ഹിമാചലിൽ മേഘവിസ്ഫോടനത്തെതുടർന്നുണ്ടായ മിന്നൽ പ്രളയത്തിൽ അഞ്ചു മരണം, 16 പേരെ കാണാതായി
text_fieldsഷില്ലോങ്: ഹിമാചൽ പ്രദേശിലെ മന്ദി ജില്ലയിൽ കനത്ത മഴയിലും പ്രളയത്തിലും അഞ്ചു പേർ മരിച്ചു. 16 പേരെ കാണാതായി. ചൊവ്വാഴ്ച സംസ്ഥാനത്ത് 11 മേഘവിസ്ഫോടനങ്ങളും നാല് മിന്നൽ പ്രളയവും ഒരു മണ്ണിടിച്ചിലുമാണ് ഉണ്ടായത്. ഇതിൽ ഭൂരിഭാഗവും മന്ദി ജില്ലയിലാണ്.
തിങ്കളാഴ്ച വൈകുന്നേരം മുതൽ 253.8 മില്ലിമീറ്റർ മഴയാണ് ലഭിച്ചത്. മഴയെ തുടർന്ന് സംസ്ഥാനത്ത് 406 റോഡുകൾ അടച്ചിട്ടിട്ടുണ്ട്, ഇതിൽ 248 എണ്ണം മന്ദി ജില്ലയിലാണ്. കനത്ത മഴയെത്തുടർന്നുണ്ടായ മേഘവിസ്ഫോടനങ്ങളും പെട്ടെന്നുള്ള വെള്ളപ്പൊക്കവും ജില്ലയിൽ വ്യാപക നാശനഷ്ടങ്ങൾ ഉണ്ടാക്കിയിട്ടുണ്ട്.
ദേശീയ ദുരന്ത നിവാരണ സേന (എൻ.ഡി.ആർ.എഫ്), സംസ്ഥാന ദുരന്ത നിവാരണ സേന (എസ്.ഡി.ആർ.എഫ്), പൊലീസ് തുടങ്ങിയവർ ജില്ലയിൽ തിരച്ചിൽ നടത്തുകയാണ്. ജില്ലയിലെ എല്ലാ നദികളും അരുവികളും നിറഞ്ഞൊഴുകുകയാണ്, ബിയാസ് നദിക്ക് മുകളിലുള്ള പാണ്ഡോ അണക്കെട്ടിൽ നിന്ന് 1.5 ലക്ഷത്തിലധികം ക്യൂസെക്‌സ് വെള്ളം തുറന്നുവിട്ടിട്ടുണ്ട്.
പാണ്ഡോ അണക്കെട്ടിന്റെ ജലനിരപ്പ് 2,941 അടി എന്ന അപകടനിലയിൽ 2,922 അടിയിലെത്തിയ ശേഷമാണ് വെള്ളം തുറന്നുവിട്ടത്. ജൂൺ 20 ന് മൺസൂൺ ആരംഭിച്ചതിനുശേഷം ഇതുവരെ ഹിമാചൽ പ്രദേശിന് 500 കോടി രൂപയുടെ നഷ്ടം സംഭവിച്ചിട്ടുണ്ടെന്ന് മുഖ്യമന്ത്രി സുഖ്‌വീന്ദർ സിങ് പറഞ്ഞു. പ്രശസ്ത വിനോദ സഞ്ചാര കേന്ദ്രമായ ഷിംലയിലും മഴ നാശം വിതച്ചു. 5 നില കെട്ടിടം തകർന്നു. മലകളിലേക്ക് അനാവശ്യ യാത്രകൾ ഒഴിവാക്കണമെന്ന് ഗവൺമെന്‍റ് മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

