ന്യൂഡൽഹി: വ്യാജ ഐ.എസ് പതാക കണ്ടെത്തിയ സംഭവത്തിൽ അസം പൊലീസ് ആറ് ബി.ജെ.പി പ്രവർത്തകരെ കസ്റ്റഡിയിലെടുത്തു. സംഭവത്തിൽ ബി.ജെ.പി പ്രവർത്തകരുടെ പങ്കിനെക്കുറിച്ച് വിവരം ലഭിച്ചതിനെത്തുടർന്ന് നൽബാരി ജില്ലയിലെ ബെൽസാർ പ്രദേശത്തുനിന്നാണ് ഇവർ പിടിയിലായത്. തപൻ ബർമൻ, ദ്വിപ്ജ്യോതി താക്കൂരിയ, സൊറോജ്യോതി ബൈഷ്യ, പുലക് ബർമൻ, മുസ്സമിൽ അലി, മൂൺ അലി എന്നിവരാണ് പിടിയിലായത്.
മുൻ കോൺഗ്രസ് പ്രവർത്തകനായ തപൻ ബർമൻ ഇപ്പോൾ ബി.ജെ.പി ജില്ല സമിതി അംഗമാണ്. ‘ഐ.എസിൽ ചേരുക’ എന്ന് അറബിയിൽ എഴുതിയ കറുത്ത പതാക മേയ് മൂന്നിനാണ് കൊയ്ഹാത്ത പ്രദേശത്തെ വയലിലെ വൃക്ഷങ്ങളിൽ കണ്ടെത്തിയത്. ഗ്രാമവാസികൾ ബെൽസർ പൊലീസ് സ്റ്റേഷനിൽ അറിയിച്ചതിനെത്തുടർന്ന് നടത്തിയ അന്വേഷണത്തിനൊടുവിലാണ് ബി.ജെ.പി പ്രവർത്തകർ പിടിയിലായതെന്ന് ന്യൂസ് പോർട്ടൽ ‘ദി വയർ’ റിപ്പോർട്ട് ചെയ്തു.