മോദി ഫെമിനിസത്തിന്റെ പതാകവാഹകൻ; വനിതാ സംവരണ ബില്ലിൽ മോദിയെ പുകഴ്ത്തി കങ്കണ റണാവത്ത്
text_fieldsന്യൂഡൽഹി: ലോക്സഭയിൽ വനിതാ സംവരണ -മണ്ഡല പുനർനിർണയ ബില്ലുകളുടെ ചർച്ചക്കിടെ പ്രധാനമന്ത്രി നരേന്ദ്രമോദിയെ ‘ഫെമിനിസത്തിന്റെ ഏക പതാകവാഹകൻ’ എന്ന് വിശേഷിപ്പിച്ച് ബി.ജെ.പി എം.പി കങ്കണ റണാവത്ത്. വനിത സംവരണ ബില്ലിൽ കേന്ദ്രസർക്കാരിനെയും പ്രധാനമന്ത്രിയെയും പ്രശംസിച്ചുകൊണ്ടായിരുന്നു കങ്കണയുടെ പരാമർശം. ‘പ്രധാനമന്ത്രിയേക്കാൾ വലിയ ഫെമിനിസ്റ്റ് ഇല്ലെന്ന് ഇന്നത്തെ ഇന്ത്യയിലെ പെൺമക്കൾ വിശ്വസിക്കുന്നു’ -കങ്കണ ലോക്സഭയിൽ പറഞ്ഞു. വനിതാ സംവരണത്തിനായുള്ള സർക്കാരിന്റെ നീക്കത്തെ അവർ പിന്തുണക്കുകയും ചെയ്തു.
ലോക്‌സഭയിലും സംസ്ഥാന നിയമസഭകളിലും സ്ത്രീകൾക്ക് സംവരണം നിർബന്ധമാക്കുന്നതിനുള്ള ഭരണഘടനാ ഭേദഗതി ഉൾപ്പെടെ മൂന്ന് ബില്ലുകൾ പാർലമെന്റ് ചർച്ച ചെയ്യുന്നതിനിടെ ആയിരുന്നു കങ്കണയുടെ പരാമർശങ്ങൾ. ദീർഘകാലമായി മുടങ്ങിക്കിടന്ന പരിഷ്കാരങ്ങൾ ഉറപ്പാക്കാൻ പ്രധാനമന്ത്രി നിർണ്ണായകമായി പ്രവർത്തിക്കുന്നുവെന്ന് കങ്കണ പറഞ്ഞു. ‘ഉറപ്പുള്ള വീടുകളോ, ഗ്യാസ് സിലിണ്ടറുകൾ നൽകുന്നതോ അല്ലെങ്കിൽ സ്ത്രീകളെ പ്രതിരോധ സേനയിലേക്ക് കൊണ്ടുവരുന്നതോ ആകട്ടെ, 60 വർഷമായി സംഭവിക്കാത്തത്, പത്ത് വർഷത്തിനുള്ളിൽ അദ്ദേഹം നേടി. ഒരു കാര്യം ഉറപ്പാണ്: സ്ത്രീകൾക്ക് നീതി നൽകാൻ അദ്ദേഹം തിടുക്കം കൂട്ടുന്നു. അദ്ദേഹം ഫെമിനിസത്തിന്റെ പതാക വാഹകനാണ്’ -കങ്കണ പറഞ്ഞു.
കേന്ദ്രസർക്കാരിനെ പുകഴ്ത്തുന്നതിനൊപ്പം കോൺഗ്രസിനെതിരെ രൂക്ഷവിമർശനവും കങ്കണ നടത്തി. പതിറ്റാണ്ടുകളായി അധികാരത്തിലിരുന്ന പാർട്ടി എന്തുകൊണ്ട് വനിതാ സംവരണം നടപ്പാക്കിയില്ല എന്ന് അവർ ചോദിച്ചു. ബി.ജെ.പി എന്തിനാണ് ബിൽ കൊണ്ടുവരാൻ തിടുക്കം കാണിക്കുന്നതെന്ന് സോണിയ ഗാന്ധി ചോദിക്കുന്നു. ഞങ്ങളും നിങ്ങളെപ്പോലെ ആകുകയും അത് 30 വർഷം നീണ്ടുനിൽക്കാൻ അനുവദിക്കുകയും ചെയ്യണോ?. ഹിമാചൽ പ്രദേശിൽ ഞങ്ങൾക്ക് 68 എംഎൽഎമാരുണ്ട്. അതിൽ ഒരാൾ മാത്രമാണ് സ്ത്രീ. മറ്റ് സംസ്ഥാനങ്ങളിലും സമാനമായ പ്രാതിനിധ്യം എട്ട് -ഒമ്പത് ശതമാനമാണെന്നും അതിനാൽ പരിഷ്‍കരണം ആവശ്യമാണെന്നും കങ്കണ പറഞ്ഞു.
മൂന്ന് ബില്ലുകളാണ് ലോക്സഭയിൽ അവതരിപ്പിച്ചത്. ലോക്സഭയിലും സംസ്ഥാന നിയമസഭകളിലും സ്ത്രീകൾക്ക് മൂന്നിലൊന്ന് സീറ്റ് സംവരണം ഏർപ്പെടുത്തുന്നതിന് വ്യവസ്ഥ ചെയ്യുന്ന 131ാം ഭരണ ഘടന ഭേദഗതി ബിൽ, മണ്ഡലപുനർനിർണയ ബിൽ, കേന്ദ്രഭരണ പ്രദേശങ്ങളിൽ വനിതാ സംവരണത്തിനുള്ള ഭേദഗതി ബിൽ എന്നിവയിൽ ലോക്സഭയിൽ ചർച്ച തുടരുകയാണ്. 2023ൽ നടപ്പാക്കിയ നാരീശക്തി വന്ദൻ അധിനിയം ഭേദഗതി ചെയ്യാനാണ് പുതിയ ഭരണഘടനാ ഭേദഗതി ബിൽ അവതരിപ്പിച്ചിരിക്കുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

