പ്രളയ ദുരിതാശ്വാസം; കശ്മീരിനും ജമ്മുവിനും ഇടയിൽ വിവേചനം ഉണ്ടാവില്ല -ഉമർ അബ്ദുല്ല
text_fieldsശ്രീനഗർ: പ്രകൃതി ദുരന്തങ്ങൾ ബാധിക്കപ്പെട്ട ജനതക്കിടയിൽ സഹായം വിതരണം ചെയ്യുമ്പോൾ ജമ്മുവെന്നോ കശ്മീരെന്നോ വിവേചനം കാണിക്കില്ലെന്ന് ജമ്മു കശ്മീർ മുഖ്യമന്ത്രി ഉമർ അബ്ദുല്ല. ഓരോ ഭൂരഹിത കുടുംബത്തിനും പാർപ്പിട ആവശ്യങ്ങൾക്കായി മാത്രം സർക്കാർ ഭൂമി അനുവദിക്കുന്നതിനുള്ള നിർദേശം തന്റെ സർക്കാറിന്റെ പരിഗണനയിലാണെന്നും അദ്ദേഹം നിയമസഭയിൽ പറഞ്ഞു.
നടന്നുകൊണ്ടിരിക്കുന്ന നിയമസഭാ സമ്മേളനത്തിന്റെ രണ്ടാംദിനം ബി.ജെ.പി എം.എൽ.എ ഷാം ലാൽ ശർമ ഉന്നയിച്ച ചോദ്യത്തിന് മറുപടി നൽകുകയായിരുന്നു ഉമർ. പ്രളയ ബാധിതരുടെ പുനഃരധിവാസത്തിനായി സർക്കാർ ‘പുതിയ നയം’ രൂപീകരിച്ചിട്ടുണ്ടോ എന്ന് ശർമ ചോദിച്ചിരുന്നു. ഇതിനായി പുതിയ നയമൊന്നുമില്ലെന്ന് പറഞ്ഞ മുഖ്യമന്ത്രി, തന്റെ സർക്കാറിന്റെ ഭാഗത്തുനിന്ന് പ്രാദേശിക പക്ഷപാതം ഉണ്ടെന്ന പ്രതിപക്ഷത്തിന്റെ ആരോപണങ്ങൾ നിഷേധിക്കുകയും ചെയ്തു.
‘അത് ഞങ്ങളുടെ രാഷ്ട്രീയമല്ല. മതത്തെ അടിസ്ഥാനമാക്കിയുള്ള രാഷ്ട്രീയം കളിക്കുന്നത് ബി.ജെ.പിയാണ്. രാജ്യത്തെ ജനസംഖ്യയുടെ 15 ശതമാനത്തെ പ്രാതിനിധ്യത്തിൽ നിന്ന് മാറ്റി നിർത്തിയത് ബി.ജെ.പിയാണ്. ലോക്സഭയിലോ രാജ്യസഭയിലോ ബി.ജെ.പിക്ക് ഒരു മുസ്‍ലിം എം.പി പോലും ഇല്ലെന്നും’ അദ്ദേഹം ചൂണ്ടിക്കാട്ടി.
‘പ്രളയബാധിത സ്ഥലങ്ങളിലേക്ക് കേന്ദ്ര സർക്കാർ അവരുടെ സംഘത്തെ അയച്ചു. നാശനഷ്ടങ്ങൾ വിലയിരുത്താൻ ഞങ്ങളുടെ ആളുകൾ അവരോടൊപ്പം പ്രവർത്തിച്ചു. ആഭ്യന്തരമന്ത്രിയും ചില പ്രദേശങ്ങൾ സന്ദർശിച്ചു. അവിടെ തങ്ങളുടെ രാഷ്ട്രീയമല്ല എന്നും ഉമർ ഊന്നിപ്പറഞ്ഞു.
സംസ്ഥാന സർക്കാറിന്റെ സ്വന്തം വിലയിരുത്തലിൽ, 2014ലെ വെള്ളപ്പൊക്കവുമായി താരതമ്യപ്പെടുത്തുമ്പോൾ ജമ്മുവിലെ നാശനഷ്ടം കശ്മീരിലേതിനേക്കാൾ കൂടുതലാണെന്ന് അദ്ദേഹം പറഞ്ഞു. ‘ഈ നാശനഷ്ടങ്ങൾ തുല്യമാക്കാൻ ഞങ്ങൾ ഒരു ശ്രമവും നടത്തിയിട്ടില്ല. ഞങ്ങൾ ഒരു പാക്കേജ് തയ്യാറാക്കിയിട്ടുണ്ട്. അത് കേന്ദ്രത്തിന് അയക്കാൻ പോകുന്നു. കേന്ദ്ര സർക്കാറിന്റെ അംഗീകാരം ലഭിച്ചാലുടൻ, ഞങ്ങൾ ദുരിതാശ്വാസ വിതരണം ആരംഭിക്കും. പ്രദേശത്തിന്റെയോ മതത്തിന്റെയോ ആശങ്കകൾ ഇതിൽ പരിഗണിക്കില്ല’ -അദ്ദേഹം പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

