ചരിത്രത്തിലാദ്യമായി സുപ്രീംകോടതി ലൈബ്രറിയിൽ അഭിഭാഷകയുടെ ഛായാചിത്രം
text_fieldsന്യൂഡൽഹി: 67 വർഷത്തെ ചരിത്രത്തിലാദ്യമായി സുപ്രീംകോടതി ലൈബ്രറിയിൽ ഒരു അഭിഭാഷകയുടെ ഛായാചിത്രം സ്ഥാനം പിടിച്ചു. നിയമവൃത്തങ്ങളിൽ പൊതുതാൽപര്യ ഹരജികളുടെ മാതാവ് എന്നറിയപ്പെടുന്ന കപില ഹിംഗോരണിയുടെ കളർചിത്രമാണ് നിയമരംഗത്തെ മഹാരഥന്മാരായ എം.സി സെതൽവാദ്, സി.കെ. ദഫ്ത്രി ആർ.കെ. ജെയ്ൻ എന്നിവരോടൊപ്പം ലൈബ്രറിയിൽ ഇടം പിടിച്ചത്.
ഈ തീരുമാനമെടുക്കാൻ നാം വളരെ വൈകിപ്പോയിയെന്ന് ഛായാപടം പ്രകാശനം ചെയ്ത ചീഫ് ജസ്റ്റിസ് ദീപക് മിശ്ര പറഞ്ഞു. ശബ്ദമില്ലാത്തവരുടെ ശബ്ദമായി മാറി അവർക്ക് നീതി ലഭിക്കാൻ അഹോരാത്രം കഷ്ടപ്പെട്ട കപില ഹംഗോരിണിയെ ആദരിക്കാൻ നാം ഏറെ വൈകിപ്പോയിയെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.
ബ്രിട്ടനിലെ കാർഡിഫ് നിയമസ്കൂളിൽ നിന്നും പഠനം പൂർത്തിയാക്കിയ ആദ്യ അഭിഭാഷകയായിരുന്ന കപിലയാണ് 1979ൽ ആദ്യമായി സുപ്രീംകോടതിയിൽ പൊതുതാൽപര്യ ഹരജി ഫയൽ ചെയ്തത്.
വിചാരണ കാത്ത് ജയിലിൽ കഴിയുന്ന തടവുകാർക്ക് വേണ്ടിയായിരുന്നു കപിലയുടെ ആദ്യ ഹരജി. ശിക്ഷയായി ലഭിക്കാവുന്ന കാലയളവിനേക്കാൾ കൂടുതൽ ജയിലിൽ ചിലവഴിച്ചിട്ടും വിചാരണ പോലും നടത്താതെ കഴിഞ്ഞിരുന്ന ഇവർക്ക് വേണ്ടിയാണ് കപില ഹരജി നൽകിയത്. കപിലയുടെ ഹരജി മൂലം ഇങ്ങനെ ജയിലിൽ കഴിഞ്ഞിരുന്ന വിചാരണ തടവുകാരുടെ നടപടികൾ വേഗത്തിലാകുകയും 40,000ത്തോളം പേരെ വിട്ടയക്കുകയും ചെയ്തു.
1927ൽ നെയ്റോബിയിൽ ജനിച്ച കപില മഹാത്മാഗാന്ധിയുടെ പ്രവർത്തനങ്ങളിൽ ആകൃഷ്ടയായാണ് പൊതുരംഗത്തിറങ്ങിയത്. ഇവർ സുപ്രീംകോടതിയിലെത്തുമ്പോൾ മൂന്ന് വനിതകൾ മാത്രമായിരുന്നു ഇവിടെ അഭിഭാഷകരായുണ്ടായിരുന്നത്. 60 വർഷത്തെ സ്തുത്യർഹമായ അഭിഭാഷക വൃത്തിക്കൊടുവിൽ 2013ൽ ലോകത്തോട് വിട പറയുമ്പോൾ കപിലക്ക് 86 വയസ്സായിരുന്നു.
ഇവരുടെ മൂന്ന് മക്കളും സുപ്രീംകോടതി അഭിഭാഷകരാണ്. കപിലക്ക് ബ്രിട്ടനിൽ ബാരിസ്റ്ററായി തുടരാമായിരുന്നുവെങ്കിലും അവർ ഇന്ത്യ തെരഞ്ഞെടുക്കുകയായിരുന്നുവെന്ന് സുപ്രീംകോടതി ബാർ അസോസിയേഷൻ പ്രസിഡന്‍റ് രുപീന്ദർ സുരി പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
