സ്വന്തം കാര്യം ശ്രദ്ധിക്കുന്നതാണ് നല്ലത്... -ഉമർ ഖാലിദ് വിഷയത്തിൽ പ്രതികരിച്ച മംദാനിയോട് കേന്ദ്ര സർക്കാർ
text_fieldsന്യൂ ഡൽഹി: ജയിലിൽ കഴിയുന്ന ഉമർ ഖാലിദിന് പിന്തുണ പ്രഖ്യാപിച്ച ന്യൂയോർക്ക് മേയർ സൊഹ്റാൻ മംദാനിക്കെതിരെ വിമർശനവുമായി കേന്ദ്രം. മറ്റ് രാജ്യത്തെ ജുഡീഷ്യറിയെ അവഹേളിക്കുന്ന തരത്തിലുള്ള പ്രസ്താവനകൾ ഒഴിവാക്കുന്നതാണ് നല്ലതെന്ന് വിദേശകാര്യ മന്ത്രാലയം പറഞ്ഞു.
‘മറ്റ് രാജ്യങ്ങളിലെ ജനപ്രതിനിധികൾ നിയമവ്യവസ്ഥയുടെ സ്വാതന്ത്ര്യത്തെ ബഹുമാനിക്കണം. വ്യക്തിപരമായ മുൻവിധികൾ പ്രകടിപ്പിക്കുന്നത് അധികാരം കൈകാര്യം ചെയ്യുന്നവർക്ക് ചേർന്നതല്ല. അതിനു പകരം സ്വന്തം കടമകളിലും ഉത്തരവാദിത്വത്തിലും ശ്രദ്ധ കേന്ദ്രീകരിക്കുന്നതാണ് നല്ലത്’ എന്ന് വിദേശകാര്യ മന്ത്രാലയം വക്താവ് രൺധീർ ജയ്സ്വൽ പറഞ്ഞു.
തിഹാർ ജയിലിൽ യു.എ.പി.എ ചുമത്തപ്പെട്ട് തടവിൽ കഴിയുന്ന ജെ.എൻ.യു മുൻ വിദ്യാർഥി കൂടിയായ ഉമർ ഖാലിദിനെ സംബോധന ചെയ്ത് മംദാനി എഴുതിയ കുറിപ്പ് ഉമറിന്‍റെ സുഹൃത്ത് ബനജ്യോത്സന ലാഹിരി പുറത്തുവിട്ടിരുന്നു. ന്യൂയോർക്ക് മേയറായി മംദാനി അധികാരത്തിലേറിയ ദിവസമാണ് കത്തിന്റെ ഫോട്ടോ സമൂഹമാധ്യമത്തിൽ പങ്കുവെച്ചത്. ഉമർ ഖാലിദിന്‍റെ മാതാപിതാക്കളുമായി കൂടിക്കാഴ്ച നടത്തിയ ശേഷമാണ് മംദാനി കത്തെഴുതിയിരുന്നത്.
‘കയ്പ്പുനിറഞ്ഞ അനുഭവങ്ങൾ ഒരാളെ സ്വയം നശിപ്പിക്കാൻ അനുവദിക്കാതിരിക്കേണ്ടതിന്റെ പ്രാധാന്യത്തെക്കുറിച്ചുള്ള നിങ്ങളുടെ വാക്കുകൾ ഞാൻ പലപ്പോഴും ഓർക്കുന്നു. നിങ്ങളുടെ മാതാപിതാക്കളെ കാണാൻ കഴിഞ്ഞതിൽ സന്തോഷമുണ്ട്. ഞങ്ങൾ എല്ലാവരും നിങ്ങളെക്കുറിച്ച് ചിന്തിക്കുന്നു’ -സ്വന്തം കൈപ്പടയിൽ മംദാനി കുറിച്ചു. നേരത്തെ ന്യൂയോർക്ക് സ്റ്റേറ്റ് അസംബ്ലി അംഗമായിരുന്ന കാലത്തും ഉമർ ഖാലിദിന്‍റെ തടവ് നീളുന്നതിനെതിരെ മംദാനി പരസ്യമായി രംഗത്തെത്തിയിരുന്നു. ഉമറിന്‍റെ മാതാപിതാക്കൾ യു.എസ് സന്ദർശിച്ച വേളയിലാണ് മംദാനി കത്ത് കൈമാറിയതെന്ന് റിപ്പോർട്ടുണ്ട്.
വിഷയത്തിൽ മംദാനിക്കെതിരെ ബി.ജെ.പിയും രംഗത്തുവന്നിരുന്നു. ന്യൂയോർക്ക് മേയർ ഇന്ത്യയുടെ ആഭ്യന്തരകാര്യങ്ങളിൽ ഇടപെടുന്നുവെന്നായിരുന്നു ബി.ജെ.പിയുടെ ആരോപണം. ഒരു കുറ്റാരോപിതനെ പിന്തുണച്ചോ ഇന്ത്യയുടെ ആഭ്യന്തരകാര്യങ്ങളിൽ ഇടപെടുകയോ ചെയ്താൽ രാജ്യം അത് സഹിക്കില്ലെന്നായിരുന്നു മംദാനിയുടെ പേരെടുത്ത് പറയാതെ ബി.ജെ.പി വക്താവ് ഗൗരവ് ഭാട്ടിയയുടെ പ്രതികരണം.
ഇതിനിടെ ജനുവരി അഞ്ചിന് ഡൽഹി കലാപക്കേസ് പരിഗണിച്ച സുപ്രീം കോടതി ഉമർ ഖാലിദിനും ശർജീൽ ഇമാമിനും ജാമ്യം നിഷേധിച്ചിരുന്നു. അതേസമയം ജയിലിലായിരുന്ന ഗുൽഫിഷ ഫാത്തിമ, മീരാൻ ഹൈദർ, ശിഫാഉർറഹ്മാൻ, മുഹമ്മദ് സലീം ഖാൻ, ശദാബ് അഹ്മദ് അടക്കമുള്ളവർക്ക് ജാമ്യം അനുവദിച്ചിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

