`പഠനത്തിൽ ശ്രദ്ധിക്കണം': ജയിലിൽനിന്ന് വിദ്യാർഥികൾക്ക് സിസോദിയയുടെ സന്ദേശം, വായിച്ചു കേൾപ്പിച്ച് കെജ്രിവാൾ
text_fieldsന്യൂഡൽഹി: മദ്യനയവുമായി ബന്ധപ്പെട്ട അഴിമതിക്കേസിൽ ജയിലിൽ കഴിയുന്ന ഡൽഹി മുൻ വിദ്യാഭ്യാസ മന്ത്രി മനീഷ് സിസോദിയ തലസ്ഥാനത്തെ വിദ്യാർഥികൾക്കൊരു സന്ദേശം അയച്ചതായി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാൾ. “എനിക്ക് സുഖമാണ്- ഞാൻ എവിടെയായിരുന്നാലും. എന്നെക്കുറിച്ച് വിഷമിക്കേണ്ടതില്ല. നിങ്ങൾ പഠനത്തിൽ ശ്രദ്ധിക്കുക,” തെൻറ മുൻ ഉപമുഖ്യമന്ത്രിയുടെ സന്ദേശം കെജ്രിവാൾ വായിച്ചു. തുടർന്ന്, അദ്ദേഹം പറഞ്ഞു.
“ഇന്ന് ഞങ്ങളുടെ കൂടെ മനീഷ് ജി ഇല്ല. കുറച്ച് ദിവസങ്ങൾക്ക് മുമ്പ്, ചില വിദ്യാർഥികൾ എന്റെ അടുത്ത് വന്ന് പറഞ്ഞു, അധ്യാപകരുൾപ്പെടെ എല്ലാവരും സിസോദിയെ കാണാൻ ആഗ്രഹിക്കുന്നുവെന്ന്. കള്ളക്കേസുകൾ ചുമത്തിയാണ് മനീഷ് സിസോദിയയെ അറസ്റ്റ് ചെയ്തതെന്നും കുട്ടികൾ പറഞ്ഞു. അത് ലോകത്തിന് മുഴുവൻ അറിയാമെന്ന് ഞാൻ മറുപടി നൽകിയതായി കെജ്രിവാൾ പറഞ്ഞു.
“അദ്ദേഹം ജയിലിൽ തുടരുകയാണ്. എന്നിട്ടും നിങ്ങളുടെ വിദ്യാഭ്യാസത്തെയും ആരോഗ്യത്തെയും കുറിച്ച് അദ്ദേഹം ആശങ്കാകുലനാണ്. നിങ്ങൾ ഉയർന്ന മാർക്ക് നേടണം. ദൈവം അദ്ദേഹത്തെ പരീക്ഷിക്കുകയാണ്, പക്ഷേ അദ്ദേഹം നൂറു ശതമാനം മാർക്കോടെ പുറത്തുവരും, കെജ്രിവാൾ കൂട്ടിച്ചേർത്തു. ഡൽഹി എക്സൈസ് നയ അഴിമതിയുമായി ബന്ധപ്പെട്ട് മനീഷ് സിസോദിയയെ സി.ബി.ഐ കഴിഞ്ഞ മാസമാണ് അറസ്റ്റ് ചെയ്തത്. കസ്റ്റഡി കാലാവധി അവസാനിക്കാനിരിക്കെ, എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് മനീഷിനെ അറസ്റ്റ് ചെയ്യുകയും ഇഡിയുടെ കസ്റ്റഡിയിൽ തുടരുകയുമാണ്. കസ്റ്റഡി കൂടുതൽ നീട്ടിയില്ലെങ്കിൽ മാർച്ച് 22 ന് അവസാനിക്കും.