ആദ്യ വനിത രാഷ്ട്രപതി വീട്ടിലിരുന്ന് വോട്ട് ചെയ്യും
text_fieldsമുംബൈ: 90കാരിയും രോഗബാധിതയുമായ മുൻ രാഷ്ട്രപതി പ്രതിഭ പാട്ടീൽ ലോക്സഭ തെരഞ്ഞെടുപ്പിൽ വീട്ടിലിരുന്ന് വോട്ട് ചെയ്യും. പുണെ മണ്ഡലത്തിലാണ് വോട്ട്. മേയ് 13നാണ് ഇവിടെ വോട്ടെടുപ്പ്. പ്രായവും ആരോഗ്യവും ചൂണ്ടിക്കാട്ടി വീട്ടിലിരുന്നു വോട്ട് ചെയ്യാൻ അനുവദിക്കണമെന്ന് ജില്ല ഭരണകൂടത്തിന് പ്രതിഭ പാട്ടീലിന്റെ ഓഫിസ് അപേക്ഷ നൽകുകയായിരുന്നു. അപേക്ഷയോട് ജില്ല ഭരണകൂടം അനുകൂലമായാണ് പ്രതികരിച്ചതെന്ന് ഓഫിസ് വൃത്തങ്ങൾ അറിയിച്ചു. നെഞ്ചിൽ അണുബാധയെ തുടർന്ന് അടുത്തിടെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു. പുണെയിലെ കോത്രുഡിലാണ് താമസം. ആദ്യ വനിത രാഷ്ട്രപതിയാണ് (2007-2012) പ്രതിഭ പാട്ടീൽ. 80 കഴിഞ്ഞവർക്കും 40 ശതമാനത്തിലേറെ അംഗവൈകല്യമുള്ളവർക്കും വീട്ടിലിരുന്ന് വോട്ട് ചെയ്യാനുള്ള അവസരം ഈ വർഷം മുതലാണ് കേന്ദ്ര തെരഞ്ഞെടുപ്പ് കമീഷൻ നടപ്പാക്കുന്നത്.

