യേശു ക്രിസ്തുവിന്റെ വ്യാജ സ്വര്‍ണ പ്രതിമയുമായി അഞ്ച് പേർ പിടിയിൽ
text_fieldsദിസ്പുര്‍: ആസാമില്‍ വ്യാജ സ്വര്‍ണക്കടത്തുമായി ബന്ധപ്പെട്ട രണ്ട് വ്യത്യസ്ത ഓപ്പറേഷനുകളില്‍ അഞ്ച്പേര്‍ പിടിയിലായി. രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തില്‍ നാഗോണിലും സോനിത്പൂരിലും നടത്തിയ പരിശോധനകളിലാണ് അറസ്റ്റ്. വെള്ളിയാഴ്ച ആയിരുന്നു പരിശോധന. ഇവരില്‍ നിന്നും യേശു ക്രിസ്തുവിന്റെ വ്യാജ സ്വര്‍ണ പ്രതിമ കെണ്ടടുത്തു. 1.7 കിലോഗ്രാം തൂക്കമുണ്ടായിരുന്നു ഈ പ്രതിമയ്ക്ക്.
നാഗോണ്‍ ജില്ലയിലെ ദോബോക പൊലീസ് സ്റ്റേഷന്റെ കീഴിലുള്ള നംഡോബോക പഥര്‍ പ്രദേശത്ത് നടത്തിയ പരിശോധനയില്‍ മൂന്നുപേര്‍ പിടിയിലായി. അസ്ലം താലൂക്ദാര്‍, സുബൈര്‍ ഹുസൈന്, ഇഖ്ബാല്‍ ഹുസൈന് എന്നിവരാണ് പിടിയിലായത്.
സോനിത്പൂരില്‍ നടത്തിയ പരിശോധനയില്‍ രണ്ടുപേരെ അറസ്റ്റ് ചെയ്തു. ഇക്രാമുല്‍ ഹുസൈന്, ജമാല്‍ അലി എന്നിവരാണ് അറസ്റ്റിലായത്. ഇവരില്‍ നിന്ന് വ്യാജ ബിസ്കറ്റുകള്‍ കണ്ടെടുത്തു. സംഭവത്തില്‍ കൂടുതല്‍ അന്വേഷണം നടത്തിവരികയാണെന്നും രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിലാണ് പരിശോധന നടത്തിയതെന്നും ആസാം പൊലീസ് അറിയിച്ചു.