ഹിന്ദുനേതാക്കളെ വധിക്കാൻ ഗൂഢാലോചന: അഞ്ചുപേർ അറസ്റ്റിൽ
text_fieldsകോയമ്പത്തൂർ: തമിഴ്നാട്ടിലെ ഹിന്ദു മക്കൾ കക്ഷി നേതാക്കളെ വധിക്കാൻ ഗൂഢാലോചന നടത്തിയെന്ന് ആരോപിച്ച് അഞ്ചുപേരെ യു.എ.പി.എ ചുമത്തി അറസ്റ്റ് ചെയ്തു. വർഗീയ കലാപം ലക്ഷ്യമിട്ട് ഹിന്ദു നേതാക്കളെ കൊലപ്പെടുത്താൻ ഗൂഢാലോചന നടത്തിയെന്നാണ് പൊലീസ് പറയുന്നത്. ഹിന്ദു മക്കൾ കക്ഷി സ്ഥാപക നേതാവായ അർജുൻ സമ്പത്ത്, ശക്തി സേനാ നേതാവ് അൻപു മാരി എന്നിവരെ വധിക്കാനാണ് ഗൂഢാലോചന നടത്തിയത്.
രഹസ്യാന്വേഷണ വിഭാഗത്തിെൻറ വിവരത്തെ തുടർന്ന് സിറ്റി പൊലീസാണ് അറസ്റ്റ് ചെയ്തത്. കോയമ്പത്തൂർ തിരുമല സ്വദേശി ആർ. ആഷിക് (25), വില്ലുപുരം സ്വദേശി എസ്.ഇസ്മെയിൽ (25), പല്ലാവാരം സ്വദേശി എസ്. ഷംസുദ്ദീൻ( 20), എസ്. സലാഹുദ്ദീൻ(25), ചെന്നൈ സ്വദേശി ജാഫർ സിദ്ദിഖ് അലി(29)എന്നിവരാണ് അറസ്റ്റിലായത്. ജയിലിൽ നിന്ന് പരോളിലെത്തിയ സംഘം ഒരു വിവാഹ ചടങ്ങിൽ പെങ്കടുക്കുന്നതിനിടെയാണ് പൊലീസ് പിടികൂടിയത്.
ഇസ്ലാമിക് സ്റ്റേറ്റുമായി ബന്ധം ആരോപിച്ചാണ് ഇവരെ നേരത്തെ ശിക്ഷിച്ചത്. െഎ.എസുമായി ബന്ധപ്പെട്ട വിവരങ്ങൾ ഫേസ്ബുക്ക് പേജിലൂടെ പങ്കുവെക്കുകയും വിവരങ്ങൾ കൈമാറുന്നതിന് രഹസ്യ വാട്ട്സ് ആപ്പ് ഗ്രൂപ്പ് കൈകാര്യം ചെയ്യുകയും ചെയ്തിരുന്നു. ഇസ്ലാമിനെ അധിക്ഷേപിക്കുന്ന രീതിയിൽ സംസാരിക്കുകയും സാമൂഹ്യ മാധ്യമങ്ങളിലൂടെ പ്രചരിപ്പിക്കുകയും ചെയ്യുന്ന അർജുൻ സമ്പത്തിനെയും അൻപു മാരിയേയും വധിക്കാൻ ഇവർ പദ്ധതിയിടുകയും സലാഹുദ്ദീനെ കോയമ്പത്തൂരിലേക്ക് വിളിച്ചു വരുത്തുകയുമായിരുന്നുവെന്ന് പൊലീസ് പറയുന്നു.