യോഗ്യതയില്ലാത്ത പൈലറ്റുമായി വിമാനം പറത്തി: എയർ ഇന്ത്യക്ക് 90 ലക്ഷം രൂപ പിഴ
text_fieldsന്യൂഡൽഹി: മതിയായ യോഗ്യതയില്ലാത്ത പൈലറ്റുമായി വിമാനം സർവീസ് നടത്തിയെന്ന ഗുരുതര പിഴവിന് എയർ ഇന്ത്യക്ക് ഡയറക്ടർ ജനറൽ ഓഫ് സിവിൽ ഏവിയേഷൻ (ഡി.ജി.സി.എ) 90 ലക്ഷം രൂപ പിഴ ചുമത്തി.
കൂടാതെ, വീഴ്ചയുടെ പേരിൽ എയർ ഇന്ത്യയുടെ ഓപ്പറേഷൻസ് ഡയറക്ടർ പങ്കുൽ മാത്തൂർ, ട്രെയിനിംഗ് ഡയറക്ടർ മനീഷ് വാസവദ എന്നിവർ യഥാക്രമം ആറു ലക്ഷം രൂപയും മൂന്ന് ലക്ഷം രൂപയും പിഴ അടക്കണം. ഇത്തരം സംഭവങ്ങൾ തടയാൻ ജാഗ്രത പാലിക്കാൻ ബന്ധപ്പെട്ട പൈലറ്റിന് മുന്നറിയിപ്പ് നൽകിയിട്ടുണ്ടെന്ന് ഡി.ജി.സി.എ പ്രസ്താവനയിൽ പറഞ്ഞു.
ജൂലൈ 10ന് എയർലൈൻ സമർപ്പിച്ച റിപ്പോർട്ട് വഴി സംഭവം ശ്രദ്ധയിൽപ്പെട്ടതിനെതുടർന്നാണ് നടപടിയെന്ന് അധികൃതർ പ്രസ്താവനയിൽ പറഞ്ഞു. ‘എയർ ഇന്ത്യ പരിശീലനം ലഭിക്കാത്ത പൈലറ്റുമായി വിമാനം പറത്തി. യോഗ്യതയില്ലാത്ത സഹ പൈലറ്റായിരുന്നു കൂടെയുണ്ടായിരുന്നതെന്നും’ റിപ്പോർട്ടിലുണ്ട്.
ജൂലൈ 22ന് പുറപ്പെടുവിച്ച കാരണം കാണിക്കൽ നോട്ടീസിലൂടെ പൈലറ്റിനും എയർലൈനിലെ ഉദ്യോഗസ്ഥർക്കും അവരുടെ നിലപാട് വിശദീകരിക്കാൻ അവസരം നൽകിയിട്ടുണ്ടെന്നും ഡി.ജി.സി.എ അറിയിച്ചു. എന്നാൽ, ബന്ധപ്പെട്ടവർ തൃപ്തികരമായ മറുപടി നൽകുന്നതിൽ പരാജയപ്പെടുകയായിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

