
വടക്ക് കിഴക്കൻ സംസ്ഥാനങ്ങളിൽ 24 മണിക്കൂറിനിടെ അഞ്ച് ഭൂചലനം
text_fieldsഗുവാഹത്തി: 24 മണിക്കൂറിനിടെ വടക്കുകിഴക്കൻ മേഖലയിൽ അഞ്ച് ഭൂചലനങ്ങളുണ്ടായതായി അധികൃതർ അറിയിച്ചു. ഇതിൽ അവസാനത്തേത് ശനിയാഴ്ച പുലർച്ചെ 1.07ന് അസമിലാണ് ഉണ്ടായത്. 4.2 ആണ് തീവ്രത രേഖപ്പെടുത്തിയതെന്ന് നാഷനൽ സെൻറർ ഫോർ സീസ്മോളജി അധികൃതർ അറിയിച്ചു.
30 കിലോമീറ്റർ വ്യാപ്തിയിൽ സോണിത്പൂർ ജില്ലയുടെ ആസ്ഥാനമായ തേസ്പിരിനടുത്താണ് ഇതിൻെറ പ്രഭവകേന്ദ്രം. വെള്ളിയാഴ്ച പുലർച്ചെ 4.1 തീവ്രത രേഖപ്പെടുത്തിയ രണ്ട് ഭൂചലനങ്ങൾ കൂടി അസമിനെ നടുക്കിയിരുന്നു. സോണിത്പുർ ജില്ല തന്നെയായിരുന്നു ഇതിലൊന്നിൻെറ പ്രഭവകേന്ദ്രം.
മണിപ്പൂരിലെ ചന്ദൽ ജില്ലയിൽ മൂന്ന് തീവ്രത രേഖപ്പെടുത്തിയ ഭൂചലനമുണ്ടായി. മേഘാലയയിലെ വെസ്റ്റ് ഖാസി ഹിൽസ് ജില്ലയിൽ 2.6 തീവ്രത രേഖപ്പെടുത്തിയ ഭൂചലനമാണ് അഞ്ചാമത്തേത്. അതേസമയം, ജീവനോ സ്വത്തിനോ നാശനഷ്ടങ്ങൾ റിപ്പോർട്ട് ചെയ്തിട്ടില്ല.
വടക്കുകിഴക്കൻ മേഖല ഉയർന്ന ഭൂകമ്പ മേഖലയിൽ ഉൾപ്പെട്ടതാണ്. ഏപ്രിൽ 28ന് അസമിൽ 6.4 തീവ്രത രേഖപ്പെടുത്തിയ ഭൂചലനമുണ്ടായിരുന്നു.
