സൗജന്യപദ്ധതികൾ സംസ്ഥാനങ്ങളെ കടബാധ്യതയിൽ കുരുക്കുന്നു; ആശങ്കാജനകമെന്ന് കേന്ദ്ര ധനമന്ത്രി
text_fieldsന്യൂഡൽഹി: സംസ്ഥാനങ്ങൾ സൗജന്യങ്ങൾ നൽകാൻ മത്സരിക്കുന്നത് ആശങ്കാജനകമായ സാഹചര്യമുണ്ടാക്കുന്നുവെന്ന് കേന്ദ്ര ധനമന്ത്രി നിർമല സീതാരാമൻ. ആനുകൂല്യങ്ങളല്ല, മറിച്ച് സംസ്ഥാന ബജറ്റുകൾക്ക് താങ്ങാനാവാത്തവയാണ് ഇവയിൽ പലതുമെന്നതാണ് ആശങ്കയുണ്ടാക്കുന്നതെന്നും മന്ത്രി പറഞ്ഞു.
സംസ്ഥാനങ്ങൾ ഇത്തരം സൗജന്യ പദ്ധതികൾക്ക് കടമെടുത്താണ് പണം കണ്ടെത്തുന്നത്. ഈ വായ്പ തിരിച്ചടക്കാൻ തുടർന്നും വായ്പയെടുക്കുന്നു. ഇത് വലിയ ബാധ്യതകൾ സൃഷ്ടിക്കുന്നു, ഇത്തരം പ്രവണത ഒട്ടും ആശാസ്യമല്ലെന്നും നിർമല പറഞ്ഞു.
തങ്ങളുടെ കടം പുനരേകീകരിക്കുന്നതിനായി ഇതിനകം നിരവധി സംസ്ഥാനങ്ങൾ കേന്ദ്രസർക്കാറിനെ സമീപിച്ചിട്ടുണ്ടെന്നും നിർമല വെളിപ്പെടുത്തി. ഫണ്ട് നൽകിയല്ല, പകരം ധനവകുപ്പിലെ വിദഗ്ദരുടെ സഹായം ഏർപ്പെടുത്തിയാണ് കേന്ദ്രം സംസ്ഥാനങ്ങൾക്ക് പിന്തുണ നൽകുന്നതെന്നും മന്ത്രി പറഞ്ഞു.
പുനരേകീകരണത്തിന്റെ ഭാഗമായി, തിരിച്ചടക്കാൻ പരാജയപ്പെട്ട പഴക്കമുള്ള, ചെലവേറിയ വായ്പകൾ സംസ്ഥാനങ്ങൾ പിഴയടക്കം മാറ്റിയെടുക്കേണ്ടി വരും. പദ്ധതിയിൽ ഇതിനകം നിരവധി സംസ്ഥാനങ്ങൾ താത്പര്യം പ്രകടിപ്പിച്ച് മുന്നോട്ടുവന്നിട്ടുണ്ട്. പല സംസ്ഥാനങ്ങൾക്കും വായ്പ പുനരേകീകരണത്തിന്റെ പ്രയോജനം ഇതിനകം ലഭിച്ചിട്ടുണ്ടെന്നും ധനമന്ത്രി പറഞ്ഞു.
കസ്റ്റംസ് സംവിധാനത്തിൽ അഴിച്ചുപണി
രാജ്യത്തിന്റെ കസ്റ്റംസ് സംവിധാനത്തിൽ അടിമുടി പൊളിച്ചെഴുത്തുണ്ടാവുമെന്നും നിർമല സീതാരാമൻ വെളിപ്പെടുത്തി. ലളിതവും സുതാര്യവുമായ കസ്റ്റംസ് നിയമങ്ങളാണ് രാജ്യത്തിനാവശ്യം. അന്താരാഷ്ട്ര നിയമങ്ങളുമായി ചേർന്ന് നിൽക്കുമ്പോൾ തന്നെ, നടപ്പാക്കുന്നതിലുള്ള വിടവുകൾ നിയമങ്ങളുടെ ക്ഷമതയെ വലിയ തോതിൽ ബാധിക്കുന്നുണ്ട്. സാങ്കേതികത വിദ്യയിലൂന്നി, ആദായ നികുതിയിൽ നടപ്പിൽ വരുത്തിയതിന് സമാനമാവും പരിഷ്‍കാരമെന്നും നിർമല സീതാരാമൻ വ്യക്തമാക്കി.
കഴിഞ്ഞ രണ്ട് വർഷമായി കസ്റ്റംസ് തീരുവ ക്രമാനുഗതമായി കുറച്ചിട്ടുണ്ട്. എന്നാൽ, കൂടുതൽ പ്രായോഗികമാക്കുന്നതിനായി ചില സ്‍ലാബുകൾ ഇനിയും പരിഷ്‍കരിക്കേണ്ടതുണ്ട്. വരുന്ന ബജറ്റിൽ ഇതുസംബന്ധിച്ച നിർണായക തീരുമാനങ്ങളുണ്ടായേക്കുമെന്ന സൂചനയും മന്ത്രി നൽകി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

