കോക്രോച്ച് ജനതാ പാർട്ടി പ്രതിഷേധം: പ്രവർത്തകരുടെ അഞ്ച് പ്രധാന ആവശ്യങ്ങൾ ഇവ...
text_fieldsന്യൂഡൽഹി: വിദേശത്തുനിന്നെത്തിയ കോക്രോച്ച് ജനതാ പാർട്ടി സ്ഥാപകൻ അഭിജീത് ദിപ്‌കെ ഡൽഹിയിലെ ജന്തർ മന്ദറിലാണ് വൻ പ്രതിഷേധത്തിന് തുടക്കമിട്ടിരിക്കുന്നത്. വിദ്യാഭ്യാസ മേഖലയിലെ ക്രമക്കേടുകൾക്കും പരീക്ഷകളിലെ വീഴ്ചകൾക്കും ഉത്തരവാദിയായ കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധർമേന്ദ്ര പ്രധാൻ രാജിവെക്കണമെന്നാണ് പാർട്ടിയുടെ പ്രധാന ആവശ്യം. കനത്ത സുരക്ഷാ സംവിധാനങ്ങൾക്കിടയിലാണ് പ്രതിഷേധം നടക്കുന്നത്.
പ്രതിഷേധക്കാർ ഉന്നയിക്കുന്ന അഞ്ച് പ്രധാന ആവശ്യങ്ങൾ താഴെ പറയുന്നവയാണ്:
കൃത്യമായ പരിശീലനത്തിന് ശേഷം മാത്രം വിദ്യാഭ്യാസ മേഖലയിൽ ഡിജിറ്റലൈസേഷൻ:
ബാങ്കിങ് മുതൽ വിദ്യാഭ്യാസം വരെ എല്ലാ മേഖലകളും ഡിജിറ്റലൈസ് ചെയ്യുമ്പോൾ, തെറ്റായ പ്രവണതകൾ തടയാൻ കഴിയുന്നില്ല. ബാങ്ക് തട്ടിപ്പുകൾ വ്യാപകമാണ്, ഇപ്പോൾ വിദ്യാഭ്യാസ മേഖലയിലും ഇതിന്റെ പ്രത്യാഘാതങ്ങൾ കാണുന്നുണ്ട്. ഡിജിറ്റലൈസേഷന് എതിരല്ല, എന്നാൽ അധ്യാപകർക്ക് കൃത്യമായ പരിശീലനവും വിലയിരുത്തലും നൽകിയ ശേഷം മാത്രം ഇത് നടപ്പിലാക്കണമെന്നാണ് പാർട്ടി പറയുന്നത്.
മണിപ്പൂരിലെ വിദ്യാഭ്യാസ മേഖലയുടെ സാധാരണ നിലയിലുള്ള പ്രവർത്തനം:
കഴിഞ്ഞ മൂന്ന് വർഷമായി മണിപ്പൂരിൽ അശാന്തി തുടരുകയാണ്. സ്‌കൂളുകളും കോളജുകളും ഉൾപ്പെടെ ഒന്നും തന്നെ അവിടെ സാധാരണ നിലയിൽ പ്രവർത്തിക്കുന്നില്ലെന്നും വിദ്യാർഥികൾ വലിയ മാനസിക സമ്മർദ്ദത്തിലാണെന്നും പ്രതിഷേധക്കാർ ചൂണ്ടിക്കാട്ടുന്നു.
മത്സരപ്പരീക്ഷകളിൽ നീതിയും വിശ്വാസ്യതയും ഉറപ്പാക്കുക:
നീറ്റ് പരീക്ഷയുടെ ചോദ്യപേപ്പർ ചോർന്നത് ലക്ഷക്കണക്കിന് വിദ്യാർഥികളുടെ ഭാവിയെയാണ് ബാധിച്ചത്. വർഷങ്ങളോളം കഠിനാധ്വാനം ചെയ്യുന്ന വിദ്യാർഥികൾക്ക് പരീക്ഷയുടെ വിശ്വാസ്യതയിൽ വലിയ ആശങ്കയുണ്ട്. വീണ്ടും പരീക്ഷയെഴുതാൻ അവരെ എങ്ങനെ പ്രേരിപ്പിക്കും എന്നതും വലിയൊരു ചോദ്യമാണെന്ന് പാർട്ടി പറയുന്നു..
വിദ്യാർഥികളെയും മാതാപിതാക്കളെയും ബാധിക്കുന്ന വിഷയങ്ങൾക്ക് മുൻഗണന:
പാർട്ടി ഭാവിയിൽ എങ്ങനെയായിരിക്കും എന്നതിലുപരി, വിദ്യാർഥികളെയും അവരുടെ വിദ്യാഭ്യാസത്തെക്കുറിച്ച് ആശങ്കപ്പെടുന്ന മാതാപിതാക്കളെയും ബാധിക്കുന്ന വിഷയങ്ങളാണ് ഈ പ്രസ്ഥാനം സംസാരിക്കുന്നത്.
ഉത്തരവാദിത്തം ഉറപ്പാക്കുകയും വിദ്യാർഥികളുടെ മാനസികാരോഗ്യത്തിൽ ശ്രദ്ധ കേന്ദ്രീകരിക്കുകയും ചെയ്യുക:
അമിത സമ്മർദം കാരണം ചില വിദ്യാർഥികൾ ആത്മഹത്യ ചെയ്യുന്നു, ലക്ഷക്കണക്കിന് പേർ മാനസിക സമ്മർദത്തിലാണ്. ഈ വിഷയങ്ങളിൽ സർക്കാർ മൗനം പാലിക്കുന്നത് അവസാനിപ്പിക്കണമെന്ന് പാർട്ടി ആവശ്യപ്പെടുന്നു.
നൂറുകണക്കിന് ആളുകളാണ് ഇന്ന് നടന്ന പ്രതിഷേധത്തിൽ പങ്കെടുത്തത്. കോക്രോച്ച് മാസ്ക് ധരിച്ചും കൈകളിൽ പൂക്കളുമായാണ് പ്രവർത്തകർ എത്തിയത്. 'ധർമേന്ദ്ര പ്രധാൻ രാജിവെക്കുക' എന്ന മുദ്രാവാക്യമുയർത്തിയും, പരീക്ഷാ ക്രമക്കേടുകൾക്കെതിരെയും വലിയ പ്രതിഷേധമാണ് ജന്തർ മന്ദറിൽ നടന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

