തിരുപ്പതിയിൽ വാഹനാപകടം; അഞ്ച് തീർത്ഥാടകർ മരിച്ചു
text_fieldsഅപകടത്തിൽ പൂർണമായി തകർന്ന കാർ
തിരുപ്പതി: ആന്ധ്രാപ്രദേശിലെ തിരുപ്പതി ജില്ലയിലുണ്ടായ വാഹനപകടത്തിൽ അഞ്ച് തീർത്ഥാടകർ മരിച്ചു. പക്കാലയിലെ തൊട്ടപ്പള്ളിക്ക് സമീപം തിങ്കളാഴ്ചയോടെയാണ് അപകടം സംഭവിച്ചത്. തീർത്ഥാടകർ സഞ്ചരിച്ച കാർ ട്രക്കുമായി കൂട്ടിയിടിക്കുകയായിരുന്നു. വാഹനത്തിലുണ്ടായ ഏഴ് പേരിൽ അഞ്ച് പേരും സംഭവസ്ഥലത്ത് വെച്ച് തന്നെ മരിച്ചു. മറ്റു രണ്ട് പേരുടെ നില ഗുരുതരമാണ്. പരിക്കേറ്റവരെ തിരുപ്പതി റുയിയ ആശുപത്രിയിൽ പ്രവേശിപ്പിച്ചിട്ടുണ്ട്.
തമിഴ്നാട്ടിലെ ഹൊസൂരിൽ നിന്നുള്ള തീർത്ഥാടക സംഘമാണ് അപകടത്തിപ്പെട്ടത്. തിരുമലയിലെ ശ്രീ വെങ്കിടേശ്വര ക്ഷേത്രത്തിൽ ദർശനം കഴിഞ്ഞ് വീട്ടിലേക്ക് മടങ്ങുകയായിരുന്നു. മരിച്ചവരിൽ രണ്ട് സ്ത്രീകളും രണ്ട് പുരുഷന്മാരും ഒരു കുട്ടിയുമുണ്ട്. പൊലീസ് റിപ്പോർട്ട് പ്രകാരം, പുത്തലപ്പട്ടു - നായിഡുപേട്ട ദേശിയ പാതയിലാണ് കാർ ട്രക്കിന് പിൻവശത്ത് ഇടിച്ചത്. ഇടിയുടെ ആഘാതത്തിൽ വാഹനം പൂർണമായി തകരുകയും മരിച്ചവരുടെ ശരീരഭാഗങ്ങൾ അപകടസ്ഥലത്ത് ചിതറിക്കിടക്കുകയുമായിരുന്നു. ഇത് മൃതദേഹം തിരിച്ചറിയാൻ ബുദ്ധിമുട്ടുണ്ടാക്കിയതായി പൊലീസ് പറഞ്ഞു.
പ്രാഥമിക അന്വേഷണത്തിൽ ഇരകൾ ഒരുകുടുംബത്തിലെ അംഗങ്ങളാണെന്ന സൂചനയുണ്ട്. അപകടത്തിൽ കേസ് രജിസ്റ്റർ ചെയ്ത് സമഗ്ര അന്വേഷണം ആരംഭിച്ചിട്ടുണ്ട്. മൃതദേഹങ്ങൾ തിരിച്ചറിയാനുള്ള ശ്രമങ്ങൾ ആരംഭിച്ചതായി പൊലീസ് അറിയിച്ചു. കാർ അമിത വേഗതയിൽ ഓടിച്ചതായും, ഡ്രൈവർക്ക് വാഹനത്തിന്റെ നിയന്ത്രണം നഷ്ട്ടപ്പെട്ട് ട്രക്കിൽ ഇടിച്ചതായും പൊലീസ് സംശയിക്കുന്നുണ്ട്. അപകടത്തിൽ ആന്ധ്രാപ്രദേശ് മുഖ്യമന്ത്രി എൻ. ചന്ദ്രബാബു നായിഡു ദുഃഖം രേഖപ്പെടുത്തി. പരിക്കേറ്റവർക്ക് മികച്ച വൈദ്യ സഹായം ഉറപ്പ് വരുത്താനും മരിച്ചയാളുകളുടെ കുടുംബങ്ങൾക്ക് ആവിശ്യമായ സഹായം നൽകാനും നായിഡു ഉദ്യോഗസ്ഥരോട് നിർദ്ദേശിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

