ഈ വർഷം 11,000 കോടി രൂപയുടെ കള്ളപ്പണവും 461 കിലോ മയക്കുമരുന്നും പിടിച്ചെടുത്തതായി എഫ്.ഐ.യു
text_fieldsന്യൂഡൽഹി: ഈ വർഷം മാത്രം 11,000 കോടി രൂപയുടെ കള്ളപ്പണം പിടിച്ചെടുത്തതായി ഫൈനാൻഷ്യൽ ഇൻ്റലിജൻസ് യൂണിറ്റ് ഇന്ത്യ (എഫ്.ഐ.യു-ഐ.എൻ.ഡി). എഫ്.ഐ.യു-ഐ.എൻ.ഡി ഏജൻസികളുടെ സംയുക്‌ത പരിശോധനയിലാണ് 10,998 കോടി രൂപയുടെ കണക്കില്‍ പെടാത്ത വരുമാനം കണ്ടെത്തിയതെന്ന് ധനകാര്യ മന്ത്രാലയം അറിയിച്ചു.
2,763 കോടി രൂപയുടെ അനധികൃതമായി സമ്പാദിച്ച പണവും 983.4 കോടി രൂപയുടെ അനധികൃത സ്വത്തുക്കളുമാണ് കണ്ടുകെട്ടിയത്. ഏജൻസിയുടെ കണക്ക് പ്രകാരം 461 കിലോഗ്രാം മയക്കുമരുന്നുപോലുള്ള ലഹരി വസ്തുക്കൾ പിടിച്ചെടുത്തതിനെ തുടർന്ന് 39.14 കോടി രൂപ പിഴ ഇനത്തില്‍ ഈടാക്കിയിട്ടുണ്ട്. കള്ളപ്പണം വെളുപ്പിക്കൽ, തീവ്രവാദ ധനസഹായം, മറ്റ് കുറ്റകൃത്യങ്ങൾ എന്നിവയിൽ 184 പേരെ അറസ്‌റ്റ് ചെയ്‌തതായും മന്ത്രാലയം വ്യക്തമാക്കി.
നികുതിവെട്ടിപ്പ് തടയുന്നതിനായി, സംശയകരമായ സാമ്പത്തിക ഇടപാടുകളുടെ വിവരങ്ങൾ ധനമന്ത്രാലയത്തിനു കീഴിലുള്ള ദേശീയ ഏജൻസിയായ എഫ്.ഐ.യു-ഐ.എൻ.ഡി ആണ് പരിശോധിക്കുന്നത്. എൻഫോഴ്‌സ്‌മെൻ്റ്, വിദേശ എഫ്.ഐ.യു എന്നിവിടങ്ങളിലെ റിപ്പോര്‍ട്ടുകളും എഫ്.ഐ.യു പരിശോധിക്കും.
കള്ളപ്പണം വെളുപ്പിക്കൽ, തീവ്രവാദത്തിന് ധനസഹായം നൽകൽ എന്നിവയ്ക്കെതിരായ കേസുകളില്‍ ഇൻ്റലിജൻസ്, എൻഫോഴ്‌സ്‌മെൻ്റ് ഏജൻസികളെ ഏകോപിപ്പിക്കുന്നത് ഫൈനാൻഷ്യൽ ഇൻ്റലിജൻസ് യൂണിറ്റ് ആണ്. ധനമന്ത്രി നിർമ്മല സീതാരാമൻ്റെ നേതൃത്വത്തിലുള്ള ഇക്കണോമിക് ഇൻ്റലിജൻസ് കൗൺസിലിനെ (ഇ.ഐ.സി) നേരിട്ട് റിപ്പോർട്ട് ചെയ്യുന്ന സ്വതന്ത്ര സ്ഥാപനം കൂടിയാണ് എഫ്.ഐ.യു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

