സുപ്രീം കോടതിയിലേക്ക് അഞ്ച് പുതിയ ജഡ്ജിമാർ കൂടി; അംഗബലം 37 ആയി ഉയർന്നു
text_fieldsന്യൂഡൽഹി: സുപ്രീം കോടതിയിലേക്ക് അഞ്ച് പുതിയ ജഡ്ജിമാരെ നിയമിച്ചുകൊണ്ട് കേന്ദ്ര സർക്കാർ ഉത്തരവിറക്കി. സുപ്രീം കോടതി കൊളീജിയം ശിപാർശ ചെയ്ത പേരുകൾക്കാണ് രാഷ്ട്രപതി അംഗീകാരം നൽകിയത്. ഇതോടെ സുപ്രീം കോടതിയുടെ അംഗബലം 38 എന്ന പുതിയ പരിധിയിലെത്തിയിരിക്കുകയാണ്.
കേന്ദ്ര നിയമമന്ത്രി അർജുൻ റാം മേഘ്‌വാൾ എക്സിലൂടെയാണ് നിയമന വിവരം അറിയിച്ചത്. ഭരണഘടനയുടെ 124(2) അനുച്ഛേദം പ്രകാരമാണ് നിയമനം. വിവിധ ഹൈകോടതികളിലെ നാല് ചീഫ് ജസ്റ്റിസുമാരെയും ഒരു മുതിർന്ന അഭിഭാഷകനെയുമാണ് സുപ്രീം കോടതി ജഡ്ജിമാരായി നിയമിച്ചിരിക്കുന്നത്.
ജസ്റ്റിസ് ഷീൽ നാഗു- പഞ്ചാബ് - ഹരിയാന ഹൈകോടതി ചീഫ് ജസ്റ്റിസ്, ജസ്റ്റിസ് ശ്രീ ചന്ദ്രശേഖർ - ബോംബെ ഹൈകോടതി ചീഫ് ജസ്റ്റിസ്, ജസ്റ്റിസ് സഞ്ജീവ് സച്ച്‌ദേവ - മധ്യപ്രദേശ് ഹൈകോടതി ചീഫ് ജസ്റ്റിസ്, ജസ്റ്റിസ് അരുൺ പള്ളി - ജമ്മു കശ്മീർ - ലഡാക്ക് ഹൈകോടതി ചീഫ് ജസ്റ്റിസ്, വി. മോഹന - മുതിർന്ന അഭിഭാഷകൻ തുടങ്ങിയവരാണ് പുതുതായി നിയമിക്കപ്പെട്ടത്.
മെയ് 27നാണ് ചീഫ് ജസ്റ്റിസ് സൂര്യകാന്തിന്റെ നേതൃത്വത്തിലുള്ള കൊളീജിയം ഇവരുടെ പേരുകൾ ശിപാർശ ചെയ്തത്. 2025 നവംബറിൽ സൂര്യകാന്ത് ചീഫ് ജസ്റ്റിസ് ആയി ചുമതലയേറ്റ ശേഷം നടത്തുന്ന ആദ്യത്തെ സുപ്രധാന നിയമനങ്ങളാണിവ. സുപ്രീം കോടതിയിലെ കെട്ടിക്കിടക്കുന്ന കേസുകൾ കുറക്കുന്നതിനും ഭരണഘടനാ ബെഞ്ചുകൾ കൂടുതൽ കാര്യക്ഷമമായി പ്രവർത്തിക്കുന്നതിനും വേണ്ടിയാണ് കോടതിയുടെ അംഗബലം 34ൽ നിന്നും 38 ആയി ഉയർത്തിക്കൊണ്ടുള്ള ഓർഡിനൻസ് സർക്കാർ പുറപ്പെടുവിച്ചത്. പുതിയ അഞ്ച് പേരുടെ നിയമനത്തോടെ 37 ജഡ്ജിമാരായി.
നിലവിൽ 32 ജഡ്ജിമാരാണ് കോടതിയിലുള്ളത്. ജൂൺ മാസത്തിൽ ജസ്റ്റിസ് ജെ.കെ. മഹേശ്വരി, ജസ്റ്റിസ് പങ്കജ് മിത്തൽ എന്നിവർ വിരമിക്കുന്നതോടെ രണ്ട് ഒഴിവുകൾ കൂടി ഉണ്ടാകും. സീനിയർ അഡ്വക്കേറ്റ് വി. മോഹനയുടെ നിയമനം സുപ്രീം കോടതിയിലെ വനിതാ പ്രാതിനിധ്യം വർധിപ്പിക്കും. നിലവിൽ ജസ്റ്റിസ് ബി.വി. നാഗരത്ന മാത്രമാണ് കോടതിയിലുള്ള ഏക വനിതാ ജഡ്ജി. 2021 ആഗസ്റ്റിന് ശേഷം ഒരു വനിതയെയും സുപ്രീം കോടതിയിലേക്ക് നിയമിച്ചിട്ടില്ല.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

