വിമാനത്തിൽ മദ്യപിച്ച് യാത്രക്കാരെയും ജീവനക്കാരെയും അസഭ്യം പറഞ്ഞ രണ്ടുപേർ അറസ്റ്റിൽ
text_fieldsമുംബൈ: വിമാനത്തിൽ മദ്യപിച്ച് യാത്രക്കാരെയും ജീവനക്കാരെയും അസഭ്യം പറഞ്ഞ രണ്ട് പേരെ പൊലീസ് അറസ്റ്റ് ചെയ്തു. ദുബൈയിൽ നിന്നും മുംബൈയിലേക്കുള്ള ഇൻഡിഗോ വിമാനത്തിൽ ബുധനാഴ്ചയാണ് സംഭവം.
പാൽഘർ കോലാപൂർ സ്വദേശികളായ രണ്ടുപേരാണ് അറസ്റ്റിലായത്. ഒരു വർഷത്തോളം ദുബൈയിൽ ജോലി ചെയ്ത് നാട്ടിലേക്ക് മടങ്ങുന്നതിനിടെയാണ് ഫ്ലൈറ്റിൽ വെച്ച് ഇരുവരും മദ്യപിക്കുകയും യാത്രക്കാരെ അസഭ്യം പറയുകയും ചെയ്തത്. മദ്യപിച്ച് ബഹളം വെക്കുന്നത് സഹയാത്രികർ എതിർത്തപ്പോൾ ഇരുവരും അസഭ്യം വിളിക്കുകയായിരുന്നു. പ്രശ്നത്തിൽ വിമാനത്തിലെ ജീവനക്കാർ ഇടപെടാൻ ശ്രമിച്ചപ്പോൾ അവരെയും അധിക്ഷേപിച്ചു. തുടർന്ന് ജീവനക്കാർ അവരുടെ മദ്യക്കുപ്പികൾ എടുത്ത് മാറ്റുകയും ചെയ്തു.
വിമാനം മുംബൈയിൽ ലാൻഡ് ചെയ്തതിന് ശേഷം ഇരുവരെയും പൊലീസ് അറസ്റ്റ് ചെയ്തെന്നും പിന്നീട് ജാമ്യത്തിൽ വിട്ടെന്നും ഉദ്യോഗസ്ഥർ അറിയിച്ചു.
ഈ വർഷം യാത്രക്കാരിൽ നിന്നുള്ള മോശം പെരുമാറ്റത്തെ തുടർന്ന് രജിസ്റ്റർ ചെയ്യുന്ന ഏഴാമത്തെ കേസാണിതെന്നും ഉദ്യോഗസ്ഥർ കൂട്ടിച്ചേർത്തു.