ബംഗളൂരുവിൽ വിദ്യാർത്ഥിയെ കുത്തിപ്പരിക്കേൽപ്പിച്ച് ബൈക്ക് കവർന്നു; രണ്ട് പ്രായപൂർത്തിയാകാത്ത കുട്ടികളടക്കം അഞ്ച് പേർ അറസ്റ്റിൽ
text_fieldsബംഗളൂരു: ബംഗളൂരുവിൽ 21കാരനായ വിദ്യാർത്ഥിയെ നടുറോഡിൽ കുത്തിപ്പരിക്കേൽപ്പിക്കുകയും ബൈക്ക് കവർച്ച നടത്തികയും ചെയ്ത സംഭവത്തിൽ അഞ്ച് പേരെ രാമമൂർത്തി നഗർ പൊലീസ് അറസ്റ്റ് ചെയ്തു. ഈ ആക്രമണത്തിന് മിനിറ്റുകൾക്ക് മുൻപ് ബാനസവാടിയിലും ഇതേ സംഘം മറ്റൊരു കവർച്ച നടത്തിയിരുന്നതായി പൊലീസ് അറിയിച്ചു. ഡി.ജെ ഹള്ളി സ്വദേശികളായ മിഥുൻ, സഹാസ്, സ്റ്റീഫൻ രാജ് എന്നിവരും ഇവരുടെ കൂടെയുണ്ടായിരുന്ന രണ്ട് പ്രായപൂർത്തിയാകാത്ത കുട്ടികളുമാണ് അറസ്റ്റിലായത്.
രാമമൂർത്തി നഗറിലെ ബഞ്ചാര ലേഔട്ടിൽ താമസിക്കുന്ന ധീരജ് എന്ന വിദ്യാർത്ഥിക്കാണ് ആക്രമണത്തിൽ പരിക്കേറ്റത്. ധീരജിന്റെ മുതുകിലും തുടയിലും കത്തിക്കൊണ്ടുള്ള ആഴത്തിലുള്ള മുറിവുകളുണ്ട്. അക്രമികൾ ധീരജിനെ കുറച്ചുദൂരം ബൈക്കിൽ പിന്തുടരുകയും പിന്നീട് ധീരജ് തങ്ങളുടെ ബൈക്കിനെ മറികടന്നു എന്ന് ആരോപിച്ച് ഇവർ മനഃപൂർവം തർക്കം ഉണ്ടാക്കുകയുമായിരുന്നു. വാക്കുതർക്കത്തിനിടയിൽ പ്രതികളിൽ ഒരാൾ ധീരജിനെ കത്തികൊണ്ട് കുത്തുകയും മറ്റുള്ളവർ ബൈക്ക് തട്ടിയെടുത്ത് സംഭവസ്ഥലത്തുനിന്ന് കടന്നുകളയുകയുമായിരുന്നു.
ഉടൻ തന്നെ നാട്ടുകാർ ചേർന്ന് ധീരജിനെ അടുത്തുള്ള ആശുപത്രിയിൽ എത്തിച്ചു. ധീരജ് ഇപ്പോൾ ചികിത്സയിലാണെന്നും അപകടനില തരണം ചെയ്തതായും അധികൃതർ അറിയിച്ചു. ധീരജിന്റെ പരാതിയുടെ അടിസ്ഥാനത്തിൽ രാമമൂർത്തി നഗർ പൊലീസ് അന്വേഷണം ആരംഭിക്കുകയും മണിക്കൂറുകൾക്കകം പ്രതികളെ കണ്ടെത്തുകയും ചെയ്തു. പൊലീസിന്റെ ചോദ്യം ചെയ്യലിൽ, അന്നേ ദിവസം രാത്രി ഇതിന് തൊട്ടുമുൻപ് നടത്തിയ മറ്റൊരു കവർച്ചയെക്കുറിച്ചും സംഘം സമ്മതിച്ചു. ഡി.ജെ ഹള്ളി സ്വദേശിയും ഐ.ടി ജീവനക്കാരനുമായ ബർക്കത്ത് എന്നയാളെ ഭീഷണിപ്പെടുത്തി 600 രൂപ കവർന്ന ശേഷമാണ് ഇവർ ധീരജിനെ ലക്ഷ്യമിട്ടതെന്ന് പൊലീസ് വ്യക്തമാക്കി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

