Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

വിമാനം റദ്ദാക്കി; കൗണ്ടറിലെ ഉപകരണങ്ങൾ അടിച്ച് തകർത്ത് യുവതി, 49,000 രൂപയുടെ നാശനഷ്ടം

text_fields
bookmark_border
വിമാനം റദ്ദാക്കി; കൗണ്ടറിലെ ഉപകരണങ്ങൾ അടിച്ച് തകർത്ത് യുവതി, 49,000 രൂപയുടെ നാശനഷ്ടം
cancel

ഭുവനേശ്വർ: വിമാന സർവീസുകൾ വൈകുകയോ റദ്ദാക്കപ്പെടുകയോ ചെയ്യുമ്പോൾ യാത്രക്കാർ നിരാശ പ്രകടിപ്പിക്കാറുണ്ടെങ്കിലും, ഒഡീഷ്യയിലെ ഭുവനേശ്വർ ബിജു പട്നായിക് അന്താരാഷ്ട്ര വിമാനത്താവളത്തിൽ ഉണ്ടായ സംഭവം വലിയ കോലാഹലത്തിനാണ് വഴിവെച്ചിരിക്കുന്നത്. കൊൽക്കത്തയിലേക്കുള്ള ഇൻഡിഗോ വിമാനം സാങ്കേതിക തകരാർ മൂലം അവസാന നിമിഷം റദ്ദാക്കിയതിൽ പ്രകോപിതയായ യാത്രിക വിമാനത്താവളത്തിനുള്ളിൽ വ്യാപകമായ അക്രമം അഴിച്ചുവിട്ടു. സംഭവത്തിൽ യുവതിക്കെതിരെ എയർപോർട്ട് അധികൃതർ പൊലീസിൽ പരാതി നൽകിയിട്ടുണ്ട്.

മാമോനി ഖരാത് എന്ന യാത്രക്കാരിയാണ് വിമാനത്താവളത്തിലെ ഡിപ്പാർച്ചർ ലോഞ്ചിൽ ഭീകരാന്തരീക്ഷം സൃഷ്ടിക്കുകയും പൊതുമുതൽ നശിപ്പിക്കുകയും ചെയ്തത്. കൊൽക്കത്തയിലേക്ക് പോകാൻ ടിക്കറ്റെടുത്ത് കാത്തിരുന്ന 6ഇ 7352 നമ്പർ ഇൻഡിഗോ വിമാനമാണ് സാങ്കേതിക തകരാറിനെ തുടർന്ന് റദ്ദാക്കപ്പെട്ടത്. വിവരം അറിഞ്ഞ ഉടൻ തന്നെ നിയന്ത്രണവിട്ട യുവതി, വിമാനത്താവള ജീവനക്കാരുമായി രൂക്ഷമായ വാക്കുതർക്കത്തിലേക്കും കയ്യാങ്കളിയിലേക്കും തിരിയുകയായരുന്നു.

വ്യാഴാഴ്ച വൈകുന്നേരം 6 മണിയോടെയായിരുന്നു നാടകീയ സംഭവങ്ങൾ അരങ്ങേറിയത്. സെൻട്രൽ ഇൻഡസ്ട്രിയൽ സെക്യൂരിറ്റി ഫോഴ്സ് (സി.ഐ.എസ്.എഫ്), ഇൻഡിഗോ എയർലൈൻസ് ഉദ്യോഗസ്ഥർ, എയർപോർട്ട് അതോറിറ്റി ഓഫ് ഇന്ത്യ (എ.എ.ഐ) ജീവനക്കാർ എന്നിവരെല്ലാം നോക്കിനിൽക്കെയായിരുന്നു യുവതിയുടെ പരാക്രമം. കൗണ്ടറിലുണ്ടായിരുന്ന കമ്പ്യൂട്ടർ മോണിറ്റർ, കീബോർഡ്, പാസ്‌പോർട്ട് സ്വൈപ്പിംഗ് മെഷീൻ എന്നിവ ഇവർ അടിച്ചുതകർക്കുകയായിരുന്നു. ഏകദേശം 49,000 രൂപയുടെ നാശനഷ്ടങ്ങൾ വരുത്തിവെച്ചതായാണ് എയർപോർട്ട് അതോറിറ്റി അധികൃതർ എയർഫീൽഡ് പൊലീസിന് നൽകിയ പരാതിയിൽ വ്യക്തമാക്കുന്നത്.

അക്രമ സംഭവങ്ങളുടെ ദൃശ്യങ്ങൾ സാമൂഹിക മാധ്യമങ്ങളിൽ അതിവേഗം വൈറലായി പ്രചരിച്ചു കഴിഞ്ഞു. യുവതി ജീവനക്കാരുമായി തർക്കിക്കുന്നതും കൗണ്ടറിലെ ഉപകരണങ്ങൾ അടിച്ച് തകർക്കുന്നതും വീഡിയോയിൽ വ്യക്തമായി കാണാൻ സാധിക്കും. സുരക്ഷാ ജീവനക്കാർ എത്രതവണ തടയാൻ ശ്രമിച്ചിട്ടും ഇവർ പിന്മാറാൻ തയ്യാറായില്ല. തുടർന്ന് എയർപോർട്ട് അധികൃതർ നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ പൊലീസ് യുവതിക്കെതിരെ കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. വിമാനത്താവളത്തിൽ ഇത്തരം അതിക്രമങ്ങൾ നടത്തുന്നവർക്കെതിരെ കർശന നടപടി സ്വീകരിക്കണമെന്നും, തകർത്ത ഉപകരണങ്ങളുടെ നഷ്ടപരിഹാരം അവരിൽ നിന്ന് പൂർണ്ണമായി ഈടാക്കണമെന്നുമാണ് അധികൃതരുടെ ശക്തമായ ആവശ്യം.

വിമാന സർവീസുകൾ തടസ്സപ്പെടുമ്പോൾ യാത്രക്കാർ നിയമം കയ്യിലെടുക്കുന്ന പ്രവണത വർദ്ധിച്ചുവരുന്നതിനെതിരെ ഇതിനോടകം തന്നെ വലിയ വിമർശനങ്ങൾ ഉയരുന്നുണ്ട്. ഇത്തരം സംഭവങ്ങൾ വിമാനത്താവളങ്ങളിലെ സുരക്ഷാ ക്രമീകരണങ്ങളെയും മറ്റ് സഹയാത്രികരുടെ സ്വസ്ഥതയെയും ഗുരുതരമായി ബാധിക്കുമെന്ന് വ്യോമയാന വിദഗ്ധരും ചൂണ്ടിക്കാണിക്കുന്നു. സംഭവത്തിൽ പൊലീസ് കൂടുതൽ നിയമനടപടികളുമായി മുന്നോട്ട് പോവുകയാണ്.

Show Full Article

Don't miss the exclusive news

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - വിമാനം റദ്ദാക്കി; കൗണ്ടറിലെ ഉപകരണങ്ങൾ അടിച്ച് തകർത്ത് യുവതി, 49,000 രൂപയുടെ നാശനഷ്ടം
Next Story