തമിഴ്നാട്ടിലെ കസ്റ്റഡി മരണം: അഞ്ച് പൊലീസുകാർ അറസ്റ്റിൽ, ക്രൂര മർദനത്തിന്റെ വിഡിയോ പുറത്ത്
text_fieldsചെന്നൈ: ശിവഗംഗയിലെ തിരുപ്പുവനത്ത് ക്ഷേത്ര സുരക്ഷാ ജീവനക്കാരൻ അജിത് കുമാറിന്റെ (27) കസ്റ്റഡി മരണവുമായി ബന്ധപ്പെട്ട് അഞ്ച് പൊലീസുകാരെ അറസ്റ്റ് ചെയ്തു. ഇവരെ ജൂലൈ 15 വരെ കോടതി റിമാൻഡ് ചെയ്തു. സ്വർണാഭരണ മോഷണക്കേസിൽ അറസ്റ്റിലായ അജിത് കുമാർ ജൂൺ 27നാണ് പൊലീസ് കസ്റ്റഡിയിൽ മരിച്ചത്. ക്ഷേത്രദർശനത്തിനെത്തിയ നികിതയും അമ്മ ശിവഗാമിയും കാറിൽ സൂക്ഷിച്ചിരുന്ന 10 പവൻ ആഭരണവും പണവും നഷ്ടപ്പെട്ട സംഭവത്തിൽ പൊലീസ് കേസെടുത്തിരുന്നു. ഇതുമായി ബന്ധപ്പെട്ട് അജിത്കുമാർ, സഹോദരൻ നവീൻകുമാർ ഉൾപ്പെടെ അഞ്ചുപേരെ പൊലീസ് കസ്റ്റഡിയിലെടുത്തു. അടുത്ത ദിവസം അജിത് കുമാറിന്റെ ആരോഗ്യനില വഷളായതായും ആശുപത്രിയിലേക്ക് കൊണ്ടുപോകുമ്പോൾ മരിച്ചെന്നുമാണ് പൊലീസ് പറയുന്നത്.
കസ്റ്റഡി മരണമാണെന്ന് ആരോപിച്ച് അജിത്കുമാറിന്റെ കുടുംബം പ്രതിഷേധവുമായി എത്തിയതോടെ പ്രഭു, ആനന്ദൻ, കണ്ണൻ, ശങ്കരമണികണ്ഠൻ, രാജ എന്നീ പൊലീസുകാരെ സർവിസിൽനിന്ന് സസ്പെൻഡ് ചെയ്തു. പോസ്റ്റ്മോർട്ടം പരിശോധന ഫലത്തിന്റെ അടിസ്ഥാനത്തിൽ ഇവരെ അറസ്റ്റ്ചെയ്യുകയായിരുന്നു.
അതിനിടെ അജിത്കുമാറിനെ പൊലീസുകാർ ക്രൂരമായി മർദിക്കുന്നതിന്റെ വിഡിയോ ചൊവ്വാഴ്ച പുറത്തുവന്നു. നിലത്ത് ഇരിക്കുന്ന അജിത് കുമാറിനെ ചുറ്റും നിൽക്കുന്ന യൂനിഫോം ധരിക്കാത്ത പൊലീസുകാർ പൈപ്പുകളും മുളവടികളും ഉപയോഗിച്ച് അടിക്കുന്നതാണ് വിഡിയോയിലുള്ളത്. അജിത് കുമാറിന്റെ ശരീരത്തിൽ 18 ഇടങ്ങളിൽ പരിക്കുകളും 30 ഇടങ്ങളിൽ ചതവുകളുമുണ്ടെന്നും മർദനത്തെ തുടർന്നുണ്ടായ ആന്തരിക രക്തസ്രാവം മരണകാരണമായെന്നും പോസ്റ്റ്മോർട്ടം റിപ്പോർട്ടിലുണ്ട്.
മോഷണവുമായി തനിക്ക് ബന്ധമില്ലെന്ന് അജിത്കുമാർ മൊഴി നൽകിയിട്ടും പൊലീസ് വാനിൽ വെച്ച് ക്രൂരമായി മർദിച്ചെന്നും സ്റ്റേഷനിലെത്തും മുമ്പ് മരണം സംഭവിച്ചതായുമാണ് ബന്ധുക്കൾ ആരോപിക്കുന്നത്. അജിത്കുമാറിന്റെ കസ്റ്റഡി മരണത്തിന്റെ ഉത്തരവാദിത്തം മുഖ്യമന്ത്രി സ്റ്റാലിൻ ഏറ്റെടുക്കണമെന്ന് പ്രതിപക്ഷ നേതാവും അണ്ണാ ഡി.എം.കെ ജനറൽ സെക്രട്ടറിയുമായ എടപ്പാടി പളനിസാമി ആവശ്യപ്പെട്ടു. ബി.ജെ.പി ഉൾപ്പെടെ ഇതര പ്രതിപക്ഷ കക്ഷികളും പ്രതിഷേധവുമായി രംഗത്തിറങ്ങിയിട്ടുണ്ട്.
ലോക്കപ് മരണവിവരം അറിഞ്ഞയുടൻ നടപടി സ്വീകരിച്ചതായും ബന്ധെപ്പട്ട പൊലീസുദ്യോഗസ്ഥരെ അറസ്റ്റ് ചെയ്തതായും ഉന്നതാധികാരികളെ അന്വേഷണപരിധിയിലുൾപ്പെടുത്തിയിട്ടുണ്ടെന്നും മുഖ്യമന്ത്രി എം.കെ. സ്റ്റാലിൻ പറഞ്ഞു.
അന്വേഷണം സി.ബി.ഐക്ക് വിട്ടു
ചെന്നൈ: തിരുഭുവനം പൊലീസ് കസ്റ്റഡിയിൽ യുവാവ് കൊല്ലപ്പെട്ട കേസ് സി.ബി.ഐക്ക് കൈമാറാൻ മുഖ്യമന്ത്രി എം.കെ സ്റ്റാലിൻ ഉത്തരവിട്ടു. അതിനിടെ മന്ത്രി പെരിയ കറുപ്പൻ അജിത് കുമാറിന്റെ വസതിയിൽ കുടുംബത്തെ നേരിട്ട് കണ്ട് അനുശോചനം അറിയിച്ചു. മുഖ്യമന്ത്രി സ്റ്റാലിൻ ഫോണിലൂടെ അജിത് കുമാറിന്റെ അമ്മയോടും സഹോദരനോടും സംസാരിച്ചു. കുറ്റക്കാർക്കെതിരെ കർശന നടപടി സ്വീകരിക്കുമെന്നും നടക്കാൻ പാടില്ലാത്തത് സംഭവിച്ചതായും മാപ്പ് പറയുന്നതായും അദ്ദേഹം പറഞ്ഞു. അജിത്കുമാറിന്റെ സഹോദരന് സ്ഥിര ജോലി നൽകുന്നത് പരിഗണിക്കുമെന്നും സ്റ്റാലിൻ അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

