ സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്നുണ്ട്. സംഭവത്തിൽ റെയിൽവേ പൊലീസ് ഒരാളെ അറസ്റ്റ് ചെയ്തു. മറ്റ് ചിലർക്കും സംഭവത്തിൽ പങ്കുണ്ടെന്നാണ് ഉദ്യോഗസ്ഥരുടെ സംശയം.
സജൽ ശൈഖ് എന്ന യുവാവിനെയാണ് ട്രെയിനിൽ നിന്ന് തള്ളിയിട്ടതെന്ന് പൊലീസ് തിരിച്ചറിഞ്ഞിട്ടുണ്ട്. സ്ത്രീകളുൾപ്പെടെ യാത്രക്കാരെ അധിക്ഷേപിക്കുകയും ഭീഷണിപ്പെടുത്തുകയും ചെയ്തുവെന്നാരോപിച്ചാണ് ഇയാളെ ട്രെയിനിൽ നിന്ന് തള്ളിയിട്ടതെന്ന് പൊലീസ് പറഞ്ഞു.
യാത്രക്കാരെ ഭീഷണിപ്പെടുത്തിയ ശേഷം ശൈഖ് തന്റെ കാലുകൾ മറ്റ് യാത്രക്കാരുടെ സീറ്റിൽ കയറ്റിവെച്ച് ഫോണിൽ സംസാരിച്ചിരുന്നുവെന്നും ആരോപണമുണ്ട്.
വിഡിയോയുടെ തുടക്കത്തിൽ ചെക്ക് ഷർട്ട് ധരിച്ച ഒരാൾ സജലുമായി വഴക്കിടുന്നത് കാണാം. കുറച്ച് നിമിഷങ്ങൾക്ക് ശേഷം, ദേഹോപദ്രവം അവസാനിപ്പിച്ചെങ്കിലും വാക്കാലുള്ള ഏറ്റുമുട്ടൽ തുടരുന്നു.
സജൽ സഹയാത്രികനെ പ്രകോപിപ്പിക്കുന്ന രീതിയിൽ സംസാരിക്കുകയും വീണ്ടും വഴക്ക് ആരംഭിക്കുകയും ചെയ്യുന്നു. അതിനിടെ ചെക്ക് ഷർട്ട് ധരിച്ചയാൾ സജലിനെ ട്രെയിനിൽ നിന്ന് തള്ളിയിട്ടു.
ഇയാളെ വണ്ടിയിൽ നിന്ന് തള്ളിയിട്ട ശേഷം ഒരു ഭാവമാറ്റവുമില്ലാതെ യാത്രക്കാരൻ തന്റെ സീറ്റിലേക്ക് മടങ്ങുന്നതാണ് വിഡിയോയിലുള്ളത്.
ട്രെയിനിൽ നിന്ന് വീണ് പരിക്കേറ്റ സജലിനെ റെയിൽവേ പൊലീസ് രക്ഷപ്പെടുത്തി രാംപൂർഹട്ട് മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇയാളുടെ നില തൃപ്തികരമാണെന്നാണ് വിവരം.
സൈന്തിയയിൽ നിന്നാണ് താൻ ട്രെയിൻ കയറിയതെന്ന് സജൽ പൊലീസിനോട് പറഞ്ഞു. സഹയാത്രികരുടെ മോശം പെരുമാറ്റത്തിൽ പ്രതിഷേധിച്ചപ്പോൾ ട്രെയിനിൽ നിന്ന് തന്നെ തള്ളിയിടുകയായിരുന്നെന്ന് ഇയാൾ ആരോപിച്ചു.
'ഞാൻ വീട്ടിലേക്ക് പോവുകയായിരുന്നു. കമ്പാർട്ട്മെന്റിൽ മൂന്ന്-നാല് പേർ മോശം കമന്റുകൾ പറഞ്ഞു. അവരുടെ അടുത്ത് ഒരു കുടുംബവും ഇരിക്കുന്നുണ്ടായിരുന്നു. അതിനാൽ അങ്ങനെ പെരുമാറരുത് എന്ന് ഞാൻ അവരോട് പറഞ്ഞു. അത് എന്റെ തെറ്റായിരുന്നു' സജൽ പറഞ്ഞു.
'അവരിൽ ഒരാൾ എഴുന്നേറ്റു വന്ന് എന്നെ കോളറിൽ പിടിച്ച് ഭീഷണിപ്പെടുത്തി. അയാളെ ഭയപ്പെടുത്താൻ ഞാൻ പോക്കറ്റിൽ നിന്ന് ഒരു ബ്ലേഡ് പുറത്തെടുത്തു. തൊട്ടടുത്ത നിമിഷം ഞാൻ റെയിൽ പാളത്തിലാണ് കിടക്കുന്നത്. എന്താണ് സംഭവിച്ചതെന്ന് എനിക്ക് മനസ്സിലായില്ല. ഞാൻ കുറച്ചു നേരം ബോധരഹിതനായി. ബോധം വന്നപ്പോൾ റെയിൽവേ ലൈനിൽ കിടക്കുകയാണ്. വേദന കാരണം കൈകളും കാലുകളും തലയും എല്ലാം മരവിച്ചു' സജൽ കൂട്ടിച്ചേർത്തു. സംഭവത്തിൽ പൊലീസ് അന്വേഷണം നടത്തിവരികയാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

