കൊല്ലപ്പെട്ടവരില്‍ അഞ്ചു കൊടുംഭീകരരും: സേന മേധാവികളുമായി കൂടിക്കാഴ്ച നടത്തി പ്രധാനമന്ത്രി
text_fieldsഓപറേഷൻ സിന്ദൂറിൽ കൊല്ലപ്പെട്ടവരെന്ന് സംശയിക്കുന്ന ഭീകരർ
ന്യൂഡല്‍ഹി: പഹൽഗാമിൽ നിരപരാധികളെ നിഷ്‍കരുണം കൊലപ്പെടുത്തിയതിന് തിരിച്ചടിച്ച ഇന്ത്യൻ ആക്രമണത്തിൽ കൊല്ലപ്പെട്ടവരില്‍ അഞ്ചു കൊടുംഭീകരരും. ഓപറേഷന്‍ സിന്ദൂറിന്റെ ആദ്യഘട്ടത്തില്‍ കൊല്ലപ്പെട്ടവരിലാണ് ഇവർ ഉൾപ്പെടുന്നത്. ലഷ്‌കറെ ത്വയ്യിബ, ജയ്ശെ മുഹമ്മദ് എന്നീ ഭീകരസംഘടനകളുമായി ബന്ധമുള്ള അഞ്ച് ഭീകരരുടെ വിവരങ്ങളാണ് പുറത്തുവന്നത്. വാർത്ത ഏജൻസിയായ എ.എൻ.ഐ ആണ് വാർത്ത പുറത്തുവിട്ടത്.
ലഷ്‍കറെ ത്വയ്യിബ നേതാവായ മുദസ്സര്‍ ഖാദിയാന്‍ ഖാസ്, ഹാഫിസ് മുഹമ്മദ് ജമീല്‍, മുഹമ്മദ് യൂസുഫ് അസ്ഹര്‍, ഖാലിദ്, മുഹമ്മദ് ഹസന്‍ ഖാന്‍ എന്നിവരാണ് കൊല്ലപ്പെട്ടവരിലുള്‍പ്പെട്ട കൊടുംഭീകരര്‍. ഇവരെല്ലാം കശ്മീരിലടക്കം നിരവധി ഭീകര പ്രവർത്തനങ്ങൾക്ക് നേതൃത്വം വഹിച്ചവരാണെന്ന് സൈന്യം കണ്ടെത്തിയിട്ടുണ്ട്. ജയ്‌ശെ മുഹമ്മദ് സ്ഥാപകന്‍ മസൂദ് അസ്ഹറിന്റെ മൂത്ത സഹോദരിയുടെ ഭര്‍ത്താവാണ് കൊല്ലപ്പെട്ട ഹാഫിസ് മുഹമ്മദ് ജമീല്‍, അസ്ഹറിന്റെ ഇളയ സഹോദരിയുടെ ഭര്‍ത്താവാണ് മുഹമ്മദ് യൂസുഫ് അസ്ഹര്‍. കാണ്ഡഹാര്‍ വിമാന റാഞ്ചല്‍ കേസില്‍ ഇന്ത്യ തേടുന്ന പിടികിട്ടാപ്പുള്ളിയാണ് ഇയാള്‍. അബു ആകാഷ എന്നറിയപ്പെടുന്ന ഖാലിദ്, ലഷ്‌കര്‍ ഭീകരനാണ്. ജമ്മുകശ്മീരില്‍ നടന്ന വിവിധ ഭീകരാക്രമണങ്ങളിലും അഫ്ഗാനിലേക്കുള്ള ആയുധക്കള്ളക്കടത്തിലും ഇയാള്‍ക്കു പങ്കുണ്ടെന്ന് കണ്ടെത്തിയിരുന്നു.
മേയ് ഏഴാംതീയതി പുലർച്ചെയാണ് ഇന്ത്യൻ സേനകൾ സംയുക്തമായി പാക് അധിനിവേശ കശ്മീരിലേയും പാകിസ്താനിലേയും ഭീകര കേന്ദ്രങ്ങൾക്കു നേരെ ആക്രമണം നടത്തിയത്. അതിനിടെ കൊല്ലപ്പെട്ട കൊടും ഭീകരൻ മുദസ്സര്‍ ഖാദിയാന്‍ ഖാസിന്റെ അന്ത്യകർമങ്ങൾക്കു നേതൃത്വം വഹിച്ചത് ആഗോള ഭീകരനായ ഹാഫിസ് അബ്ദുൽ റൗഫാണ്.
പാകിസ്താൻ സൈന്യത്തിലെ ഉന്നതർ ഇയാളുടെ സംസ്കാര ചടങ്ങുകളിൽ പങ്കെടുത്തതായാണ് റിപ്പോർട്ട്. അതിനിടെ, കേന്ദ്ര പ്രതിരോധ മന്ത്രി രാജ്‌നാഥ് സിങ്, ദേശീയ സുരക്ഷ ഉപദേഷ്ടാവ് അജിത് ഡോവൽ, ചീഫ് ഓഫ് ഡിഫൻസ് സ്റ്റാഫ്, ഇന്ത്യൻ സായുധ സേനാ മേധാവികൾ എന്നിവരുമായി ന്യൂഡൽഹിയിലെ വസതിയിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി കൂടിക്കാഴ്ച നടത്തി. സ്ഥിതി ഗതികൾ യോഗം സൂക്ഷ്മമായി വിലയിരുത്തി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

