ജമ്മു കശ്മീരിൽ മേഘ വിസ്ഫോടനവും മിന്നൽപ്രളയവും; ഒമ്പത് മരണം
text_fieldsജമ്മു: ശക്തമായ മഴക്കു പിന്നാലെ ജമ്മു കശ്മീരിൽ മേഘ വിസ്ഫോടനവും മിന്നൽ പ്രളയവും. ജമ്മുവിലെ ദോഡ, കത്വ, കിഷ്ത്വാർ തുടങ്ങിയ ജില്ലകളിലാണ് ചൊവ്വാഴ്ച ശക്തമായ മഴയും മിന്നൽ പ്രളയവുമുണ്ടായത്. മേഘവിസ്ഫോടനത്തെ തുടർന്നുണ്ടായ മിന്നൽ പ്രളയത്തിലും മഴക്കെടുതികളിലും ഒമ്പതുപേർ പേർ മരിച്ചു. നിരവധിപേരെ കാണാതായതാണ് റിപ്പോർട്ട്. കത്വ, സംബ, ദോഡ, ജമ്മു, റംബാൻ, കിഷ്ത്വാർ തുടങ്ങിയ ജില്ലകളിൽ ശക്തമായ മഴ പെയ്യുമെന്ന് നേരത്തെ മുന്നറിയിപ്പ് നൽകിയിരുന്നു.
ദോഡ ജില്ലയിലുണ്ടായ മിന്നൽപ്രളയത്തിലാണ് നാലുപേർക്ക് ജീവഹാനി സംഭവിച്ചത്. സംസ്ഥാനത്ത് തുടർച്ചയായ മൂന്നാം ദിനമാണ് മഴ തുടരുന്നത്. നദികൾ കവിഞ്ഞൊഴുകിയും, മലയിടിഞ്ഞ് ഉരുൾപൊട്ടിയുമാണ് സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ നാശനഷ്ടങ്ങളുണ്ടായത്. ദേശീയ, സംസ്ഥാന പാതകളിലെ ഗതാഗതം താറുമാറായതായി റിപ്പോർട്ടുണ്ട്.
ജമ്മുവിലെ വൈഷ്ണവദേവി ക്ഷേത്രത്തിലേക്കുള്ള തീർത്ഥാടനം നിർത്തിവെച്ചു. വൈഷ്ണവദേവി ക്ഷേത്രത്തിലേക്കുള്ള പാതയിലുണ്ടായ മണ്ണിടിച്ചലിലാണ് നാലു പേർ മരിച്ചത്. നിരവധി പേർക്ക് പരിക്കേറ്റതായും, വീടുകളും കെട്ടിടങ്ങളും തകർന്നതായും റിപ്പോർട്ട് ചെയ്യുന്നു.
ദോഡ ജില്ലയിലാണ് ഏറ്റവും രൂക്ഷമായ മഴക്കെടുതികൾ നേരിട്ടത്. പത്തോളം വീടുകൾ തകർന്നു. കത്ര, ഉധംപൂർ, ജമ്മു റെയിൽവേ സ്റ്റേഷനുകളിൽ നിന്നുള്ള 18ഓളം ട്രെയിനുകൾ റദ്ദാക്കിയതായി വടക്കൻ റെയിൽവേ അറിയിച്ചു. മേഖലയിലെ പ്രധാന നദികളെല്ലാം കരകവിഞ്ഞൊഴുകുകയും അപകട നിലയിലെത്തുകയും ചെയ്തതായി ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.
ജമ്മു-ശ്രീനഗർ ദേശീയ പാതയിൽ 250 കിലോമീറ്ററോളം ചൊവ്വാഴ്ച രാവിലെ മുതൽ ഗതാഗത നിരോധനം ഏർപ്പെടുത്തി. ഉരൂൾപൊട്ടൽ, മണ്ണിടിച്ചൽ മുന്നറിയിപ്പിനെ തുടർന്നാണ് ഗതാഗത വിലക്കേർപ്പെടുത്തിയത്.
രക്ഷാ പ്രവർത്തനത്തിന് സൈന്യം രംഗത്തിറങ്ങിയിട്ടുണ്ട്. ഫോൺ, ഇന്റർനെറ്റ് ബന്ധവും താറുമാറായി.
മലയിടിഞ്ഞ് റോഡിലേക്കും വാഹനങ്ങൾക്ക് മുകളിലേക്കും വീഴുന്ന ദൃശ്യങ്ങളും, കവിഞ്ഞൊഴുകുന്ന നദികളിലെ നടപ്പാതകളും പുഴകളും ഒലിച്ചുപോകുന്നതുമായ ഭീതിജനകമായ ദൃശ്യങ്ങളാണ് പുറത്തു വരുന്നത്.
സംസ്ഥാനത്തെ സാഹചര്യങ്ങൾ ഗുരുതരമാണെന്നും ജനങ്ങൾ ജാഗ്രത പാലിക്കണമെന്നും മുഖ്യമന്ത്രി ഒമർ അബ്ദുല്ല അറിയിച്ചു. സ്ഥിതിഗതികൾ വിലയിരുത്താനായി മുഖ്യമന്ത്രി ദുരന്തബാധിത മേഖലയിലെത്തും. അപകടസാധ്യതയുള്ള സ്ഥലങ്ങളിൽ നിന്നും ജനങ്ങൾ മാറി താമസിക്കണമെന്നും, ജാഗ്രതാ നിർദേശം പാലിക്കണമെന്നും അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

