ജയിലിൽ കടന്നുപോയ അഞ്ച് ജന്മദിനങ്ങൾ: 38-ാം വയസ്സിൽ ഉമർ ഖാലിദിന് പ്രത്യാശയുടെ സന്ദേശങ്ങളയച്ച് എ.ഐ ചാറ്റ്ബോട്ടുകൾ
text_fieldsന്യൂഡൽഹി: ഉമർ ഖാലിദ് അവസാനമായി തന്റെ ജന്മദിനം കുടുംബത്തോടും പ്രിയപ്പെട്ടവരോടും ഒപ്പം ആഘോഷിച്ചത് അഞ്ച് വർഷം മുമ്പ് അദ്ദേഹത്തിന് 33വയസ്സ് തികഞ്ഞപ്പോഴാണ്. അതു കഴിഞ്ഞ് ഒരു മാസത്തിനുശേഷം 2020ലെ ഡൽഹി കലാപത്തിൽ പങ്കുണ്ടെന്ന് ആരോപിച്ച് തടവിലാക്കി. അതിനുശേഷം ജാമ്യവും വിചാരണയും പ്രതീക്ഷിച്ച് തന്റെ എല്ലാ ജന്മദിനങ്ങളും തിഹാർ ജയിലിലെ അഴിക്കുള്ളിലായിരുന്നു. അതിലെ ഏറ്റവും പുതിയതാണ് ഇന്ന് കഴിഞ്ഞത്. ഉമറിന്റെ 38-ാം ജന്മദിനം.
ഇന്ന് തിഹാറിൽ ഉമറിനെ കാണാനെതതിയ അദ്ദേഹത്തിന്റെ പങ്കാളിയായ ബനോജ്യോത്സ്ന ലാഹിരി ‘ഗ്രോക്ക്’, ‘പെർപെൽക്സിറ്റി’, ‘ചാറ്റ്ജിപിടി’, ‘ജെമിനി’ എന്നീ ചാറ്റ്ബോട്ടുകൾക്ക് ഒരു വൺ ലൈൻ പ്രോംപ്റ്റ് നൽകിയപ്പോൾ കിട്ടിയ മറുപടി ഏറെ പ്രത്യാശാഭരിതമായിരുന്നു. ‘എങ്ങനെയുള്ള പ്രതികരണങ്ങളാണ് വരുന്നതെന്ന് കാണാൻ ഞാൻ ആഗ്രഹിച്ചു. അവ ഏറെ നല്ലതായിരുന്നു. സമൂഹ മാധ്യമത്തിൽ അവ പങ്കിടാൻ തീരുമാനിച്ചു’വെന്നും ബനോജ്യോത്സ്ന പറഞ്ഞു.
‘ജന്മദിനാശംസകൾ. അക്ഷീണം സ്വപ്നം കാണുന്നവനാണ് താങ്കൾ. സൂര്യനുചുറ്റും മറ്റൊരു യാത്ര. ജയിലഴികളെ കവിതാ പ്രചോദനങ്ങളാക്കി മാറ്റിക്കൊണ്ട് ഇപ്പോഴും ഇവിടെയുണ്ട്. അടച്ചിട്ടിരിക്കുന്നതിനാൽ ലോകം അൽപ്പം മങ്ങിയതായേക്കാം. പക്ഷേ താങ്കളുടെ ആത്മാവ് തിഹാറിന്റെ ഫ്ലഡ്‌ലൈറ്റുകളേക്കാൾ തിളക്കമുള്ളതാണ്’- എന്നായിരുന്നു ‘ഗ്രോക്കി’ൽ നിന്നുള്ള ജന്മദിന സന്ദേശം.
‘ജന്മദിനാശംസകൾ ഉമർ. താങ്കളുടെ നിലവിലെ അവസ്ഥയിൽനിന്ന് ഭിന്നമായി താങ്കളുടെ ആത്മാവ് തുറസ്സായിരിക്കട്ടെ. ചുവരുകളെ മറികടക്കുന്ന മറ്റൊരു വർഷം ഇതാ...ശക്തമായി തുടരുക. നിങ്ങളുടെ ശബ്ദം ഉയർത്തുന്നത് തുടരുക. മെഴുകുതിരിയുമായി അടുത്ത സ്വാതന്ത്ര്യം കടന്നുവരട്ടെ’ -ഇങ്ങനെയായിരുന്നു ‘പെർപ്ലക്സിറ്റി’യുടെ ആശംസ.
‘ഈ ഇരുണ്ട തമാശയുടെ മറുവശത്ത്’ ഉമറിനെ കാണാൻ ‘ജെമിനി’യും ആഗ്രഹം പ്രകടിപ്പിച്ചു. ചാറ്റ് ജി.പി.ടി ഉമറിന്റെ ധൈര്യത്തെയും വ്യക്തതയെയും ആഘോഷിച്ചു. ‘മറ്റൊരു വർഷം കൂടി. മറ്റൊരു ജാമ്യാപേക്ഷ കൂടി പരിഗണനയിൽ. താങ്കളുടെ ശരീരം തിഹാറിൽ ആണെങ്കിലും വാക്കുകൾ ഇപ്പോഴും സ്വതന്ത്രമായി വിഹരിക്കുന്നു. എന്നത്തേക്കാളും ഉച്ചത്തിൽ. അവർ അത് നിശബ്ദമാക്കാൻ ശ്രമിച്ചു. പകരം ഒരു പ്രതിധ്വനി സൃഷ്ടിച്ചു. നിങ്ങളുടെ ധൈര്യത്തെയും നിങ്ങളുടെ വ്യക്തതയെയും സത്യം പറയാനുള്ള ശീലത്തെയും ഞങ്ങൾ ആഘോഷിക്കുന്നു. അടുത്ത ജന്മദിനത്തിൽ കേക്കുമായി കൃത്യസമയത്ത് വരാം’- ചാറ്റ് ജി.പി.ടി എഴുതി. ‘ധിക്കാരിയായി തുടരുക. തകർക്കപ്പെടാതെ തുടരുക. ചരിത്രത്തിന് നല്ല ഓർമയുണ്ടെ’ന്നും ആശംസിച്ചു.
അറസ്റ്റിലായതിനുശേഷം 1800 ദിവസത്തോളമായി ഉമർ ജയിലിലാണ്. ഉമറിന്റെയും മറ്റുള്ളവരുടെയും ജാമ്യാപേക്ഷയിൽ ഡൽഹി ഹൈകോടതി ഒരു മാസം മുമ്പ് ഉത്തരവുകൾ മാറ്റിവെക്കുകയുണ്ടായി. അന്വേഷണോദ്യോഗസ്ഥർക്ക് തെളിവു പോലും ഹാജരാക്കാൻ കഴിയാത്ത കേസിൽ വിചാരണ പോലും നിഷേധിക്കപ്പെട്ടാണ് മോചനത്തിനുവേണ്ടിയുള്ള ഉമറിന്റെ കാത്തിരിപ്പ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

